അഭിമാന ജയം : ഡോ. ആനി പോൾ  നാലാം തവണയും  റോക്ക് ലൻഡ് കൗണ്ടിയുടെ  വൈസ് ചെയർ 

അഭിമാന ജയം : ഡോ. ആനി പോൾ  നാലാം തവണയും  റോക്ക് ലൻഡ് കൗണ്ടിയുടെ  വൈസ് ചെയർ 
 
സെബാസ്റ്റ്യൻ ആന്റണി 
 
ന്യൂയോർക്ക് : അമേരിക്കൻ കുടിയേറ്റ ചരിത്രത്തിൽ വീണ്ടും ചരിത്രമെഴുതി  ഡോ.ആനി പോൾ റോക്ക് ലൻഡ് കൗണ്ടി ലെജിസ്ലേച്ചറായി  എതിരില്ലാതെ നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടു.അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തെ റോക്ക്‌ലന്‍ഡ് കൗണ്ടിയുടെ നിയമസഭാ വൈസ് ചെയറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വനിതയെന്ന ഖ്യാതിയും ഡോ . ആനി പോളിന്  സ്വന്തം. നാലാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. ആനി പോള്‍ വൈസ് ചെയറായി ചുമതലയേറ്റു. കഠിനാധ്വാനം ചെയ്താല്‍ വിദേശമണ്ണിലെ രാഷ്ട്രീയത്തിലും ഇന്ത്യക്കാര്‍ക്ക് ചുവടുറപ്പിക്കാനാകുമെന്നാണ് ആനി പോളിന്‍റെ പക്ഷം.

 
സത്യപ്രതിജ്ഞാ ചടങ്ങ് ജനുവരി മൂന്നിന്  ന്യൂസിറ്റിയിലെ കൗണ്ടി ഹാളിൽ വച്ച് നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യംവഹിക്കാൻ വിവിധ സ്റ്റേറ്റ്കളിൽ നിന്നും   ഡോ.  ആനി പോളിന്‍റെ   കുടുംബാംഗങ്ങളും, ഒട്ടേറെ സംഘടനാ പ്രവർത്തകരും,സുഹൃത്തുക്കളും എത്തി. അമേരിക്കൻ ഭരണഘടനയും നിയമങ്ങളും പാലിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പുറമെ കൗണ്ടി നിയമങ്ങളും ചട്ടങ്ങളും സംരക്ഷിക്കുകയും ജനങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് വലതുകരമുയർത്തി മറ്റ് ലെജിസ്ലേറ്റർമാർക്കൊപ്പം ആനി പോളും സത്യപ്രതിജ്ഞ ചെയ്തതോടെ അടുത്ത നാല് വർഷത്തെ കൗണ്ടിയുടെ ജനജീവിതത്തിലെ ഭാഗധേയം നിർണ്ണയിക്കാനുള്ള ചുമതലയിലേക്കുയർത്തപ്പെട്ടു.
തുടർന്ന് ഡിസ്ട്രിക്റ്റ് അടിസ്ഥാനത്തിൽ കൗണ്ടി ക്ലാർക്ക് ഓരോരുത്തരെയായി ആമുഖ പ്രസംഗം നടത്തുവാനും, രജിസ്റ്ററിൽ ഒപ്പിടുവാനും ക്ഷണിച്ചു.മകൾ നടാഷായുടെ കയ്യിലെ ബൈബിളില്‍ തൊട്ട് സത്യപ്രതിഞ്ജ ചെയ്ത ഡോ. ആനി പോള്‍  എല്ലാവര്‍ക്കും നന്ദി പറഞ്ഞു. കഴിഞ്ഞ നാല്  വര്‍ഷമായി വൈസ് ചെയർ എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തിയുണ്ട്. വൈസ് ചെയര്‍ സ്ഥാനത്തും സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനം തുടരും, ഡോ .ആനി പോൾ പറഞ്ഞു .