ബോണ്ടാക്കള്ളന്‍

ബോണ്ടാക്കള്ളന്‍

'ദേ അവിടെ, കഴിച്ചേന്‍റെ പൈസ തന്നിട്ട്‌ പോ മോനെ. ഡാ പയ്യാ, അവിടെ നിക്കാന്‍...'

കൂട്ടത്തോടെ നടന്നു നീങ്ങിയ സ്‌കൂള്‍ കുട്ടികളെയും അവരുടെ ഒപ്പം വന്ന സാറന്മാരെയും പുറകീന്ന്‌ കൈകൊട്ടി വിളിച്ച്‌ ചായക്കടക്കാരന്‍ പറഞ്ഞു.

ആദ്യം കാണുന്ന ഒരു പയ്യനെ ഒക്കെ ''മോനെ'' എന്ന്‌ കേറി വിളിക്കണേല്‍ ആ മോന്‍റെ മുന്‍പില്‍ വേറെ എന്തേലും ഒക്കെ വിശേഷണം കാണണം.

ആരെ ഉദേശിച്ചാവുമോ. ഞാന്‍ വണ്ടറടിച്ചു. ഏതോ ഒരുത്തന്‍ തിന്നേച്ച്‌ പൈസ കൊടുക്കാതെ മുങ്ങീട്ടുണ്ട്‌. അതാണ്‌ അയാള്‍ വിളിച്ചു കൂവുന്നത്‌.

''ബാക്കിയുള്ളോരേ കൂടി നാണം കെടുത്താന്‍ ഓരോന്ന്‌ ഇറങ്ങിക്കോളും''. ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ആരാവും അങ്ങനെ ഒരു വൃത്തികെട്‌ കാണിച്ചത്‌. ഹോട്ടലില്‍ കേറി മൂക്കുമുട്ടെ തിന്നിട്ട്‌ പൈസ കൊടുക്കാതെ ഇറങ്ങി പോരുക. ആരും ഇത്രേം ചീപ്പാകാന്‍ പാടില്ല.

കുറ്റവാളി ആരാന്നറിയാനുള്ള ആകാംഷയോടെ ഞാനും ചുറ്റും നോക്കി. എന്നെ എന്തിനും ഏതിനും എപ്പഴും പരിഹസ്സിക്കുന്നവന്മാര്‍ക്ക്‌ ഒരു തിരിച്ചടി കൊടുക്കണം. ഞാന്‍ മനസ്സിലോര്‍ത്തു പക്ഷെ ഞാന്‍ പ്രതീക്ഷിച്ചത്ര കൂസ്സല്‍ ആരുടെ മുഖത്തും കാണുന്നില്ല. 

സാധാരണ ഇമ്മാതിരി നമ്പര്‍ ഇടുന്നത്‌ ളാമണ്ണി സജിയാണ്‌ പക്ഷെ അവന്‍ തല ഉയര്‍ത്തി കല്ല്‌ പോലെ നിക്കുന്നു. അപ്പൊ അവനല്ല.

'ഡാ അവിടെ നിക്കാന്‍'

മണിമലയില്‍ നിന്നുള്ള ഞങ്ങളുടെ ഗ്രൂപ്പിനെ ലക്ഷ്യമാക്കിയാണ്‌ അയാളുടെ വരവ്‌. അയാള്‍ അടുത്തടുത്ത്‌ വരികയാണ്‌.

അടുത്തെത്തിയപ്പോള്‍ എനിക്ക്‌ മനസ്സിലായി...അയാളുടെ നോട്ടം എന്‍റെ നേര്‍ക്കാണ്‌. 

കര്‍ത്താവേ ഞാനോ! 

'തിന്നതിന്‍റെ പൈസ കൊടുത്തിട്ട്‌ പോ മോനെ'

അയാള്‍ എന്‍റെ മുഖത്തേക്കാണ്‌ നോക്കുന്നത്‌, ഞാന്‍ ഉറപ്പിച്ചു.

ഒടുവില്‍ അയാളുടെ കൈ എന്‍റെ തോളില്‍ പതിച്ചപ്പോള്‍ എനിക്ക്‌ പൂര്‍ണ്ണവിശ്വാസ്സമായി...അയാള്‍ ഉന്നം വച്ചത്‌ എന്നെ തന്നെയാണ്‌.

കൂട്ടത്തിലുള്ള വേറെ ആരേലും നാണം കെടുന്നത്‌ കാണാന്‍ കാത്തിരുന്ന എനിക്ക്‌ തന്നെ ഈ ഗതി വന്നല്ലോ. 

എന്ത്‌ മറുപടി പറയണം എന്നറിയാത്‌ ഞാന്‍ പകച്ചു. ഇടക്ക്‌ ഞാന്‍ കൂടെ വന്ന ഉമ്മച്ചന്‍ സാറിനെ നോക്കുന്നുണ്ട്‌, ചൂണ്ടിക്കാണിച്ച്‌ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നുണ്ട്‌ പക്ഷെ കൂടെ വന്ന കുട്ടികളുടെ പരിഹാസ്സ ചിരിയിലും അവരുടെ കമന്റുകളിലും ഞാന്‍ പറയുന്നതൊന്നും ആരും കേള്‍ക്കുന്നില്ല.

ഞാന്‍ നിന്നിടത്ത്‌ നിന്ന്‌ വിറയ്‌ക്കുകയും വിയര്‍ക്കുകയും ചെയ്‌തു. എന്ത്‌ പറയണം, എങ്ങനെ പറയണം. ഭാഷ  അറിയാത്തവന്‍ മറുനാട്ടില്‍ ചെന്ന അവസ്ഥ.

തിന്ന ബോണ്ടയും കുടിച്ച ചായയും ആവിയായി പോയി.


*

പുലിക്കല്ല്‌ സ്‌കൂളില്‍ നിന്നും താലൂക്ക്‌ അടിസ്ഥാനത്തിലുള്ള സ്‌പോര്‍ട്‌സ്‌ മത്സരം കഴിഞ്ഞുള്ളവരവാണ്‌. പുലിക്കല്ല്‌ സ്‌കൂളില്‍ ഓട്ടത്തിന്‌ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ കുട്ടികള്‍ക്ക്‌ വാഴൂര്‍ എസ്‌. ആര്‍. വി. എന്‍. എസ്‌. എസ്‌ സ്‌കൂളില്‍ താലൂക്ക്‌ മത്സരം. 

കൂടെ ഓടാന്‍ വന്നത്‌ കാവാലം പോളിയും മാങ്കല്‍ സജിയുമാണ്‌. രണ്ടും അദ്ധ്യാപകരുടെ മക്കള്‍. 

മറ്റ്‌ താലൂക്കുകളില്‍ നിന്നും വന്ന കുട്ടികളോടൊപ്പം ഞങ്ങളും ഓടി മത്സരിച്ചു എങ്കിലും ഓടി തളന്നു വന്ന പോളിക്കും സജിക്കും ഗ്ലൂക്കോസ്‌ പൊടി കൊടുക്കാന്‍ കാര്‍ത്ത്യായനി ടീച്ചര്‍ മറന്നില്ല. അവര്‌ രണ്ടാളും സാറന്മാരുടെ മക്കള്‍ ആണല്ലോ. വെറും ഒരു പലചരക്ക്‌ കച്ചവടക്കാരന്‍റെ മകനായ എനിക്ക്‌ ഗ്ലൂക്കോസ്‌ തരാന്‍ കാര്‍ത്ത്യായനി ടീച്ചര്‍ മറന്നു. അല്ലെങ്കില്‍ മറന്നതായി നടിച്ചു.

അല്ലെങ്കില്‍ തന്നെ ഓട്ട മത്സരത്തില്‍ വെറും മൂന്നാം സ്ഥാനം മാത്രം കരസ്ഥമാക്കിയ എനിക്കെന്തിനാ ഗ്ലൂക്കോസ്‌!

അദ്ധ്യാപകരുടെ പക്ഷാഭേദം ആദ്യം തിരിച്ചറിഞ്ഞ ദിവസ്സം.

മത്സരം എല്ലാം കഴിഞ്ഞ്‌ തിരികെ മണിമല ലക്ഷ്യമാക്കി ബസ്‌ വിടുന്നതിന്മുന്‍പ്‌ ഉമ്മച്ചന്‍ സാര്‍ പറഞ്ഞു 


'ഒരു കാപ്പി കുടിച്ചിട്ട്‌ പോകാം.ആര്‍ക്കേലും എന്തേലും വേണോങ്കില്‍ മേടിച്ചു കഴിച്ചോണം''

ഒരു ഔദാര്യത്തിന്‍റെ ധ്വനി അതില്‍ ഞാന്‍ മുഴങ്ങിക്കേട്ടു. 

പത്തിന്‌ മേലെ കുട്ടികള്‍ ഗ്രൂപ്പിലുണ്ട്‌. എല്ലാരും ഓരോ മെഡല്‍ മോഹിച്ചു വന്നവര്‍.

എന്‍റെ വകയിലൊരു പെങ്ങളുടെ വകയിലൊരു അളിയനാണ്‌ ഉമ്മച്ചന്‍ അഥവാ ഉമ്മച്ചന്‍ സര്‍.

വീട്ടില്‍ വരുമ്പോള്‍ അളിയാ എന്നും സ്‌കൂളില്‍ വരുമ്പോള്‍ സാറേ എന്നും വിളിച്ചു പോന്നു ഞാന്‍ അദ്ദേ ഹത്തെ. ഒരുമാതിരി അളിയന്‍ സാര്‍!

അങ്ങേരാണ്‌ പറഞ്ഞത്‌ ആര്‍ക്കേലും എന്തേലും വേണേല്‍ മേടിച്ചു തിന്നോണം.

ഈ ട്രിപ്പിന്‍റെ പേരും പറഞ്ഞ്‌ എട്ട്‌ രൂപ സ്‌കൂള്‍ അധികൃതര്‍ മാതാപിതാക്കളോട്‌ വാങ്ങിയിരുന്നു. അപ്പോള്‍ പിന്നെ അതില്‍ നാലുമണി കാപ്പിയും ഉണ്ടാവും. 

സര്‍ പറഞ്ഞത്‌ കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ എന്‍റെ ഓര്‍ഡര്‍ മനസ്സില്‍ കരുതി.


''ബോണ്ട തിന്നിട്ടില്ലാത്ത ആരേലും ഉണ്ടോ?'' എന്ന്‌ മലയാളം പഠിപ്പിക്കുന്ന കുഞ്ഞപ്പന്‍സാര്‍ ക്ലാസ്സില്‍ ചോദിച്ചപ്പോള്‍ എഴുന്നേറ്റ്‌ നില്‍ക്കാന്‍ ഞാനേ ഉണ്ടാരുന്നുള്ളു. മുഞ്ഞനാട്ട്‌ ജോര്‍ജ്ജും നരിതൂക്കി തൊമ്മനും ഒക്കെ ഒരു കാരണവശാലും ബോണ്ട തിന്നിട്ടുണ്ടാവില്ല എന്നെനിക്ക്‌ നിശ്ചയം ഉണ്ടായിരുന്നു പക്ഷെ അവന്മാര്‍ ആരും ഇരുന്നിടത്ത്‌ നിന്ന്‌ അനങ്ങിയില്ല. നാണം കെടാനും മറ്റ്‌ പിള്ളേരുടെ കളിയാക്ക്‌ സഹിക്കാനും ഞാന്‍ മാത്രം.

ഇതുതന്നെ അവസ്സരം.

ഞാന്‍ നാല്‌ ബോണ്ടയും ഒരു ചായയും ഓര്‍ഡര്‍ ചെയ്‌തു.

വീട്ടില്‍ കാപ്പി കൃഷി ഉണ്ടായിരുന്നതിനാല്‍ വീട്ടില്‍ എന്നും കാപ്പിയായിരുന്നു കുടിച്ചിരുന്നത്‌. ഒരു ചായ കുടിക്കാന്‍ ഇതുപോലെ വല്ലതും ഒക്കണം. 

ഞാന്‍ അവസ്സരം പാഴാക്കിയില്ല. 

''ഇനി വല്ലോം വേണോ?'' ആക്രാന്തം മൂത്ത എന്‍റെ തീറ്റി കണ്ടപ്പോള്‍ ചായക്കടക്കാരന്‍ എന്നെ പ്രോത്സാഹിപ്പിച്ചു.

പകല്‍ മുഴുവന്‍ വാടാ വെയിലത്ത്‌ പുലിക്കല്ല്‌ സ്‌കൂളിന്‍റെ യശസ്സ്‌ ഉയര്‍ത്തിക്കാട്ടാന്‍ ചോര നീരാക്കിയ ഞാന്‍ ഇതൊക്കെ അല്ലെ മേടിച്ചു കഴിക്കുന്നുള്ളൂ.

വയറ്‌ നിറഞ്ഞു എന്നൊരു ഫീലിംഗ്‌ വന്നപ്പോള്‍ ഞാന്‍ എഴുന്നേറ്റ്‌ കൈ കഴുകി. അപ്പോഴേക്കും ബാക്കി ഉള്ളവരും കഴിച്ചു തീര്‍ന്നിരുന്നു.

എല്ലാരും ഹോട്ടലിന്‌ പുറത്തേക്ക്‌ ഇറങ്ങിയ കൂട്ടത്തില്‍ ഞാനും അവരോടൊപ്പം ചേര്‍ന്നു...പിന്നില്‍ പതിയിരിക്കുന്ന അപകടം മനസ്സിലാക്കാത്‌.

'പോളെ നീ പൈസ കൊടുത്തില്ലേ'

ഉമ്മച്ചന്‍ അളിയന്‍ എന്നെ നോക്കി ചോദിച്ചു.

'ഇല്ല'

'എന്നാ കൊടുക്കാഞ്ഞേ'

'എന്‍റെ കൈയില്‍ പൈസയില്ല'

'പിന്നെ എന്തിനാ കേറി മൂ..`

പറയാന്‍ വന്നത്‌ ഉള്ളില്‍ അടക്കി അളിയന്‍ ചോദിച്ചു 'പിന്നെ എന്തിനാ നീ കേറി കഴിച്ചത്‌`

'അച്ചാച്ചന്‍ രൂപ തന്നില്ലേ. എട്ട്‌ രൂപ. അതീന്ന്‌ കൊടുക്കുമെന്നാ കരുതിയത്‌` എന്ന്‌ പറയാനുള്ള വകതിരിവ്‌ ഇല്ലാതിരുന്നതിനാല്‍ ഞാന്‍ ഒന്നും മിണ്ടിയില്ല

പകരം ഞാന്‍ പറഞ്ഞു ''എനിക്ക്‌ വിശന്നിട്ട്‌''

എല്ലാം ശ്രദ്ധിച്ചു നിന്ന മറ്റ്‌ കുട്ടികള്‍ കുശുകുശുക്കാനും എന്നെ നോക്കി ചിരിക്കാനും തുടങ്ങി.

എന്ത്‌ ചെയ്യണം എന്നറിയാതെ ഞാന്‍ നിന്ന്‌ വിയര്‍ത്തു.

'എത്രയാ അവന്‍റെ?`

ഉമ്മച്ചന്‍ സാര്‍ ഹോട്ടല്‍ ഉടമയെ നോക്കി ചോദിച്ചു.

'രണ്ടു രൂപ മുപ്പത്‌ പൈസ സര്‍`

ഉമ്മച്ചന്‍ സാര്‍ എന്നെ ഇരുത്തി ഒന്ന്‌ നോക്കീട്ട്‌ രണ്ടു രൂപ മുപ്പത്‌ പൈസ തന്‍റെ അണ്ടര്‍വെയറിന്‍റെ പോക്കറ്റില്‍ നിന്നും എടുത്ത്‌ കൊടുത്തു.

തിരികെ മണിമല എത്തുന്നിടം വരെ ഉമ്മച്ചന്‍ സാര്‍ എന്നോട്‌ ഒന്നും മിണ്ടിയില്ല പക്ഷെകൂടെ വന്നിരുന്ന പിള്ളേര്‍ക്ക്‌ പറഞ്ഞ്‌ ഉല്ലസ്സിക്കാന്‍ ഒരു കാരണം കിട്ടി.

അപമാനം അവിടം കൊണ്ടും തീര്‍ന്നില്ല.

ഉമ്മച്ചന്‍സാര്‍ അത്‌ എന്‍റെ അപ്പനോടും പറഞ്ഞു. കാരണം അങ്ങേരുടെ `രണ്ടു രൂപ മുപ്പത്‌ പൈസ` അങ്ങേര്‍ക്ക്‌ തിരികെ കിട്ടണ്ടേ?

അങ്ങനെ വേലിയേല്‍ ഇരുന്ന മൂന്നാം സ്ഥാനം ഞാന്‍ എടുത്ത്‌ പറയാന്‍ പറ്റാത്തിടത്ത്‌ വച്ച അവസ്ഥയായി.

അന്നാണ്‌എനിക്ക്‌ ശരിക്കും ബോണ്ടാ കള്ളന്‍ എന്ന്‌ പേര്‌ വീണത്‌ പക്ഷെ എനിക്ക്‌ വീണ മറ്റു പേരുകള്‍ പോലെ അതും അധികനാള്‍ നീണ്ടു നിന്നില്ല...അടുത്തത്  വീഴുന്നിടം വരെ.

 

പോൾ ചാക്കോ, തീമ്പലങ്ങാട്ട്