പുസ്തക താളുകൾക്കുമപ്പുറം: അദ്ധ്യായം 1, സപ്ന അനു ബി ജോർജ്

Nov 16, 2026 - 12:37
Nov 16, 2026 - 12:40
 0  10
പുസ്തക താളുകൾക്കുമപ്പുറം: അദ്ധ്യായം 1, സപ്ന അനു ബി ജോർജ്

കാലം വരച്ച മുഖങ്ങൾ

രാവിലെ തന്നെ കാപ്പിക്കപ്പും  വാട്ട്സാപ്പുമായി ഇരിക്കുക എന്നത് പലതരമായ സ്കൂൾ കോളേജ് അലൂമിനി ഗ്രൂപ്പുകൾ തുടങ്ങിയതിൽപ്പിന്നെ ഒരു സ്ഥിരം ഏർപ്പാടായിരുന്നു. പൂർവ്വകാലത്തിലെ വിദ്യാലയസൗഹൃദങ്ങൾ കാലത്തിനൊപ്പം ഒരുമിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പുകളൊന്നിൽ ഞാനും പെട്ടുപോയിട്ട് കുറച്ച് നാളുകളായി. എന്തൊക്കെപ്പറഞ്ഞാലും കൂടെപ്പഠിച്ച കൂട്ടുകാർ അതും ഒന്നാം ക്ലാസ്സ് മുതലുള്ളവർ പലരും ആ ഗ്രൂപ്പിലുണ്ടായിരുന്നു.ബേക്കർ കോട്ടയം,വർക്കല സ്‌കൂൾ,കോട്ടൺഹിൽ തിരുവനന്ദപുരം ഹൈസ്‌കൂൾ, ആൾസെയിന്റ്‌സ് കോളേജ്,സി എം എസ്സ് കോളേജ്,പിന്നെ കോട്ടയത്തെ നൈനാൻസ്! പോസ്റ്റ് ഗ്രാജുവേഷൻ എന്നത് ഒരു വലിയ സ്വപ്‌നം ആയിരുന്നു.പറഞ്ഞറിയിക്കാൻ മേലാത്തൊരു ആഗ്രഹം. പക്ഷെ അതിലേക്ക് നടന്നടുത്തപ്പോൾ കൂടെയുണ്ടാകും എന്ന് കരുതിയവർ അകന്നകന്നു പോയിരുന്നു പലകാരണങ്ങളാൽ! കണ്ടു വന്നിരുന്ന സ്വപ്‌നങ്ങൾ കരിഞ്ഞെരിഞ്ഞില്ലാതെയായിത്തീരും എന്ന് ഏതാണ്ട്  തീർച്ചയായി.എന്നിട്ടും മനസ്സിൽ ആ സ്വപ്‌നം മായാതെ കിടന്നു. ഒരു കോളേജ് അദ്ധ്യാപികയാവുക. ഇംഗ്ലീഷ് തന്നെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയായിത്തീരുക എന്ന സ്വപ്‌നം എന്റേത് മാത്രമായിരുന്നില്ല, എന്റെ അമ്മയുടേതും കൂടിയായിരുന്നു.

ബാല്യകൗമാരങ്ങളിൽ സംസാരങ്ങൾ മനസ്സിലായിത്തുടങ്ങിയ കാലം മുതൽ അദ്ധ്യാപികയായ അമ്മയോടൊപ്പമുള്ള യാത്രയിൽ അമ്മ സ്‌കൂളിലെ വിശേഷം പറയുമായിരുന്നു. അമ്മയുടെ കൈപിടിച്ച് ബസ് സ്റ്റോപ്പിലേക്കുള്ള യാത്രകൾ എന്നും നിരവധിയായ വിശേഷങ്ങൾ ഇടതടവില്ലാതെ പങ്കുവയ്ക്കാനുള്ളവതായിത്തീർന്നു.

ചിലപ്പോൾ അമ്മ മുന്നമേ ജാമ്യമെടുക്കും ....

”സപ്ന,ഇന്നാകെ ക്ഷീണം,കഥപറയാൻ പറയരുത്,അമ്മക്ക് നേരത്തെ ഉറങ്ങണം!” “ആ പറ്റില്ല,ഒരു കുഞ്ഞു കഥ,കുരങ്ങുകൾ മാങ്ങാ കട്ടുപറിച്ചിട്ടോടിയത്,അതുമാത്രം മതി അമ്മെ”

“അമ്മക്കെന്താ ക്ഷീണം,എന്റെ ടീച്ചറാണേ എപ്പോഴും നല്ല ചിരിയും,വർത്തമാനവും ആന്നല്ലൊ?”

ഞാൻ പറഞ്ഞിട്ട് നടന്നു മുന്നോട്ട്, അമ്മയുടെ കൈവിട്ട്,

“മോളേ വേണ്ട,നിക്കവിടെ,അമ്മയുടേ കൂടെ നടക്ക്”………………. 

“കഥപറയുമോ,എന്നാ നിൽക്കാം” ആ നടത്തങ്ങളെല്ലാം രാവിലെ സ്‌കൂളിലേക്കും,തിരിച്ച് അമ്മക്കൊപ്പം ബസിൽ കയറി,അല്ലെങ്കിൽ ഓട്ടൊറിക്ഷയിൽ കഞ്ഞിക്കുഴിയിൽ ഇറങ്ങി,ബെസ്റ്റ് ബേക്കറിയിൽ നിന്ന് പഫ്‌സും വാങ്ങി,രാത്രിയിൽ  കറിവെക്കാനുള്ള ചിക്കനും വാങ്ങി വീണ്ടും നടക്കും,ഇന്ദിരാനഗറിലെ ഞങ്ങളുടെ വീട്ടിലേക്ക്. ഇടമുറിയാതെ അമ്മയുടെ സ്‌കൂളിലെ വിശേഷങ്ങൾ പങ്കുവച്ച്.അന്ന് ആരൊക്കെ താമസിച്ചു വന്നു,ജനലിൽ കൂടെ ആരൊക്കെ ചാടിപ്പോയി ഇതൊക്കെയായിരിക്കും കഥയിലെ വിശേഷങ്ങൾ,എങ്കിലും അമ്മ പറയും,  ‘ഈ പിള്ളാർക്കൊന്നും പഠിക്കണം എന്നില്ലന്നേ,ഒരു നേരത്തെ ഉച്ചക്കഞ്ഞി അത് കുടിക്കാൻ  മാത്രം നിൽക്കുന്നതാ.പാവപ്പെട്ട പിള്ളാരല്ലേ എല്ലാം,എത്രപറഞ്ഞാലും പഠിക്കില്ല” അമ്മ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

“നീ അങ്ങനെ ഒന്നും ആകരുത്,അമ്മക്ക് നീ ഒരു കോളേജിൽ പഠിപ്പിക്കുന്ന ടീച്ചർ ആവണം.അതിന് നീ ഇംഗ്ലീഷ് എടുത്തു പഠിക്കണം.സപ്‌നാ, നീ കേൾക്കുന്നുണ്ടോ?”

“ആ അമ്മെ,കേട്ടെന്നെ!”ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി’,അവിടെ അമ്മയുടെ കണ്ണിൽ രണ്ടു മുത്തുമണികളുടെ തിളക്കം ഉണ്ടായിരുന്നു.

“എന്തിനാ ഇംഗ്ലീഷ്? അമ്മ ഇൻഡ്യയുടെ പടം ഒക്കെ വെച്ചല്ലെ പഠിപ്പിക്കുന്നത്.എനിക്കും അമ്മെപ്പോലെ പഠിപ്പിക്കണം”.അവിടെ നിൽക്കുന്ന നിൽപ്പിൽ ഞാൻ നിന്നു തുള്ളി,അത്രയും നന്നായി ഓർക്കുന്നു!

“ശ്ശോ ശ്ശോ സപ്‌ന.ആരെങ്കിലും കാണും,അമ്മ പറയട്ടെ,നീ നടക്ക്”.അമ്മ കൈ കൊണ്ട്  വട്ടംപിടിച്ച്,  കോട്ടയം ക്ലബിന്റെ കയറ്റം നടന്നു കയറി. “ഇപ്പൊ നീ കൊച്ചുക്ലാസ്സിൽ ആയതുകൊണ്ടാ എന്റെ മോൾക്ക് അങ്ങനെ തോന്നുന്നത്. അമ്മ പഠിപ്പിക്കുന്നതിലും വലിയതൊക്കെ പഠിപ്പിക്കണം”. അത് പറഞ്ഞ് അമ്മ ദൂരെയെവിടേക്കോ  നോക്കി.ആ നടത്തം റേഷൻ കടയുടെ മുന്നിലെത്തി.

പ്രൈമറി മുട്ടമ്പലം സ്‌കൂൾ കഴിഞ്ഞാലുടനെ ഒരു വായനശാല, അതുകഴിഞ്ഞാൽ കുഞ്ഞൂഞ്ഞിന്റെ മാടക്കട. അവിടെ കണ്ണാടിക്കുപ്പിയിലിരിക്കുന്ന മലരുമുട്ടായിയും,ഗ്യാസുമുട്ടായിയും, നാരങ്ങാമുട്ടായിയും നോക്കി നോക്കി നടക്കും,എന്നാലും അമ്മ കണ്ണുകാണിക്കും,നേരെനോക്കി നടക്കാൻ. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി നടക്കും.

ചിലപ്പോഴെങ്കിലും പഴം,ഏത്തക്കയുള്ള ദിവസം,കുഞ്ഞൂഞ്ഞ് നീട്ടി വിളിക്കും,’ടീച്ചറെ’……….. അന്നു മാത്രം ഒരു നാരങ്ങാമുട്ടായി അമ്മ വാങ്ങിത്തരും.അങ്ങനെയുള്ള ഒരു വിളിയിൽ ഒരു ദിവസം കുഞ്ഞൂഞ്ഞെടുത്തു നീട്ടിയ മലരുണ്ട വാങ്ങിക്കടിച്ചു തുടങ്ങി. പഴം ഏതാന്ന് നോക്കുന്നതിനിടയിൽ അമ്മ കണ്ടില്ല, ഞാൻ മലരുണ്ട കുഞ്ഞൂഞ്ഞിന്റെ കയ്യിൽ നിന്ന് വാങ്ങിയത്!അന്ന് രാത്രി വയറുവേദനയെടുത്ത്  പുളഞ്ഞു.അമ്മ അന്നു രാത്രി മുഴുവൻ വയറും തിരുമ്മി, ഇഞ്ചി നീരും കുടിപ്പിച്ച്  ഇരുന്നു.അതിനുശേഷം പാവം കുഞ്ഞൂഞ്ഞ്,അമ്മ ദൂരെന്നു വരുന്ന കാണുമ്പോഴേ മലരുണ്ടക്കുപ്പി ഞാൻ  കാണാതിരിക്കാൻ അതിനു മുകളിൽ തോളേന്ന് തോർത്തു മുണ്ടെടുത്തിടും!വീണ്ടും ഏത്തക്കയുടെ പൊതിയും കയ്യിൽപ്പിടിച്ച് ഞാൻ നടന്നു, അമ്മ കൂടെയെത്തി,വീണ്ടും എന്റെ കയ്യിൽ പിടിച്ച് അമ്മ നടന്നു.

“ആ,അപ്പൊ അമ്മ പറഞ്ഞത്,കോളേജിൽ ഒക്കെ പഠിക്കുമ്പോ ഇംഗ്ലീഷ് എടുത്തു പഠിക്കണം,എന്നിട്ടുവേണം എന്റെ മോൾ നല്ലൊരു കോളേജ് ലെക്ച്ചർ ആകാൻ“. മനസ്സിലായി എന്ന രീതിയിൽ തലയും ആട്ടി ഞാൻ വീണ്ടുംനടന്നു  അമ്മക്ക്,രണ്ട് ചുവട് മുൻപിലായി. ഏതാണ്ട് കൈലാസം വീടിന്റെ മുന്നിലൂടെ താഴേക്കുള്ള ചെറിയ ഇറക്കത്തിൽ ഞാനൊന്ന് ഓടിച്ചാടി,

“സപ്‌നമോളെ,പതുക്കെ,വേണ്ട,ഓടെണ്ടാ”അതും കഴിഞ്ഞാലുടൻ ഇന്ദിരാനഗറിലേക്കുള്ള  ഇടത്തോട്ടുള്ള തിരിയലും,ഒരു ചെറിയ കയറ്റവും ഉണ്ട്.  അവിടെ നിന്ന് കൊണ്ട് ഞാൻ വിളിച്ചു,

”അമ്മേ,എളുപ്പം വാ… എന്താ അമ്മക്കിത്ര താമസം” നേരെ താഴേക്കുള്ള കുത്തനിറക്കത്തിൽ താമസിക്കുന്ന  പാൽക്കാരൻ കുട്ടച്ചൻ,കയ്യിലും കക്ഷത്തിൽ തൂക്കിയിട്ട ബാഗിലും നിറഞ്ഞ പാൽക്കുപ്പികളുമായി നടന്നു കയറി എത്തി. “ആഹാ, മോളെത്തിയോ സ്‌കൂളിന്ന്,അമ്മയെന്തിയെ?”നാട്ടിലുള്ള വീടുകളിലേല്ലാം പാലെത്തിക്കുന്ന ആത്മാർഥ പാലുകാരൻ!പിന്നീടേതോ കാലത്താണ് ഞാൻ മനസ്സിലാക്കിയത്,ആത്മാർഥത പാലിൽ മാത്രമില്ലായിരുന്നു. എന്നാൽ പാൽക്കുപ്പിക്കൊപ്പം എത്തുന്ന അയൽ വീടുകളിലും,നാട്ടിലും കിട്ടുന്ന വിശേഷങ്ങളോടായിരുന്നു കൂടുതൽ സ്നേഹം എന്ന്! അതിനൊപ്പം നല്ലൊരു തയ്യൽക്കാരൻ കൂടിയായ കുട്ടച്ചൻ,സ്‌ത്രീകളുടെ ‘ഫേവറേറ്റ്’ ആയിരുന്നു. ആ വിശേഷം പറച്ചിലിനൊപ്പം,അമ്മയുടെയും കുട്ടച്ചന്റെയും  ഇടക്ക്,രണ്ടുപേരുടെയും വിശേഷങ്ങൾ കേട്ട് ഞാൻ ഇന്ദിരാ‍നഗറിന്റെ  താഴേക്കിറങ്ങി വയലിന്റെ സൈഡിലൂടെ വലത്തേക്ക് കയറി,രണ്ടാമത്തെ വീട്ടിലെത്തി.

ഗേറ്റ് പണിതുകോണ്ടിരിക്കുന്ന ഞങ്ങളുടെ മതിൽ ഇല്ലാത്ത വീട്ടിന്റെ വാതിൽക്കൽ കളിച്ചുകൊണ്ടിരിക്കുന്ന എന്റെ  അനിയൻ. കൂടെ ഞങ്ങളുടെ ‘എവർ ലാസ്റ്റിംഗ് ഫെയിത്ത്ഫുൾ’ ജോലിക്കാരി അമ്മിണി  മുറുക്കാൻ പൊതിയുമായി ചാടിച്ചടഞ്ഞ് എഴുനേറ്റു,

“എന്താ കൊച്ചമ്മ ഇന്ന്  താമസിച്ചെ?”

“ആ ഏത്തക്കയും പഫ്‌സും വാങ്ങിക്കാൻ കയറി,അമ്മിണി.രാവിലെ പുഴുങ്ങാം പുട്ടിന്റെ കൂടെ ഏത്തക്ക. ഇപ്പൊ എനിക്കൊരു ചായയെടുക്ക്”.

അനിയനെ വാരിയെടുത്തു കൊണ്ട് അമ്മ അകത്തേക്ക്  നടന്നു. പഫ്‌സും എടുത്ത് അമ്മയുടെ അടുത്ത് പോയിരുന്നു.

”ആ പിന്നെ ഇംഗ്ലീഷ്  പറഞ്ഞില്ലല്ലോ അമ്മെ, എന്നീട്ട്?”

“ആ അതു പിന്നെപ്പറയാം ആ കഥ മോളെ’.അമ്മ അനിയനെയും മടിയിൽ വെച്ചുകൊണ്ട് പാട്ടുപോലെ പാടി. അതെപ്പോഴും അങ്ങനെയാ,അവനെക്കണ്ടുകഴിഞ്ഞാൽ അമ്മക്ക് പിന്നെ എല്ലാം അവനായിരുന്നു.

‘ങു’ എന്ന മൂളലോടെ ഞാൻ വീണ്ടും പഫ്‌സ് തിന്നുകൊണ്ട് അമ്മയെ നോക്കിയിരുന്നു.

“അമ്മിണി,സപ്‌നമോളെ കുളിപ്പിച്ച് ഉടുപ്പ് മാറ്റിയേരെ.രാത്രിലേത്തേക്ക് കൂട്ടാൻ അരിഞ്ഞു വെക്ക്, ഞാൻ ഉണ്ടാക്കിക്കോളാം,ബാബുച്ചായൻ  ഇപ്പൊ  വരുമായിരിക്കും”.

അമ്മയുടെ നീട്ടിയുള്ള വിളിയിൽ അമ്മിണിയെത്തി എന്നെയും കൂട്ടി നടന്നുനിന്നു, കുളിമുറിയിലേക്ക്.കുളികഴിഞ്ഞു ഉടുപ്പുമാറി.അമ്മയുടെ  കുട്ടിക്കുറ പൌഡറിടാനായി  അമ്മയുടെ മുറിയിലേക്ക്  എന്നെയും കൊണ്ടെത്തിയ അമ്മിണി

“ഇഞ്ചിയും വെളുത്തുള്ളിയും,ഉള്ളിയും ചതച്ചു വെച്ചിട്ടുണ്ട്,ബീഫും നുറുക്കി വെള്ളത്തിൽ ഇട്ടിട്ടുണ്ട്, ഇനി കൊച്ചമ്മ മസാലയെടുത്ത് ചേർത്തുവെച്ചാൽ മതി”

“ബാ,മോളെ പൌഡറിട്ടു തരാം.എന്നിട്ടെന്റെ മോൾ ബുക്കെടുത്തു വായിച്ചേ! ഇന്ന് പദ്യം എന്തോ പഠിപ്പിച്ചില്ലേ.. നീ പറഞ്ഞല്ലൊ”

“ആ അമ്മെ, ‘ചെറുശ്ശേരിയുടെ” “ഇംഗ്ലീഷിൽ ഒന്നും പഠിപ്പിച്ചില്ലേ?”അമ്മ എടുത്തു ചോദിച്ചു.

“ഇന്നൊരു കഥ പഠിപ്പിച്ചതേയുള്ളു അമ്മേ”  ബാങ്ക് മാനേജർ ആയിരുന്ന ഡാഡി ത്രിസന്ധ്യ നേരത്താണ്  വീട്ടിലെത്തുക .വന്ന്  തിണ്ണയിൽ കസേരയിൽ ഇരുന്ന് അന്നത്തെ വിശേഷങ്ങളും അമ്മയോട് പറഞ്ഞ് പഫ്‌സും ചായയും കഴിക്കാനിരിക്കും.

“ഇന്ന് നിന്റെ സ്‌കൂളിൽ എന്തുണ്ട് വിശേഷം സപ്‌ന, പരീക്ഷയുടെ മാർക്ക് കിട്ടിയോ?” പതിവുചോദ്യങ്ങളുടെ നീണ്ട നിര. അന്നത്തെ വിശേഷങ്ങൾക്കു ശേഷം ഡാഡി ഉടുപ്പു മാറാനും കുളിക്കാനുമായി മുറിയിലേക്ക് പോയി.

“മോളെ ഹോംവർക്ക് എന്തൊക്കെയുണ്ട് എന്നൊന്ന് നോക്കി കുറച്ചുനേരം പഠിക്കൂ, നാളെത്തെ ടൈം ടേബിളും എടുത്തുവെച്ചേ”. രണ്ടാം ക്ലാസിൽ ഇത്തിരി ഹോംവർക്കൊക്കെ ടീച്ചർ തരാൻ തുടങ്ങിയിരുന്നു.ആ കുഞ്ഞു ക്ലാസുകൾ തൊട്ടേ ഒരു റുട്ടീൻ പോലെ അമ്മ എനിക്ക് ഹോംവർക്ക് പഠിക്കാൻ നാളെത്തെ ടൈം ടേബിൾ  എടുത്തുവെച്ച്, സ്കൂളിലേക്ക് തയ്യാറെടുക്കാൻ എന്നും ഓർമ്മിപ്പിച്ചിരുന്നു.ആദ്യമൊക്കെ അമ്മ കൂടെ വന്നിരിക്കുമായിരുന്നു. പിന്നെ പിന്നെ അനിയനെ ഉറക്കാനും മറ്റും പോകുന്നതിനിടയിൽ ഒന്ന് എത്തിനോക്കി ചോദിച്ചിട്ട് പോകും, “പഠിച്ചോ, ഷൂ പോളിഷ് ചെയ്യാൻ മറക്കരുത്”.

അതിനൊപ്പം അനിയനെയും കൊണ്ട് നടക്കുന്നതിനിടയിൽ അമ്മിയോട് ചോദിക്കുന്നത് കേൾക്കാം, “മോളുടെ യൂണിഫോം തേച്ചുവെച്ചോ,” എന്നാൽ ആ സമയത്ത്  അമ്മ പോയവഴി ഓൺ ചെയ്‌ത റേഡിയോയിലൂടെ പാട്ട് ഓടിയെത്തി.

‘ഈ കൈകളിൽ നിന്നാടുവാൻ,സ്വപ്‌നം പോലെ ഞാൻ  വന്നു,വന്നു’.......................... ഏതോ ഒരു കാലത്ത് മനസ്സിന്റെ പുറകിലെവിടെയോ ഇതൊക്കെ ഇതേ റുട്ടീനിൽ ഞാൻ എന്റെ പിള്ളാരെയും പഠിപ്പിച്ചു.

 ഇന്ന് അതെല്ലാം വളരെ വ്യക്തമായി,എന്നെ ആരാ ഇതൊക്കെ പഠിപ്പിച്ചതെന്ന്!

തുടരും…………………………………………………