അടച്ചിട്ട ഒറ്റമുറി: കവിത

സുജ ശശികുമാർ
നരച്ച ആകാശത്തിനു കീഴിലെ
അടച്ചിട്ട ഒറ്റമുറിയിൽ
ഒറ്റുകാരനെ പേടിച്ച്
ശ്വാസം നിലയ്ക്കാനായ ഒരു മനസ്സുണ്ട്
ചിരിക്കാൻ മറന്ന് വിറങ്ങലിച്ച്
മൗനത്താൽ വിതുമ്പുന്ന ചുണ്ടുകൾ
ശബ്ദങ്ങൾ അരോചകമായ കാതുകൾ
എഴുതാൻ മറന്ന വാക്കുകളെ ചേർത്തു
പിടിച്ച് കരയുന്ന കരങ്ങൾ
ഗന്ധം പോലും അന്യമായ നാസിക,
കടലിരമ്പം അവസാനിച്ച ഹൃദയം മൂകമായി
തേങ്ങുന്നുണ്ട് അടച്ചിട്ട മുറിയ്ക്കകത്ത്.
വിശ്വാസതയുടെ മൂടുപടം നീക്കി
അസ്വാരസ്വത്തിൻ വിപ്ലവ ഘോഷങ്ങൾ
മുഴങ്ങിക്കേൾക്കുന്നു ചുറ്റിലും.
കാർമേഘക്കെട്ടുകൾ
കറുത്ത മൂടുപടം ധരിച്ച്
ഭൂമിയിലേയ്ക്ക് ഉറ്റുനോക്കുന്നു.
കഴുകക്കണ്ണുകൾ
അപ്പോഴും വട്ടമിട്ടു പറക്കുന്നു പെണ്ണിൻ
ചോര മോന്താൻ ദാഹിച്ച്.
കാലങ്ങൾക്കിപ്പുറവും
അടച്ചിട്ട മുറിയിൽ നിന്നും
ദീനരോദനം കേൾക്കാം
കാലം മായ്ക്കാൻ ശ്രമിച്ചിട്ടും
മായാതെ.
മറക്കരുതെന്ന് ഓർമ്മിപ്പിച്ചു കൊണ്ട്
നിണമൊഴുക്കിയ വീഥികളിൽ
പ്രതികാരത്തിൻ ചുവന്ന പൂക്കൾ വിടർന്നാടുന്നു...
അടച്ചിട്ട താഴിട്ട ഒറ്റമുറിയിൽ ഇന്നും വിങ്ങി നിൽപ്പുണ്ട്
ഓരോ മനസ്സും പുറം ലോകം കാണാനേറെ
കൊതിച്ച്....