അബൂബക്കർ മാറഞ്ചേരിയുടെ സർഗ്ഗവിസ്മയങ്ങൾ ; പുസ്തക പരിചയം , അബ്ദുൾ പുന്നയൂർക്കുളം 

Nov 15, 2026 - 20:12
Nov 15, 2026 - 20:26
 0  3
അബൂബക്കർ മാറഞ്ചേരിയുടെ സർഗ്ഗവിസ്മയങ്ങൾ  ; പുസ്തക പരിചയം , അബ്ദുൾ പുന്നയൂർക്കുളം 

യാദൃശ്ചികമായിട്ടാണ് കവി ഹക്കീം വെളിയത്ത് എന്നെ അബൂബക്കർ മാറഞ്ചേരിയുടെ വസതിയിലേക്ക് കൊണ്ടുപോയത്. അവിടെ, അദ്ദേഹം എഴുതിയ അമ്പതിലേറെ പുസ്‌തകങ്ങൾ കണ്ടു തെല്ലൊന്നമ്പരന്നു. അവ: നോവൽ, ചെറുകഥ, തിരക്കഥ, നാടകം, കവിത, മാപ്പിളപ്പാട്ടുകൾ, കഥാപ്രസംഗം, ലളിതഗാനങ്ങൾ... അങ്ങനെ അനവധി.

ഇതിൽ ഏറ്റവും ആശ്ചര്യജനകമായി തോന്നിയത് 2025 നവംബർ മുതൽ 2026 ഒക്ടോബർ വരെയുള്ള പതിനൊന്ന് മാസക്കാലയളവിൽ അദ്ദേഹത്തിൻറെ അഞ്ചു പുസ്തകങ്ങൾ പുറത്തിറങ്ങി എന്നതാണ്.

അത്: 'വേരുകൾ തേടുംകാലം' (കവിത 2025 നവംബർ), 'ഗസ്സ: ദുരന്തഭൂമി' (കവിത 2026 ജനുവരി),'പത്തേമാരിക്കാലം' (ലോഞ്ച് അനുഭവം 2026 ജൂൺ), 'ഇട്ടീരി മത്തായി മകൻ ജോസൂട്ടി വധം' ( ക്രൈം ത്രില്ലർ 2026 ജൂൺ ), 'ടൈഗർ വിക്രം' (ഡിറ്റക്റ്റീവ് നോവൽ 2026 ഒക്ടോബർ).

'പത്തേമാരിക്കാലം': മരുഭൂമിയിൽ എത്തപ്പെട്ട ഒരുപറ്റം മനുഷ്യരുടെ കഥയാണ്. പ്രവാസജീവിതത്തിന്റെ പ്രയാസകരമായ നേർക്കാഴ്ചകളാണ് ഇതിന്റെ ഇതിവൃത്തം. ഒപ്പം എഴുത്തുകാരന്റെ ജീവിതത്തിൽനിന്നുള്ള ഒരേട് കൂടിയാണ് ഈ നോവൽ.

'ഗസ്സ: ദുരന്തഭൂമി' -- കവിതാസമാഹാരം: സ്വന്തം നാടിനും മണ്ണിനും വേണ്ടി ജീവൻ കൊടുത്തും പട്ടിണികിടന്നുo വീര്യംകെടാതെ സധൈര്യം പോരാടുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ട് എഴുതിയതാണ്.

'വേരുകൾ തേടുംകാലം': ലളിതമായ ആഖ്യാനം, കുറിക്ക് കൊള്ളുന്ന ഭാഷാപ്രയോഗങ്ങൾ, സ്വതസിദ്ധമായ വാക്കുകളും ഗ്രാമീണമായ ശൈലികളും, നീതിനിഷേധങ്ങൾക്കെതിരെയുള്ള തുറന്നെഴുത്ത് ഇതെല്ലാം  ചേർന്നതാണീ കവിതകൾ. 

'ടൈഗർ വിക്രം' എന്ന ഡിറ്റക്റ്റീവ് നോവൽ: കൊള്ളയും കൊലയും ജീവിതത്തിന്റെ ഭാഗമാക്കിയ രണ്ട് സമ്പന്ന കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കഥയാണിത്.

'ഇട്ടീരി മത്തായി മകൻ ജോസൂട്ടി വധം', ക്രൈം ത്രില്ലർ: പെണ്ണായി ജനിച്ചു വളർന്ന കോളേജ് വിദ്യാർത്ഥിനി കൊലയാളിയാവുന്നു. അവളെ പൊലീസ് വലവീശുമ്പോൾ, അവൾ പുരുഷനായി ജീവിക്കേണ്ടി വരുന്ന സംഘർഷഭരിതമായ സാഹചര്യത്തെ കുറിച്ചാണ് ഈ നോവൽ...!

2026 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ, പൊന്നാനി എ.വി ഹൈസ്‌കൂളിൽ നടന്ന 'അടയാളം പൊന്നാനി'യുടെ 'പുസ്‌തകപ്പൊന്നാനി' വേദിയിൽ വെച്ച്, എ.ബി.ആർ മാറഞ്ചേരിയുടെ 'ടൈഗർ വിക്രം', 'പത്തേമാരിക്കാലം' ശ്രീ അജിത് കൊളാടിയും,  'ഇട്ടീരി മത്തായി മകൻ ജോസൂട്ടി വധം' ഇടശ്ശേരിയുടെ മകൻ അശോക് കുമാറും കൂടി പ്രകാശനം നിർവ്വഹിച്ചു.

അബൂബക്കർ മാറഞ്ചേരി, പി.എം.സി. അബൂബക്കർ മാറഞ്ചേരി എന്നീ പേരുകളിൽ ആദ്യകാലങ്ങളിൽ എഴുതിത്തുടങ്ങി. ഇപ്പോൾ എ.ബി.ആർ മാറഞ്ചേരി എന്ന തൂലികാനാമത്തിൽ സജീവമായി എഴുതുന്നു. ആനുകാലികങ്ങളിൽ കഥകളും കവിതകളും ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളും പ്രസിദ്ധീകരിച്ചുവരുന്നു.  ആദ്യസൃഷ്ടി വെളിച്ചം കണ്ടത് 'ബാലരമ'യിലാണ്.

ചന്ദ്രിക, മാധ്യമം, ചിത്രഭൂമി, ഭാരതദേശം പത്രമാസികകളിലും വന്നേരിയുടെ നേർവഴി എന്ന പുസ്തകത്തിലും ഗ്രന്ഥകർത്താവിനെ പരിചയപ്പെടുത്തിയിട്ടുണ്ട്. 2012 ൽ മാപ്പിളസാഹിത്യത്തിന് മലപ്പുറം ജില്ലാ അടിസ്ഥാനത്തിലുള്ള 'വാസ്കോ' അവാർഡിനർഹനായി'.

എ.ബി.ആറിനെ സംബന്ധിച്ച് ഏറെ അതിശയകരമായി തോന്നിയത് 12)o വയസ്സിൽ വായനയും 13 ൽ എഴുത്തും തുടങ്ങി. 14)o വയസ്സിൽ (1967ൽ), എരമംഗലം 'സുഹ്‌റ' ബുക്സ്റ്റാൾ  പ്രസിദ്ധീകരിച്ച 'പുള്ളിക്കുയിൽ' എന്ന മാപ്പിളഗാന സമാഹാരത്തിന്റെ രചയിതാവായി. തുടർന്ന് 'ഖൽബിലെ ആശകൾ', 'കണ്ണീർ കണങ്ങൾ' എന്നീ കൃതികളും 'സുഹ്‌റ' ബുക്സ്റ്റാൾ പുറത്തിറക്കി. ശേഷം ചാവക്കാട് 'ലൈല' ബുക്സ്റ്റാൾ അനുരാഗഗീതങ്ങൾ, അന്ധകാരത്തിലെ പൂത്തിങ്കൾ, മീഅറാജിന്റെ മാഹാത്മ്യങ്ങൾ ' തുടങ്ങിയവ പബ്ലിഷ് ചെയ്‌തു.

'നിറം മങ്ങിയ നിലാവ്' എന്ന നോവൽ മഞ്ചേരിയിലെ 'വോയ്‌സ് ബുക്സ്' പ്രസിദ്ധീകരിച്ചു. 'നിറം മങ്ങിയ നിലാവി' ന് പ്രശസ്ത നോവലിസ്റ്റ് ശ്രീ. സി. രാധാകൃഷ്ണൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്: 'മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മങ്ങളായ ഇഴകൾ ഊടും പാവുമാക്കി നെയ്തെടുത്ത ഈ കംബളം മനോഹരമായിരിക്കുന്നു. അനുഭവങ്ങളുടെ നിറവും കഥ പറയാനുള്ള കഴിവും ഇണങ്ങിയപ്പോൾ ഈ കൃതി ധന്യമായി.'   

എ.ബി.ആറിന് വായനക്ക് പ്രചോദനമേകിയത് ജ്യേഷ്ഠൻ ഉത്സവപ്പറമ്പുകളിൽ നിന്ന് കൊണ്ടുവരുന്ന മാപ്പിളപ്പാട്ട് പുസ്തകങ്ങളായിരുന്നു. അവയിൽ മെഹർ ഒലവക്കോടിന്റെ 'ആമിനക്കുട്ടി' എന്ന ഖണ്ഡകാവ്യമാണ് മാപ്പിളപ്പാട്ടെഴുതാൻ അദ്ദേഹത്തിന് പ്രേരണയായത്. അതേപോലെ അദ്ദേഹം വേറൊരു വിസ്മയമായി നിറഞ്ഞു നിൽക്കുന്നത്, ഒരു ഗായകൻ എന്നതിലുപരി 2500 ൽ അധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ പലതും സി.ഡിയായും രണ്ടു ഡസനിലധികം ഓഡിയോ കാസറ്റുകളായും പുറത്തിറക്കിയിട്ടുണ്ട്.

എ.ബി.ആറിന്റെ പിതാമഹനും നിമിഷകവിയുമായിരുന്ന മർഹും കുറുവടി അഹമ്മദ് വെളിയങ്കോടും   പിതാവായ ആലി അഹമ്മദും നിരവധി കെസ്സുകളും മദ്ഹുകളും രചിക്കുകയും, അക്കാല കല്യാണസദസ്സുകളിൽ കെസ്സ് പാട്ടുകാരായും മത്സരപ്പാട്ടുകാരായും അറിയപ്പെട്ടിരുന്നു.

ഗൾഫ് നാടുകളിലും അമേരിക്കയിലുമായി ഏകദേശം നാല്പത് വർഷത്തോളം എ.ബി.ആർ ജോലി ചെയ്തു. അതിനിടെ അദ്ദേഹം ജർമ്മൻ, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. അമേരിക്കയിൽ പത്തുവർഷo ജോലി ചെയ്തത്  Washington DC യിലെ UAE എംബസിയിലായിരുന്നു. ആ അവസരത്തിൽ The Greater Washington Vartha, രജനി എന്നീ അമേരിക്കൻ പ്രസിദ്ധീകരണങ്ങളിൽ എഴുതിയിരുന്നു. അവിടത്തെ സാംസ്‌കാരിക സംഘടനകളുടെ ഓണം, ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. 

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിൽ ഭാര്യ, ഫാത്തിമത്ത് സുഹ്റയുമൊത്ത് വസിക്കുന്നു. രണ്ടു പെണ്മക്കൾ വിവാഹിതരാണ്.

എ.ബി.ആർ പറയുന്നു: '1967-2026 കാലഘട്ടത്തിൽ 53 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ മാപ്പിളപ്പാട്ട്, കഥാപ്രസംഗം എന്നീ  വിഭാഗത്തിൽ 33 പുസ്തകങ്ങൾ. നോവലുകൾ 14, നാടകങ്ങൾ 3, കവിതാസമാഹാരം 3.

മാപ്പിളപ്പാട്ടിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണം: മാപ്പിളപ്പാട്ടിനെ കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന സമൂഹത്തിന് പഴമയുടെ തനിമ നഷ്ടപ്പെടാതെ, യഥാർത്ഥ മാപ്പിളപ്പാട്ടിന്റെ ശൈലിയും സംസ്കാരവും നിലനിർത്തിപ്പോരുക എന്ന സദുദ്ദേശ്യമാണ്.

സാഹിത്യരചനക്ക് പ്രചോദനം എൻ്റെ കുടുംബപാരമ്പര്യവും വായനയോടുള്ള പ്രതിപത്തിയുമാണ്. ഞാനെ ഴുത്തിനെ കാണുന്നത് മാനസികോല്ലാസത്തിനും നേരംപോക്കിനും വിഷമതകളിൽ നിന്നും മോചനം നേടാനുമാണ്. പിന്നെ എന്നിലെ അറിവ് വായനക്കാരിലേക്ക് പകരുവാനും, അതോടൊപ്പം അവരുടെ അംഗീകാരം എനിക്ക് ലഭിക്കുവാനും കൂടിയാണ്. നോവലാണെൻ്റെ ഇഷ്ടമേഖല. എങ്കിലും പ്രസാധകരുടെ താല്പര്യാർത്ഥം ഡിറ്റക്റ്റീവ് നോവലും എഴുതുന്നു. എൻ്റെ കൃതികളിൽ എനിക്കേറ്റo ഇഷ്ടo 'ടൈഗർ വിക്രം' എന്ന നോവലാണ്.

എഴുത്തിന്റെ മറ്റൊരുദ്ദേശ്യം, സമൂഹത്തിലെ തിന്മകളോട് സർഗ്ഗാത്മകമായി പ്രതികരിക്കുക കൂടിയാണ്. അതിനുദാഹരണമാണ്: 'ഗസ്സ: ദുരന്തഭൂമി', 'വേരുകൾ തേടും കാലം' എന്നീ കാവ്യസമാഹാരങ്ങൾ.

എഴുത്തിൽ ഞാൻ ഭാവനയ്ക്കാണ് യാഥാർഥ്യത്തേക്കാളേറെ പ്രാധാന്യം കൊടുക്കുന്നത്. കഥാപാത്രങ്ങൾക്കനുസരിച്ചുള്ള ഭാഷാശൈലിയാണ് ഞാനവലംബിക്കുന്നത്. എഴുതുമ്പോൾ സ്വയം മറന്നു ഞാൻ ആനന്ദഭരിതനാകുന്നു. അപ്പോൾ ഞാൻ ഭാവനാലോകത്ത് വിഹരിക്കുന്നു. മറ്റൊരർത്ഥത്തിൽ, എന്റെ ഭാവനാവിഹായസ്സിൽ കഥാനായകനായ ഞാനും, എന്റെ പിറകിലായി ഒരു പറ്റം ഉപകഥാപാത്രങ്ങളായ  ഹംസങ്ങളും പറക്കുന്നു. ഞാനവരോട് സദാസoവദിക്കയും, ചിലപ്പോൾ കലഹിക്കുകയും ചെയ്യുന്നു.

ഞാൻ എഴുതാനിരുന്നാൽ എന്റെ കൈ കടയുന്നതുവരെ എഴുതിക്കൊണ്ടേയിരിക്കും. ഞാൻ കടലാസിലാണ് എഴുതുക.

എൻറെ പ്രിയപ്പെട്ട എഴുത്തുകാർ ബഷീർ, തകഴി, കേശവദേവ്, സി. രാധാകൃഷ്ണൻ തുടങ്ങിയവരാണ്.'