ഭയം;കവിത ,ശബ്ന രവി

ഭയമാണെനിക്ക് വെളിച്ചത്തെ, വയ്യ
കാണരുതാത്ത കാഴ്ച്ച കാണാൻ
ഉൾക്കണ്ണടച്ചു ഞാൻ വെളിച്ചമെന്നുള്ളിലേ-
ക്കൽപ്പവും അരിച്ചിറങ്ങാതിരിക്കാൻ.
ഭയമാണെനിക്ക് ശബ്ദങ്ങളെല്ലാം
തേനിൽ പൊതിഞ്ഞയീ വാക്കുകൾക്കുള്ളിൽ
മുള്ളുകളായിരുന്നെന്നറിഞ്ഞ നേരം
കർണ്ണങ്ങൾ പൊത്തി ഞാൻ ശബ്ദങ്ങളെ തടഞ്ഞു.
ഭയമാണെനിക്കീ പരിചിത മുഖങ്ങളെ
പൊയ്മുഖങ്ങളാണേറെയുമെന്നറിയുന്
ചിരിയ്ക്കുന്ന മുഖം കൊണ്ടുള്ളിലെ കാലുഷ്യം
മറയ്ക്കുന്ന വിദ്യ പഠിച്ചതേയില്ല ഞാൻ.
ഭയമാണെനിക്ക് ബന്ധങ്ങളെയെല്ലാം
അകലാൻ മാത്രമായടുക്കുന്നതെന്തിന്?
വെറുക്കാൻ മാത്രമായ് സ്നേഹിക്കുന്നതെന്തിന്?
ബന്ധനങ്ങളാവാത്ത ബന്ധങ്ങളെവിടെ?
കൊട്ടിയടയ്ക്കട്ടെ ഞാനെൻ മനസ്സിൻ വാതിൽ
മുട്ടിവിളിക്കരുതേ ഇനിയാരുമെന്നെ
കൂട്ടിനായെന്നുള്ളിൽ കൂരിരുട്ടും
നീരവമായ ഏകാന്തതയും മാത്രം.
ശബ്ന രവി