അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട്; ചമ്പത് റായ് രാജിവെച്ചു
ഡൽഹി: ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ചമ്പത് റായ് രാജി വെച്ചു. ഭക്തർ നൽകിയ സംഭാവനകൾ മോഷണം പോയെന്ന ആരോപണങ്ങളെത്തുടർന്നാണ് രാജി. നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കാനാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞതെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രവർത്തനം തീർത്തും പ്രൊഫഷണൽ അല്ലാത്ത രീതിയിലാണെന്ന് 2020-ലെ ഒരു ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. ശ്രീരാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് രൂപീകരിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ ഓഡിറ്റ് നടത്തിയത്. ഓഡിറ്റിൽ ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നെങ്കിലും ആറ് വർഷത്തിന് ശേഷവും അവ നടപ്പിലാക്കിയിരുന്നില്ല.
അയോധ്യ ക്ഷേത്രത്തിലേയ്ക്ക് ഭക്തർ നൽകിയ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നതായുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് വിഷയം വിവാദമായത്. വിഷയം അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചിരുന്നു. വിശദമായ പരിശോധനയ്ക്ക് ശേഷം എസ്.ഐ.ടി പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. ചമ്പത് റായിക്കെതിരെ ആരോപണങ്ങളൊന്നും ഉയർന്നിട്ടില്ലെങ്കിലും, അന്വേഷണത്തെ സ്വാധീനിക്കുന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഒഴിവാക്കാൻ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അദ്ദേഹം രാജിവെക്കാൻ തീരുമാനിച്ചതെന്ന് ചമ്പത് റായിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ക്ഷേത്രത്തിലേക്ക് ഭക്തരിൽ നിന്ന് സംഭാവനയായി ലഭിച്ച പണം, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവയുടെ മോഷണം, ദുരുപയോഗം, ഫണ്ട് തട്ടിപ്പ് എന്നിവ ആരോപിച്ച് വ്യാഴാഴ്ച അയോധ്യ പോലീസ് എട്ട് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.