പണം. കവിത
ലീലാമ്മ തോമസ്, ബോട്സ്വാന
പണം
മണമില്ല,
നിറമില്ല,
രൂപമില്ലാത്തൊരു വസ്തു.
എന്നാലും
മനുഷ്യന്റെ മനസ്സിനെ
വഴിതെറ്റിക്കാൻ കഴിയുന്ന
ഏറ്റവും ശക്തമായ ആയുധം.
ഒരു കൈയിൽ അത്
പാവപ്പെട്ടവന്റെ
വിശപ്പിന് വിരാമം കുറിക്കും,
മറ്റൊരു കൈയിൽ
അഹങ്കാരത്തിന്റെ
ചുടുതീ കൊളുത്തും.
അതു തന്നെ
വിദ്യാലയങ്ങൾ ഉയർത്തും,
പുഞ്ചിരികൾ പടർത്തും,
ജീവിതങ്ങൾക്ക്
രക്ഷാകവചമാകും.
പക്ഷേ
തെറ്റായ കൈകളിൽ
അതൊരു കാടാണ്
ദ്വേഷം വിതയ്ക്കുന്ന,
നാശം വിളയിക്കുന്ന,
മനുഷ്യനെ
മനുഷ്യനല്ലാതാക്കുന്ന.
പണം ശപമല്ല,
പുണ്യമുമല്ല;
അതൊരു കണ്ണാടി മാത്രം.
അതിൽ പ്രതിഫലിക്കുന്നത്
പണത്തിന്റെ മുഖമല്ല,
നമ്മുടെ മനസ്സാണ്.
“ഉപകരണം ബഹുമാനിക്കൂ,
ഉപയോക്താവിനെ ശ്രദ്ധിക്കൂ”
എന്ന സത്യവാക്യം പോലെ,
പണത്തെ നിയന്ത്രിക്കുന്നത്
നാണയമല്ല,
മനുഷ്യന്റെ ഹൃദയമാണ്.