മണ്ഡല- മകരവിളക്ക് തീർഥാടനം: ശബരിമല നട ഇന്നു തുറക്കും
ശബരിമല: മണ്ഡലകാല- മകരവിളക്ക് തീർഥാടനത്തിനായി ശബരിമലനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി ഇ.ഡി പ്രസാദ് നമ്പൂതിരിയാണ് നട തുറക്കുക. തുടർന്ന് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും. അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തിയായും, എ. ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയായും സ്ഥാനം ഏറ്റെടുക്കും.
സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തന്ത്രി കലശാഭിഷേകം നടത്തിയ ശേഷം ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോകും. അയ്യപ്പവിഗ്രഹത്തിന് സമീപമിരുത്തി കാതിൽ മൂലമന്ത്രം ചൊല്ലിക്കൊടുക്കും. തുടർന്ന് ദാമോദരൻ നമ്പൂതിരിയെയും ഇതേ രീതിയിൽ മാളികപ്പുറം ക്ഷേത്രത്തിൽ മേൽശാന്തിയായി അവരോധിക്കും. തിങ്കളാഴ്ച മറ്റു പൂജകൾ ഇല്ല.
17ന് പുലർച്ചെ 3ന് പുതിയ മേൽശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകൾ തുറക്കുക. ഇതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് തുടക്കമാകും. ഡിസംബർ 27ന് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജയ്ക്ക് ശേഷം നട അടയ്ക്കും. ഡിസംബർ 30ന് വൈകിട്ട് 5ന് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.