കറുപ്പോ വെളുപ്പോ ശരി?: ഭ്രമയുഗം- ഫിലിം റിവ്യൂ , ഏബ്രഹാം കുര്യൻ

കറുപ്പോ വെളുപ്പോ ശരി?: ഭ്രമയുഗം- ഫിലിം റിവ്യൂ , ഏബ്രഹാം കുര്യൻ

"നീ എന്നാ ഇവിടെ വന്നതെന്ന് ഓർക്കുന്നുണ്ടോ?"

"കുറച്ചു ദിവസമായി."

" ദിവസമോ? മാസങ്ങൾ എത്ര കഴിഞ്ഞിരിക്കുന്നു.
നിൻ്റെ പേരോർക്കുന്നുണ്ടോ?"

"ഓർക്കുന്നില്ല."

"അതുപോട്ടേ, നിൻ്റെ അമ്മയുടെ പേര്? "

" അറിയില്ല. എനിക്കൊന്നും ഓർമ്മയില്ല."

ഭ്രമയുഗം.


വേരു ചുറ്റിയ തൂണും കോണീം നിഴലും മേലേത്തളവും എരിഞ്ഞു കത്തുന്ന അടുപ്പും നീളൻ വരാന്തകളും ഇരുണ്ട കുളവും വിറക് കൂനയും ചൂട്ടും പന്തവും  ഉറി നിറഞ്ഞ ചട്ടികളും ഭരണികളും വാറ്റുപുരയും മന്ത്ര മുറിയും മൃഗക്കെണിയും കിണ്ടിയും കിണ്ണവും നാലു വശങ്ങളും ഒരുപോലെയിരിക്കുന്ന ഓടടർന്ന മേൽക്കൂരയുമുള്ള തട്ടിന് മുകളിൽ ചാത്തനുമുള്ള കൊടുമൺ പോറ്റിയുടെ ഇല്ലത്ത് പെട്ടു പോയ ഒരു പാവം പാണൻ.

കൊടുമൺ പോറ്റിക്ക് മരണത്തിൻ്റെ മണമാണ്. അധികാരത്തിൻ്റെ ലഹരി നുണഞ്ഞ് അടുത്തെത്തുന്നവരെ മരണം വരെ അടിമകളാക്കി മാറ്റുന്ന സ്വയം ദൈവമായവൻ.പടി കടന്ന് മനയുടെ അകത്ത് കടന്നാൽ പിന്നെ ആർക്കും പുറത്ത് കടക്കാനാവില്ല. ഓർമ്മ നഷ്ടപ്പെട്ട് ചിത്തഭ്രമം പിടിച്ച് മരണക്കുഴിയിൽ വീഴും.

രാഹുൽ സദാശിവത്തിൻ്റെ മൂന്നാമത്തെ ചലച്ചിത്രം
 ഭ്രമലോകം,
പ്രേക്ഷകനെ കൂടി 
പുഴ കടത്തി മനയിലെത്തിക്കുന്നു.
 പുഴ മറിഞ്ഞും തിരിഞ്ഞും ഒഴുകും.
പക്ഷെ അക്കര കടക്കാൻ കഴിയില്ല.

മനയിൽ എല്ലാം തീരുമാനിക്കുന്നത് പോറ്റിയാണ്.
ഇന്ത്യൻ സിനിമയിലെ ഇതിഹാസം മമ്മൂട്ടിയാണ് കൊടുമൺ പോറ്റിയെ അവതരിപ്പിക്കുന്നത്. അധികാരത്തിൻ്റെ മതിഭ്രമത്തിലാറാടുകയാണ് മമ്മൂട്ടി. 
പൂജ, മന്ത്രം, പാട്ട്, ചിരി, വെറ്റില മുറുക്ക്, കസേരയിലെ ഇരിപ്പ്, മുഖത്തെ ക്രൗര്യം, തിഥിയും പക്കവും നോക്കാതെത്തുന്ന അതിഥിയ്ക്ക് പായും അന്നവും ഊട്ടുന്നവൻ. മമ്മൂട്ടിയുടെ ചാത്തൻ നിറഞ്ഞാടുകയാണ്.

നായകൻ, വില്ലൻ, ഇത്തരം സങ്കല്പങ്ങൾ വഴിമാറുകയാണ്.പുതിയ ലോകത്തെ കണ്ണും കാതും തുറന്ന് വെച്ച്  കാണുന്ന മമ്മൂട്ടി
 പുതിയ സംവിധായകരുടെ തോഴനായി മാറുന്നു.

വിധിയാണ് പാണനെ മനയിലെത്തിച്ചത്.
കോലോത്തെ പാട്ടുകാരൻ മനയുടെ വലയിൽ കുടുങ്ങി.

അർജുൻ അശോകൻ്റെ
 നായക കഥാപാത്രം നമ്മെ അത്ഭുതപ്പെടുത്തുന്നു.
 ഇത്തിരി സ്വാഭാവികത കുറഞ്ഞോ എന്ന് സംശയം.

  കാട്ടുകോഴിയെ പിടിച്ച് വിറകടുപ്പിൽ 
കറി വെക്കുന്നതും
 ആഞ്ഞാഞ്ഞ് വെട്ടി
 വിറക് കീറുന്നതും
 കെണി വെച്ച് മൃഗങ്ങളെ പിടിയ്ക്കുന്നതും
 പ്രതികാരദാഹവുമായി ജ്വലിക്കുന്ന കണ്ണുമായി,  ഭ്രമലോകത്ത് വർഷങ്ങളായി  കഴിയുന്ന അരി വെപ്പുകാരനെ
 സിദ്ധാർത്ഥ് ഭരതൻ അനായാസമായി അവതരിപ്പിച്ചു.
റെഞ്ചിത്തിലെ സ്പിരിറ്റിലെ വേഷത്തിന് ശേഷം സിദ്ധാർത്ഥ് ചെയ്ത ഏറ്റവും മികച്ച അഭിനയമാണ് ഈ ചിത്രത്തിൽ .


പഴയ കാലഘട്ടത്തെ ചിത്രീകരിക്കുന്ന ഈ സിനിമയുടെ കറുപ്പിലും വെളുപ്പിലുമുള്ള മേക്കിംഗ് 
പ്രേക്ഷകൻ്റെ മൂഡിനെ 100 % ചിത്രത്തിലേക്ക് ആവാഹിക്കാൻ കഴിഞ്ഞു.

മനയ്ക്കകത്തെയും പുറത്തെയും കറുപ്പിനേയും വെളുപ്പിനേയും ചിത്രീകരിച്ച് തിയറ്ററിൻ്റെ ഇരുട്ടിലിരുന്ന് നാം കാണുമ്പോൾ ലഭിക്കുന്ന ആനന്ദം വർണ്ണനാതീതമാണ്.
ക്യാമറ ചലിപ്പിച്ച ഷെനാദ് ജലാലിയെ ഹൃദയപൂർവം അഭിനന്ദിക്കുന്നു.

ക്രിസ് റ്റോ സേവ്യറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിച്ചത്.    

  തെക്കോട്ടുള്ള വഴിയിൽ ആരും പ്രവേശിക്കരുത്.
വർഷങ്ങളായി പൂട്ടിക്കിടക്കുന്ന നിറയെ അറകളുള്ള മനയാണിത്.
അതു കൊണ്ട് കേട്ടിട്ടില്ലാത്ത ശബ്ദമൊക്കെ കേട്ടെന്ന് വരും.
അതൊന്നും ശ്രദ്ധിക്കേണ്ട.

പിന്നെ ആവശ്യമില്ലാത്ത ചോദ്യങ്ങൾ വേണ്ട.

"എന്താ മുഖത്തെ തേജസ്?
ജ്ഞാനിയാ "


ജ്ഞാനിയോ? 

കള്ളനാ ചതിക്കും.

നുണ പറഞ്ഞ് വിശ്വസിപ്പിക്കും.

ഹിതമല്ലാത്തത് പറയുന്നവന് മരണക്കുഴി ഒരുക്കും.

പ്രതിഷേധിക്കുന്നവനെ അടിച്ചമർത്തി അവരുടെ വേദനകളെ കണ്ട് ഉന്മാദം ഉണ്ടാകുന്നയാൾ!   

 സ്വയം ദൈവമായി സാധാരണ മനുഷ്യരിൽ പടർന്ന് കയറും. ചിരിയിൽ മയക്കും.


എല്ലാം നേരത്തെ തീരുമാനിക്കപ്പെട്ടതാ.
ഇനി അതാർക്കും ഒന്നും തിരുത്താൻ കഴിയില്ല.

അടിമകളെ തെറ്റിക്കാനും ഒത്തുകൂടുന്നത് പൊളിക്കാനും ചെങ്കോൽ വീശും പോറ്റി.

ലളിതസുന്ദരമായി ഈ ചിത്രത്തിൽ സംഭാഷണം എഴുതിയ ശ്രീ  ടി ഡി. രാമകൃഷ്ണനും സംവിധായകൻ രാഹുൽ സദാശിവനും മമ്മൂട്ടിയും തുറന്നിടുന്ന രാഷ്ട്രീയം 
സല്യൂട്ടർഹിക്കുന്നു.

വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഈ ചിത്രം
 ഒരു വഴിതുറക്കുന്നുണ്ട്.
       സത്യത്തിൽ രണ്ടിലേറെ പന്ഥാവുകൾ  ഈ ചിത്രത്തിനുണ്ട്.

ഫിലിം മേക്കിംഗിൽ രാഹുൽ കാട്ടുന്ന മികവ് ശ്രദ്ധേയമാണ്.

മണികണ്‌ഠനും അമൽ ഡാലിസും  ഓർമ്മയിൽ നിലനില്ക്കുന്ന കഥാപാത്രങ്ങളായി ഈ ചിത്രത്തിലുണ്ട്.

പാലക്കാട്ടുള്ള ഒളപ്പമണ്ണമനയെ മനോഹരമായി നൂറ്റാണ്ടുകൾക്ക് മുൻപുള്ള കൊടുമൺ മനയായി രൂപാന്തരപ്പെടുത്തിയ കലാസംവിധായകൻ ജ്യോതിഷ് ശങ്കർ ഏറെ അഭിനന്ദനം അർഹിക്കുന്നു.


കലാരൂപങ്ങളും ആഭരണങ്ങളുമൊക്കെ നിർമ്മിച്ചിരുന്ന 
നിയണ്ടർതാൻ  സമൂഹത്തെ മുപ്പതിനായിരം വർഷം മുമ്പ് അധികാരം ലഭിച്ച ഏതോ ഒരു ഏകാധിപതി ഇല്ലാതാക്കി.
ചരിത്രം ആവർത്തിക്കുകയാണ്‌.

ഇത് ഭ്രമ യുഗം! കലിയുഗത്തിൻ്റെ അപഭ്രംശം. സഹസ്രാബ്ദങ്ങൾ നീളുന്ന ഹിംസയുടെ ഒരു ഉന്മാദലോകം.


അധികാരം കൈയിലുള്ളവർക്ക്, ബലഹീനൻ്റെ സ്വാതന്ത്യം വെച്ച് കളിക്കുന്നത് ഒരു രസാ....
അതിന് ബലഹീനൻ ഒരു കുറ്റവും ചെയ്യണമെന്നില്ല.

ചാത്തനെ കൊന്ന് അധികാരത്തിൻ്റെ പ്രതീകമായ മോതിരത്തെ സ്വന്തമാക്കാൻ നടക്കുന്നു മല്ലയുദ്ധം.

പാണൻ്റ കാതിലെ കടുക്കൻ ചെവി മാറി കിടക്കുന്നത് കണ്ട് വെപ്പുകാരൻ  പേടിച്ച് ഓടുന്നു.
 ക്ഷീണിച്ചവശനായി പുഴ കടക്കാൻ ശ്രമിക്കുമ്പോൾ മുന്നിൽ പോർട്ടുഗീസ് പട്ടാളം.
സിദ്ധാർത്ഥ് ഭരതൻ്റെ ആ സമയത്തെ ഒരു ചിരിയുണ്ട്. വ്യാഖ്യാനിക്കാനാവാത്ത അപൂർവ ചിരി.

പട്ടാള മേധാവി ചോദിക്കുന്നു: "എന്താണവിടെ?"
"ഒരു ഭ്രാന്തൻ "
വെടി പൊട്ടുന്നു.

പട്ടാള മേധാവി പറയുന്നു.'
" മുന്നോട്ട് "

" മുന്നോട്ട്‌ ".

പട്ടാളം പുഴ കടന്ന് മുന്നോട്ട് നീങ്ങുകയാണ്. 

അധിനിവേശമോ?

ഒരു നാടിൻ്റെ ഭ്രാന്തിനെ ഇല്ലാതാക്കാനെത്തിയ പടിഞ്ഞാറിൻ്റെ വെളിച്ചമോ?

മോതിരം കൈക്കലാക്കിയ പാണൻ്റ നിഴലായി പോറ്റി തെളിയുന്നുണ്ടല്ലോ?


കാലം എന്തൊരു 
അരസികനാ. വിരസതയുടെ  പ്രളയത്തിൽ പെട്ട് മുങ്ങി താഴുമ്പോൾ നമുക്ക് പകിട കളി തന്നെയാ നല്ലത്!

ഏബ്രഹാം കുര്യൻ,

Living leaf views paper.
Tel.9447703408.