ഒറ്റയ്ക്കിരിക്കുന്നു; കവിത , പ്രസാദ് കുറ്റിക്കോട്

Feb 15, 2021 - 14:00
Mar 16, 2023 - 12:48
 0  366
ഒറ്റയ്ക്കിരിക്കുന്നു; കവിത , പ്രസാദ് കുറ്റിക്കോട്

ഒറ്റയ്ക്കിരിക്കുന്നു ഇലകൾ കൊഴി-
ഞ്ഞൊരാ, വേനലിൽ ചില്ലയിൽ
ഓർമ്മകൾ കൊത്തിപ്പെറുക്കുന്ന ചുണ്ടുമായി
ഉയർന്നുയർന്നങ്ങനെയാകാശ സീമകൾ
ഭേദിച്ച കാലത്ത്
ചുറ്റിലും, ആളുണ്ട-നക്കമുണ്ട്
ചിറകൊച്ചകൾ വിജയഭേരികളുണ്ട്
ഹരിതാഭയോലുന്ന ചില്ലയിൽ
മങ്ങാത്ത വർണ്ണവസന്തമുണ്ട്
കുളിരിന്നു കൂട്ടായി പ്രണയമുണ്ട്

നശ്വരം ജീവനും ദേഹവും
നൈമിഷികം സുഖദുഃഖഭാവം
എത്ര നൈസർഗികം ജീവബോധം
ഓർമ്മകൾ വൃഥാവിലെങ്കിലും ഓർക്കാതിരി-
ക്കുമോ ഹൃദയാഗ്നിയിലെരി-
യുന്ന ചിന്തുകൾ ബാക്കി നിൽക്കേ...

ഹിമം പോലുറഞ്ഞും ശിലയായ് തറഞ്ഞും
കരുണ വറ്റിക്കടന്നുപോയ് കാലം
നിരർത്ഥം പിറന്നോരു കവിത പോൽ
ജീവിതം, അർത്ഥം മുറിഞ്ഞോരു വാക്യമായി
തൂവൽ നരച്ചു ശൂർപ്പങ്ങൾ കൊഴിഞ്ഞു
കൊക്കിന്റെയഗ്രങ്ങൾ തേഞ്ഞു
ഇണയില്ല തുണയില്ല ചുറ്റിലും,
വിഷാദക്കറുപ്പ് മാത്രം
വറ്റാത്ത മിഴിനീരുറവകൾ ബാക്കിയായി
തൊണ്ടയിൽ പിടയുമൊരേകാന്ത
രോദനം ബാക്കിയായി
നൊന്തുവെന്തൊരു സ്വപ്നമിന്ന്
ചത്തുചീർത്ത ജഡങ്ങൾ പോലെ
കരവിട്ട് കടലാഴങ്ങൾ തേടി

ഏതോ നരച്ച കിനാവിൻ കൊടുങ്കാറ്റു വീശി
ദ്രവിച്ച ചില്ലയുടെ മർമ്മരം കേട്ടു
പാതിയടഞ്ഞ മിഴികളിൽ ഭയം
ജീവിതാസക്തി തീർക്കേ,
ഒറ്റയ്ക്കിരിക്കുന്നു ഇലകൾ കൊഴി-
ഞ്ഞൊരാ, വേനലിൽ ചില്ലയിൽ
ഓർമ്മകൾ കൊത്തിപ്പെറുക്കുന്ന ചുണ്ടുമായി...

പ്രസാദ് കുറ്റിക്കോട്