അക്ഷരങ്ങൾകൊണ്ട് കവിത തുന്നുന്ന ഹമീദ്: അഭിമുഖം , തയ്യാറാക്കിയത്- ഡോ . അജയ്

അക്ഷരങ്ങൾകൊണ്ട് കവിത തുന്നുന്ന ഹമീദ്: അഭിമുഖം , തയ്യാറാക്കിയത്- ഡോ . അജയ്

ദ്യോഗികമായി പത്താം ക്ലാസ്സ് വിദ്യാഭ്യാസം. ഏഴാം ക്ലാസ്സിൽനിന്ന് പത്താം ക്ലാസ്സിൽ ഓവറേജ്ഡ് സ്കീമിൽ പാസ്സായി. പതിമൂന്നാം വയസ്സുമുതൽ തുന്നൽക്കാരൻ. 20വർഷം ഗൾഫിൽ. ഇതിനിടയിൽ മലയാള ഭാഷയും സാഹിത്യവും കുറച്ച് പഠിച്ചു.
ഇതാണ് സാഹിത്യകാരനും കൃത്യമായ രാഷ്ട്രീയ നിലപാടുകളും ഉള്ള ശ്രീ ആമച്ചൽ ഹമീദ് എന്ന വ്യക്തി. അദ്ദേഹത്തിന്റെ കാഴ്ചകൾ, കാഴ്ചപ്പാടുകൾ, അഭിപ്രായങ്ങൾ എല്ലാം കുറിക്കുകൊള്ളുന്നവയാണ്. മുഖ്യധാരയിലെ സാഹിത്യമഹാരഥന്മാർക്കിടയിൽ ഇദ്ദേഹത്തെ നിങ്ങൾ കാണില്ല. പക്ഷേ എന്തുകൊണ്ടും യോഗ്യനായ അദ്ദേഹം അതിനായി ശ്രമിക്കുകയുമില്ല.

അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കൂ, “എട്ടാം വയസ്സുമുതൽ അറുപത് വയസ്സുവരെ കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചു. ഇതിനിടയിൽ CPIMl ലും പ്രവർത്തിച്ചു. രാഷ്ട്രീയം അധികാരത്തിന്റെ അധ:പതനത്തിൽ മൂക്കുകുത്തിയതിൽ വെറുത്ത് രാഷ്ട്രീയം മടുത്തു. പൈതൃകമായി സാഹിത്യമോ വിജ്ഞാനംപോലുമൊ ലഭിച്ചിട്ടില്ല. എങ്ങനെയോ സർഗ്ഗാത്മകതയുടെ ഒരു ചെറുസ്പർശം എനിക്കും ലഭിച്ചു”.

ഇപ്പോൾ സാഹിത്യ രംഗത്ത് മുഖ്യധാരയിൽ കുറച്ചും ഓൺലൈനിൽ സജീവമായും പ്രവർത്തിക്കുന്നു. ഭാര്യയും മൂന്ന് മക്കളും നാല് ചെറുമക്കളുമായി തിരുവനന്തപുരം നഗരിയിൽ ജീവിതം.

ഇതാണ് ഹമീദ്. എന്റെ ചോദ്യങ്ങൾക്കുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ ആമച്ചൽ ഹമീദ് എന്ന കവിയെ, പച്ചമനുഷ്യനെ നമുക്ക് അറിയാം.

അജയ് നാരായണൻ - ആമച്ചൽ ഹമീദ് എന്ന പേര് ആദ്യമായി കേൾക്കുന്നത് പവിത്രൻ തീക്കുനിയുടെ ഒരു സാഹിത്യഗ്രൂപ്പിൽ ആണ്. തീക്ഷ്ണമായ വാക്കുകളിൽ വികാരങ്ങളെ, വിചാരങ്ങളെ ശക്തമായ കവിതാശകലങ്ങളാക്കുന്ന, അവലോകനങ്ങളാൽ കവിതകൾക്കു പുതിയ മാനം പകരുന്ന ഹമീദ് അനുഭവത്തിന്റെ തീച്ചൂളയിൽനിന്നാവണം സാഹിത്യം എന്ന മേഖലയിൽ കൂപ്പുകുത്തി വീണത്. താങ്കളുടെ ബാല്യത്തേക്കുറിച്ച് ചില ഓർമ്മകൾ ഇവിടെ പങ്കുവയ്ക്കുമോ?

ആമച്ചൽ ഹമീദ് - സാഹിത്യഭംഗിയില്ലാത്ത വെറും പരുക്കൻ ബാല്യമായിരുന്നു എന്റേത്.
പഠിത്തത്തിൽ മിടുക്കനായിരുന്ന എന്നെ ഏഴാം ക്ലാസ്സിൽ പഠിത്തം നിർത്തിച്ച് തുന്നൽ പഠിക്കാൻ നിർബന്ധിച്ചത് മുതൽ എന്റെ അച്ഛനോടും എന്നോടു തന്നെയും വെറുപ്പായിരുന്നു. വെറുപ്പിന്റെ ബാല്യം ആയിരുന്നു എന്റേത്.

അനുഭവം എന്നെ സാഹിത്യകാരൻ ആക്കിയിരിക്കുന്നുവെങ്കിൽ ഞാനൊരു വലിയ എഴുത്തുകാരൻ ആയേനെ.
അനുഭവം ആരെയും എഴുത്തുകാരൻ/കാരി ആക്കുന്നില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.
എന്നാൽ, എഴുത്തിനെ കൂടുതൽ തീവ്രമാക്കുന്നതിന് സഹായിക്കും. അനുഭവങ്ങൾക്ക് എരിയുന്ന ഭാഷയുടെ അടുപ്പ് സ്വന്തമായി ഉണ്ടായിരിക്കുകയും ചെയ്യും.

അജയ് നാരായണൻ - ഇന്നത്തെ രാഷ്ട്രീയത്തിലും സമൂഹത്തിലും സാഹിത്യത്തിലും നടമാടുന്ന ഉച്ചനീചത്വങ്ങളെ നഖശിഖാന്തം എതിർക്കുന്ന ഒരു അസാധാരണ വ്യക്തിത്വമാണ് ഹമീദ്. ഈ ഊർജ്ജത്തിനുള്ള പ്രചോദനം എന്താണ്?

ആമച്ചൽ ഹമീദ് - ഉറച്ചൊരു കമ്യൂണിസ്റ്റായിരുന്ന എന്റെ പിതാവിന് എഴുതാനും വായിക്കാനും അറിയില്ലായിരുന്നതുകൊണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഞാനായിരുന്നു അന്ന് മാർക്സിസ്റ്റ് സാഹിത്യങ്ങൾ വായിച്ചു കൊടുത്തിരുന്നത്.
അന്നുമുതൽ അദ്ദേഹത്തേക്കാൾ കമ്യൂണിസ്റ്റ് സാഹിത്യം പഠിക്കാൻ ഏറെ ഉത്സാഹം എനിക്കായിരുന്നു.
ഏതാണ്ട് 55 വർഷം മുമ്പുള്ള സാമൂഹികവും മതപരവുമായ അവസ്ഥകൾ എന്നെ കൂടുതൽ കൂടുതൽ അരിശപ്പെടുത്തുകയും പ്രത്യയശാസ്ത്രാധിഷ്ഠിതമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും എന്നിൽ കൂടുതൽ കൂടുതൽ രൂക്ഷമാവുകയും ചെയ്തു.
ബുദ്ധന്റെ ചരിത്രവും ആശാൻ കവിതകളും വിദ്യാഭ്യാസം വളരെ കുറഞ്ഞ കാലത്തും എന്നെ ഏറെ സ്വാധീനിച്ചിരുന്നു.
കുറ്റിപ്പുറം കൃഷ്ണപിള്ളയുടെ നിരീശ്വര സാഹിത്യം എന്നെ കൂടുതൽ ഊർജ്ജ്വസ്വലനാക്കി.
അറിവില്ലായ്മ കൊണ്ടാണെങ്കിലും എന്റെ വിദ്യഭ്യാസം നിഷേധിച്ച പിതാവ് എനിക്ക് രണ്ടു വിശിഷ്ട ഗുണങ്ങൾ പകർന്നുതന്നിരുന്നു, സത്യസന്ധതയും ധീരതയും. അതാണ് എന്നെ ഇവിടെവരെ എത്തിച്ചത്.

അജയ് നാരായണൻ - സാഹിത്യ രചനയിലും അവലോകനത്തിലും തീർച്ചയായും സത്യസന്ധത പുലർത്തുന്ന ഹമീദിനു കൃത്യമായ ഒരു നിലപാടും നിരീക്ഷണപാടവവും ഉണ്ടല്ലോ. ആധുനിക കാലത്തെ മലയാളസാഹിത്യത്തിന്റെ (പുരോ)ഗതി എന്തെന്ന് വിശദീകരിക്കാമോ?

ആമച്ചൽ ഹമീദ് - ഉത്തരാധുനികോത്തര സാഹിത്യ ഘട്ടത്തിലാണ് നാമെന്നാണ് പറയുന്നത്. എങ്കിലും സാഹിത്യത്തിന്റെ ഓരോ ഘട്ടവും അതിന്റേതായ പ്രാധാന്യം വഹിക്കുന്നുണ്ട്. എങ്കിലും ആധുനികതയായിരുന്നു സാഹിത്യത്തിൽ വിപ്ലവം സൃഷ്ടിച്ചത്. അത് സാഹിത്യം സൃഷ്ടിച്ചതല്ല; അതിന് നിമിത്തമായത് രാഷ്ട്രീയമാണ്.
ലോക മഹായുദ്ധം യൂറോപ്പിനെ ശവപ്പറമ്പാക്കിയിരുന്നു. ജീവിതം ശവഗന്ധങ്ങളുടെ ധൂമപടലങ്ങളായി.
കാല്പനികതയ്ക്ക് സ്വന്തമായിട്ടുണ്ടായിരുന്ന ഇടവുംകൂടി നഷ്ടമായി എന്നാണ് അന്ന് ഒരു കൂട്ടം കവികൾ വിലപിച്ചത്. അതായത്, കാവ്യസൗന്ദര്യത്തിന്റെ എല്ലാ കാല്പനികതളെയും വലിച്ചെറിഞ്ഞ് യാഥാർത്ഥ്യങ്ങളെ കാവ്യാത്മകതയ്ക്കപ്പുറം രൂക്ഷമായ ഭാഷയായിരുന്നു കവിത, ഒരു തരം പ്രഭാഷണ പരതയിൽ. തീർച്ചയായും സാഹിത്യ രംഗത്ത് വലിയൊരു പുരോഗതിതന്നയായിരുന്നു അത്.
ശൃംഗാര രചനകളിൽനിന്നും വൃത്ത രചനകളിൽനിന്നും കവിത മോചനം നേടി സാധാരണക്കാരന്റെ സാഹിത്യമായത് ആധുനികതയോടുകൂടിയാണ്. ഇതിനിടയിലെ പ്രതിഭാശാലികളെ പക്ഷേ, നമ്മൾ മറക്കുന്നുമില്ല.

അജയ് നാരായണൻ - നമുക്ക് ഹമീദിന്റെ രചനകളിലേക്ക് കടക്കാം. രോഷവും രൂക്ഷവുമായ കവിതകളിലെ വരികൾക്കിടയിലെ ധ്വനികൾ വായനക്കാരന്റെ നെഞ്ചിലേക്ക് തറച്ചുകയറുന്ന പ്രതീതി തോന്നിയിട്ടുണ്ട് പലപ്പോഴും. അവയിൽ വേറിട്ടുനിൽക്കുന്നതാണു ഈയിടെ എഴുതിയ “മഞ്ചാടിക്കവിതകൾ”, കാതരമായ പ്രണയം പറയുന്ന “എന്റെ പെണ്ണ്”, ഗാന്ധിജിയെ വരയ്ക്കുന്ന “രക്തസാക്ഷി”, മരണവും ദാരിദ്ര്യവും ചേർത്തുവയ്ക്കുന്ന “കോടി”, രാഷ്ട്രീയം പറയുന്ന “പാമ്പും തവളയും”. ഇങ്ങനെ ഒരുപാട് കവിതകൾ, ആശയങ്ങൾ, നിലപാടുകൾ, വിമർശനങ്ങൾ!
കവിതകളിലേക്കുള്ള ഹമീദിന്റെ വഴികൾ, വിഷയം തെരഞ്ഞെടുക്കുന്ന രീതി ഒന്നു വ്യക്തമാക്കാമോ?

ആമച്ചൽ ഹമീദ് - നേരത്തെ സൂചിപ്പിച്ചതുപോലെ ഞാൻ ആത്യന്തികമായി രാഷ്ട്രീയക്കാരനാണ്. പാർട്ടിയുടെ ഇനീഷ്യലിൽ അല്ല, ഇടതുപക്ഷ അവബോധമാണ് എന്റെ രാഷ്ട്രീയം. അതിന്റെ ഒരു സാമൂഹിക വ്യവസ്ഥിതി എന്നെ വല്ലാതെ വേട്ടയാടാറുണ്ട് .
സാഹിത്യത്തിന് സാമൂഹികപക്ഷം ഉണ്ടായിരിക്കണം എന്ന പക്ഷക്കാരനാണ് ഞാൻ. എന്നാൽ, അങ്ങനെയുള്ള രചനകൾ മുദ്രാവാക്യമാകാതെ കാവ്യാത്മകമായിരിക്കണം എന്നും നിർബന്ധമുണ്ട്.
എന്റെ ഏറ്റവും പുതിയ നിരീക്ഷണം, ഒന്നുകിൽ രചനാസൗന്ദര്യമോ അല്ലെങ്കിൽ ആശയ പ്രാധാന്യമോ ആയിരിക്കണം രചനകൾ എന്നതാണ്.
എന്റെ എഴുത്തുകളെ സംബന്ധിച്ച് ആശയത്തിനാണ് പ്രാധാന്യം നൽകുന്നത്.

അജയ് നാരായണൻ - സ്നേഹമുള്ള പ്രാർത്ഥന എന്നൊരു കവിത ഉണ്ട്. മകന്റെ വളർച്ചയിൽ ആശങ്കയുള്ള ഒരു അച്ഛൻ. ഹമീദിന്റെ കവിതകളിൽ നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക അസമത്വങ്ങളോട്, അനീതികളോട്, ദുരന്തങ്ങളോട് നിരന്തരം പോരടിക്കുന്നുണ്ട്. ഇത്തരം എതിർപ്പുകൾ കവിതയിലെ വിഷയവുമായി ബന്ധപ്പെട്ട് സ്വാഭാവികമായി നിർമ്മിക്കപ്പെടുന്നതോ അതോ ഒരു മനുഷ്യന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ കവിതയിൽ ബോധപൂർവം അടിച്ചേൽപ്പിക്കുന്നതോ എന്നു വിശദമാക്കുമോ?

ആമച്ചൽ ഹമീദ് -
ഞാൻ ഇതുവരെ എഴുതിയ ഒരു രചനയും ബോധപൂർവ്വം തിരഞ്ഞെടുത്തിട്ടുള്ളതല്ല.
അതെന്റെ മനസ്സിൽ പെട്ടെന്ന് കടന്നുകൂടുന്ന വികാരങ്ങളാണ്. എന്നാൽ, എന്റെ രചനകളിൽ വ്യക്തിയനുഭവങ്ങൾ ഇല്ലെന്നുതന്നെ പറയാം.
അതിൽ, മകന്റെ വളർച്ചയിൽ ആശങ്കപ്പെടുത്തുന്ന കവിത തീർച്ചയായും അനുഭവത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ്.
ഞാൻ ഇപ്പോഴും മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന ആളാണ്. അതുകൊണ്ടുതന്നെ പ്രണയ രചനകൾ വളരെ ഇഷ്ടവുമാണ്. മാത്രവുമല്ല, സാമൂഹിക പശ്ചാത്തലമുള്ള കവിതകളെക്കാൾ പ്രണയകവിതയെ ശൃംഗാരമാക്കാൻ കഴിയും.
അതുകൊണ്ടാണല്ലോ വെണ്മണിക്കവിതകൾ ശൃംഗാരത്തിൽ സവിശേഷ സ്ഥാനമർഹിക്കുന്നതും.

അജയ് നാരായണൻ - താങ്കൾ ശകുന്തള എന്ന ബിംബത്തെ അധികരിച്ച് ഒരു കവിത ഒരിക്കൽ എഴുതിയതായി ഓർക്കുന്നു. സ്വതവേ കാലികമായ അവസ്ഥയെ, അന്തരീക്ഷത്തെ കവിതയിൽ വിഷയമാക്കുന്ന താങ്കൾ ശകുന്തളയിലേക്ക് വന്ന വഴി വിശദമാക്കുമോ?

ആമച്ചൽ ഹമീദ് - കാളിദാസൻ എഴുതിയ അഭിജ്ഞാന ശാകുന്തളം നാടകത്തിലെ മുഖ്യ കഥാപാത്രമായ ശകുന്തളയെ കല്പിച്ചാണ് എഴുതിയത്.
ഒരു അടയാളം കൊണ്ടുമാത്രം പ്രണയിയെ മറന്നുപോകുന്ന സങ്കല്പം എന്നെ വളരെ മുമ്പേ ഹഠാദാകർഷിച്ചിട്ടുള്ളതാണ്.
അത് ഒരു നിമിഷത്തിൽ മനസ്സിൽ വന്നുകേറിയ സർഗ്ഗവിരുന്നായിരുന്നു.
പെട്ടെന്നുണ്ടാകുന്ന വികാരങ്ങളാണ്, കാലികമായി എഴുതാനാണ് സാധാരണയായി എന്നെ പ്രേരിപ്പിക്കാറുള്ളത്. എന്നാൽ, മനസ്സിൽനിന്ന് ഒരുനാളും പ്രണയനാടകത്തിലെ ശകുന്തളയുടെ ദുർവിധി കാലികമായ പ്രണയ കവിതകൾ വായിക്കുമ്പോൾ ശകുന്തളയിങ്ങനെ തേട്ടിത്തേട്ടിവന്നു സംഭവിച്ചതാണ്.

അജയ് നാരായണൻ - അവസാനമായി ഒരു ചോദ്യം കൂടി. സമാധാനപൂർണ്ണമായ ശിഷ്ടജീവിതം കാംക്ഷിക്കുന്ന ഒരു സാധാരണമനുഷ്യനല്ല ഹമീദ്. ഇപ്പോഴും മനസ്സിൽ അലയടിക്കുന്ന വികാരപ്രപഞ്ചമാണ് ഹമീദ് ആമച്ചാൽ എന്ന സാഹിത്യകാരനിൽ ഉള്ളത് എന്ന് എനിക്കുതോന്നുന്നു. എന്താണ് താങ്കളുടെ ഭാവി പരിപാടി?

ആമച്ചൽ ഹമീദ് - ഭാവിയെക്കുറിച്ച് ഒരു ജാതകം എഴുതാത്ത ആളാണ് ഞാൻ.
എങ്കിലും സാഹിത്യ രംഗത്ത് നിർഭയമായി, മരണംവരെ സ്ഥിരോത്സാഹിയായി തുടരണം എന്ന ആഗ്രഹം മാത്രം.

അജയ് നാരായണൻ - ഇനിയും കൂടുതൽ സൃഷ്ടികൾ താങ്കളിൽനിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. നന്ദി ഹമീദ് മാഷിന്.
താങ്കളുടെ ഒരു ചെറുകവിത കൂടി വായനക്കാർക്കായി ഇവിടെ പങ്കുവയ്ക്കുന്നു.

മുലകൾ
---

റ്റി പി രാജീവന്റെ (കണ്ണകി)
കാണാതെപോയ
രണ്ട് മുലകൾ
എനിക്ക് കിട്ടിയിട്ടുണ്ട്.

അതിലൊന്ന്

മുലപ്പാൽ
കറുപ്പെന്നും വെളുപ്പെന്നും
തർക്കിച്ച്
ചോര കറന്നവർക്ക്
അമ്മയുടെ
ജഡത്തിനരികിൽ വച്ചിട്ടുണ്ട്;
സത്യം കാണുംവരെ
കറന്നു നോക്കാൻ.


വഞ്ചിക്കപ്പെട്ട
വാക്കുകളുടെ
അധരങ്ങൾക്കും
ചിന്തയിൽതന്നെ കുഴിച്ചിട്ട
പ്രതീക്ഷകളുടെ
ശ്മശാന സന്തതികൾക്കും
തൂക്കിയിട്ടിരിക്കുന്നു
മറ്റൊന്നിനെ
പ്രേതങ്ങളുടെ താഴ്വരയിൽ.

ആമച്ചൽ ഹമീദ്
ആഹാലയം.