ബോയിങ് 757 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബോയിങ് 757 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു,  യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റ്റ്‌ലാന്റ : പറന്നുയരുന്നതിന് തൊട്ടുമുമ്ബ് ബോയിങ് 757 യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. യു.എസ്സിലെ ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്‌ലാന്റയിലുള്ള ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റാ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 184 യാത്രക്കാരും ആറ് ജീവനക്കാരും ആണ് വിമാനത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷൻ (എഫ്.എ.എ) പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രാദേശികസമയം 11:15-നാണ് അപകടമുണ്ടായതെന്ന് എഫ്.എ.എ. അറിയിച്ചു. കൊളംബിയയിലെ ബൊഗോട്ടയിലുള്ള എല്‍ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയരുന്നതിനിടെയാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി.എ.എല്‍ 982 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചത്. ചക്രം റണ്‍വേയുടെ അതിര്‍ത്തി കടന്ന് ഉരുണ്ടുപോയി.

സംഭവത്തിന് ശേഷം യാത്രക്കാരേയും അവരുടെ ലഗ്ഗേജുകളും ബസ്സില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുപോയി. ഇവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ബൊഗോട്ടയിലേക്ക് കൊണ്ടുപോയെന്നും എഫ്.എ.എ. റിപ്പോര്‍ട്ടില്‍ പറയുന്നു.