തിരഞ്ഞെടുപ്പ് കമ്മീഷൻ: അസമയത്തെ രാജി ഉയർത്തുന്ന ചോദ്യങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് ഒരുക്കങ്ങൾ പൂർത്തിയാകവേ തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തു നിന്ന് അരുൺ ഗോയലിന്റെ രാജി രാജ്യത്ത് അമ്പരപ്പുളവാക്കിയിട്ടുണ്ട്. കമ്മിഷന്‍റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന നടപടിക്കെതിരെ പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നത് സ്വാഭാവികം. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ അടക്കം മൂന്നു കമ്മിഷണർമാരാണ് സാധാരണ നിലയിൽ ഈ ഭരണഘടനാ സ്ഥാപനത്തിലുണ്ടാവേണ്ടത്. ഇതിൽ അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചതിനാൽ ഒരംഗത്തിന്‍റെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ഇപ്പോൾ അരുൺ ഗോയൽ കൂടി രാജിവച്ചതോടെ ശേഷിക്കുന്നത് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറായ രാജീവ് കുമാർ മാത്രം.
ജനാധിപത്യത്തിന്റെ ഉത്സവമായ തെരഞ്ഞെടുപ്പുകളുടെ ചുക്കാൻപിടിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് നിഷ്പക്ഷമായ ഘടനയും പ്രവർത്തനവും ഉപാധികളാണ്. എന്നാൽ, ഇപ്പോൾ സംഭവിച്ച രാജിയും അതുമായി ബന്ധപ്പെട്ട ദുരൂഹതകളും കമീഷന്റെ പ്രതിച്ഛായക്ക് ഏല്പിച്ച കളങ്കം ഒട്ടും ചെറുതല്ല. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നു സർക്കാർവൃത്തങ്ങൾ പറയുമ്പോഴും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായുണ്ടായ അഭിപ്രായ ഭിന്നതകളാണ് രാജിക്ക് കാരണമെന്നും അതല്ല തിരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജിയെന്നും പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തതയില്ല.
തെരഞ്ഞെടുപ്പു പ്രക്രിയയിൽ നിഷ്പക്ഷമായും നിർഭയമായും കർശനമായും മേൽനോട്ടം വഹിക്കുന്നതിൽ ഇലക്ഷൻ കമ്മീഷന്റെ പങ്ക് സുപ്രധാനമാണ് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിൻ്റെ വിശ്വാസ്യത സംരക്ഷിക്കുന്നതിന് ശക്തവും സ്വതന്ത്രവുമായ ഇലക്ഷൻ കമ്മീഷൻ കൂടിയേ തീരൂ . ഇലക്ഷൻ കമ്മീഷനെ ശക്തിപ്പെടുത്താൻ 1990-1996 കാലഘട്ടത്തിൽ ഉത്തരവാദിത്വത്തോടെ, നിഷ്പക്ഷമായി ഈ പദവിയിൽ സേവനമനുഷ്ഠിച്ച മുൻ സിഇസി ടിഎൻ ശേഷനെപ്പോലെയുള്ള ഒരു വ്യക്തിയുടെ അഭാവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് . ശേഷൻ്റെ സത്യസന്ധതയും നിഷ്പക്ഷതയും നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ മാറ്റിമറിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് രാജ്യം മറന്നിട്ടില്ല .
പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ (സിജെഐ) എന്നിവരടങ്ങുന്ന ഒരു കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കണമെന്ന് 2023 മാർച്ചിലെ ഒരു വിധിന്യായത്തിൽ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും മൂന്നാമത്തെ അംഗത്തെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയാക്കുകയും ചെയ്ത് സർക്കാർ ഒരു നിയമം പാസാക്കി. അതിനാൽ, മൂന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കുന്നതിൽ സർക്കാരിന് എല്ലായ്പ്പോഴും ഭൂരിപക്ഷമുണ്ടാകുന്ന അവസ്ഥയാണുള്ളത് .
തെരഞ്ഞെടുപ്പു കമ്മിഷന് ഏറെ ഉത്തരവാദിത്വങ്ങളും തിരക്കുകളും ഉള്ള കാലമാണ് പൊതുതെരഞ്ഞെടുപ്പുകാലം. രാജ്യത്തെ ജനാധിപത്യ സംവിധാനത്തോട് കമ്മിഷനുള്ള ഉത്തരവാദിത്വം ഭാരിച്ചതാണ് .
സ്വതന്ത്രമായും സുതാര്യമായും സത്യസന്ധമായും തെരഞ്ഞെടുപ്പു നടത്താനാവുന്നില്ലെങ്കിൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം നിലനിൽക്കുന്ന രാജ്യത്തെ 140 കോടി ജനങ്ങൾക്ക് കമ്മിഷനിലുള്ള വിശ്വാസ്യതയ്ക്കാണ് കോട്ടം സംഭവിക്കുക. അതിന് ഇടവരുത്താതിരിക്കേണ്ടത് കമ്മിഷൻ അംഗങ്ങളുടെ ചുമതലയാണ്. കമ്മിഷനു സുഗമമായി പ്രവർത്തിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്വവുമാണ്. പുതിയ രണ്ടു തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ ഉടനെ നിയമിച്ചേക്കുമെന്നാണ് അഭ്യൂഹം. പുതുതായി ചുമതലയേൽക്കുന്ന കമ്മീഷണർമാർക്ക് ഉടൻ തന്നെ ദേശീയ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ കമ്മിഷന്‍റെ പ്രവർത്തനം ദുർബലപ്പെടുത്താനാണു സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത് .അരുൺ ഗോയലിന്റെ രാജി പ്രതിപക്ഷത്തിന്‍റെ ആരോപണം കൂടുതൽ ശക്തിപ്പെടുത്താനേ ഉപകരിച്ചിട്ടുള്ളു. അതങ്ങനെയല്ല എന്നു ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതു സർക്കാരിന്റെയും കമ്മീഷന്റെയും ബാധ്യതയാണ് .