ബാപ്പുജി : കവിത, Mary Alex (മണിയ )

ബാപ്പുജി : കവിത, Mary Alex (മണിയ )
ബാപ്പുജി!എൻ പ്രിയ ബാപ്പുജി!
ബാലകരായിരിക്കെ ഞങ്ങൾ
നിരന്തരം കേട്ടറിഞ്ഞ ധീരനാം
നായകൻ,രാജ്യസേവകൻ ബാപ്പു 
മുട്ടോളമെത്തുമൊരു മുണ്ടുടുത്ത് 
മെതിയടിയും കയ്യിലൊരു വടിയും
കുത്തി നടന്നു നീങ്ങും കാഴ്ചകൾ
കണ്ണടയുണ്ടെപ്പോഴും,തൂക്കിയിട്ട
വാച്ചും മേൽമുണ്ടു പുതച്ച ദേഹം.
വാരിയെറിഞ്ഞു കൊടുത്താ മുണ്ട്
ഉടുതുണി നഷ്ടപ്പെട്ടൊരുപെണ്ണിന്
ഉടൽ മറച്ചിടാൻ. പിന്നൊരിക്കലും 
ആ മഹാൻ മേലാട ധരിച്ചതില്ലത്രേ 
ആരുമറിഞ്ഞതില്ലേ ഈ ചരിത്രം.
സത്യഗ്രഹങ്ങളും പദയാത്രയും
സത്യം ജയിക്കുമെന്നുറപ്പാക്കി,
അഹിംസ ധർമ്മമായ് കണ്ടയാൾ 
അടർക്കളമില്ലാതെ പോരാടി
അരുമയോടെ നേടിയെടുത്തീ
രാജ്യം,ഇന്ത്യയെന്ന മഹാരാജ്യം
രാഷ്ട്രപിതാവായ് എന്നെന്നും
ആയുധമേന്താതൊരു ശൈലി
ആരിലും മതിപ്പുണർത്തും രീതി
എന്നിട്ടുമെന്തെ ഗോദ് സേ നീ
എന്തിനായ് ആ മഹാൻ മേൽ വെടിയുതിർത്തു?
യൂദാ മുപ്പതു വെള്ളികാശിനു ക്രിസ്തുവിനെ ഒറ്റി,നീയോ?
ആ നിഷ്‌ക്കളങ്കനെ 
ഒരു ശുദ്ധമനുഷ്യനെന്ന പോൽ
കൈക്കുള്ളിൽ തോക്കൊതുക്കി കൈകൂപ്പി,പിന്നെ മടിയാതെ 
ഒന്നിനു പിറകെ ഒന്നായ് മൂന്ന് 
ഒച്ചയാൽ നിറയുതിർത്തു, പാതി 
കൂപ്പിയ കരവുമായ് ബാപ്പു മുട്ടു
കുത്തി ഹേ റാം ഹേ റാമെന്നു ചൊല്ലി പിടഞ്ഞു പിടഞ്ഞു വീണു.
ചോര ചീന്തി ജീവൻ വെടിഞ്ഞു 
നാടിനായ് നാടൊട്ടുക്ക് നടന്നവൻ
നല്ല പേരു നേടി രാഷ്ട്രപിതാവായ്
സ്മൃതി മണ്ഡപത്തിൽ വിലസും
സ്മരണീയൻ,ബാപ്പുജീ!പ്രണാമം.