യാത്രക്കാര്‍ക്കിടയില്‍ സംഘര്‍ഷം ; എയര്‍ കാനഡ വിമാനം വഴി തിരിച്ചുവിട്ടു

യാത്രക്കാര്‍ക്കിടയില്‍   സംഘര്‍ഷം ; എയര്‍ കാനഡ വിമാനം വഴി തിരിച്ചുവിട്ടു

യാത്രക്കാര്‍ക്കിടയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ വഴി തിരിച്ചുവിട്ടു. കാനഡയിലെ വിമാനത്തിനകത്താണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

യാത്രക്കിടെ ഗ്രാന്‍ഡെ പ്രേരിയില്‍ നിന്നുള്ള 16 കാരന്‍ കുടുബാംഗമായ മധ്യവയസ്‌കനെ മര്‍ദിച്ചതോടെയാണ് എയര്‍ കാനഡ വഴി തിരിച്ചു വിട്ടത്. ഞായറാഴ്ചയാണ് യാത്രക്കാരെ കുഴക്കിയ സംഭവമുണ്ടായത്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ റിപ്പോര്‍ട്ട് പ്രകാരം കാനഡയിലെ ടൊറന്റോയില്‍ നിന്നും കാല്‍ഗറിക്ക് പോവുകയായിരുന്ന എയര്‍ കാനഡ ഫ്‌ലൈറ്റ് 137 ലാണ് സംഭവം. ഉച്ചക്ക് ഏകദേശം പന്ത്രണ്ടരയോടെ വിന്നിപെഗിലേക്കുള്ള വിമാനം വഴിതിരിച്ച്‌ വിടുകയാണെന്ന അറിയിപ്പ് വിന്നിപെഗ് റിച്ചാര്‍ഡ്‌സണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ലഭിച്ചു. വളരെ അപ്രതീക്ഷിതമായി വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന്‍ മറ്റൊരുയാത്രക്കാരനെ അക്രമിച്ചതിലാണ് വഴിതിരിച്ച്‌ വിടുന്നതെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

എയര്‍ലൈന്‍ ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് വളരെ പണിപെട്ടാണ് 16 കാരനെ തടഞ്ഞതെന്ന് എയര്‍ലൈന്‍ അധികൃതര്‍ പറയുന്നു. നിസ്സാര പരിക്കുകളുണ്ടായ മധ്യവയസ്‌കന് പ്രാഥമിക ചികിത്സ നല്‍കിയതായും അധികൃതര്‍ അറിയിച്ചു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ച കാരണമെന്തെന്ന്  വ്യക്തമല്ല. വഴി തിരിച്ച്‌ വിട്ടതിനാല്‍ കാല്‍ഗറിയിലേക്കുള്ള യാത്ര തുടരുന്നതിന് യാത്രക്കാര്‍ക്ക് ഏകദേശം മൂന്ന് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു.