കുട്ടിയുടെ സഹോദരന്‍ ഹീറോ, രേഖാചിത്രം സഹായകരമായി; തട്ടിക്കൊണ്ടുപോകല്‍ കേസില്‍ എഡിജിപി

കുട്ടിയുടെ സഹോദരന്‍ ഹീറോ,   രേഖാചിത്രം   സഹായകരമായി;   തട്ടിക്കൊണ്ടുപോകല്‍  കേസില്‍  എഡിജിപി

കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളേയും പിടികൂടിയതായി എഡിജിപി എം ആര്‍ അജിത് കുമാര്‍.

പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിജിപി. കുട്ടിയെ രക്ഷിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. മൂന്ന് ഹീറോകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്. ഒന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍, രണ്ട് പെണ്‍കുട്ടി, മൂന്ന് രേഖാചിത്രം വരച്ചവര്‍.

കൊല്ലം ജില്ലാ വാസിയും പരിസരം അറിയുന്നവരാണ് പ്രതികളെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായി. സൈബര്‍ പരിശോധനയും പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളുമാണ് നിര്‍ണായകമായതെന്ന് എഡിജിപി ചൂണ്ടിക്കാണിച്ചു. എടുത്ത് പറയേണ്ടത് സഹോദരന്‍ ജോനാഥനെ കുറിച്ചാണ്. അയാളൊരു ഹീറോയാണ്, അയാളുടെ ഭാഗത്തു നിന്നാണ് ആദ്യ ചെറുത്തു നില്‍പ്പുണ്ടായത്. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന വ്യക്തിയായിരുന്നു പത്മകുമാര്‍, അഞ്ച് കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് അവകാശപ്പെടുന്നത്

കുട്ടിയെ കാണാതായതിന് ശേഷമുള്ള 96 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടികൂടാന്‍ സാധിച്ചു. കേസ് ആരംഭിക്കുമ്ബോള്‍ ഒരു തുമ്ബും ഇല്ലായിരുന്നു. കൃത്യമായ ആസൂത്രണം കേസിലുണ്ടായി. മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം നല്‍കി. നാലാം ദിനം കേസ് തെളിഞ്ഞു. കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന വ്യക്തിയായിരുന്നു പത്മകുമാര്‍, അഞ്ച് കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ ഒരു വര്‍ഷം പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചിരുന്നു. ഇത് അവരുടെ പക്ഷമാണ്, പരിശോധന നടത്തേണ്ടതുണ്ട്, എഡിജിപി വ്യക്തമാക്കി.

ഒരു വര്‍ഷം മുന്‍പാണ് ആദ്യ വ്യാജ നമ്ബര്‍ പ്ലേറ്റ് ഉണ്ടാക്കിയത്. ഒരു മാസം മുന്‍പാണ് ആക്ടീവായി തട്ടിക്കൊണ്ടുപോകലിനുള്ള ആസൂത്രണം ചെയ്തു തുടങ്ങിയത്. സ്ഥിരമായി യാത്ര ചെയ്തു തട്ടിയെടുക്കാന്‍ ആവശ്യമായ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഈ കുട്ടികളെ കണ്ടെത്തിയത് രണ്ടാഴ്ച മുന്‍പാണ്. നേരത്തെ രണ്ട് തവണ ശ്രമം നടത്തിയിരുന്നു. പാരിപ്പള്ളിയിലെ കടയില്‍ നിന്നാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്, എഡിജിപി പറഞ്ഞു.

രാവിലെ പത്തു മണിയോടെ കുട്ടിയെ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ 11 മണിയോടെയാണ് ഉപേക്ഷിച്ചത്. അനിത കുമാരിയാണ് കുട്ടിയെ ഉപേക്ഷച്ചത്. കോളേജ് കുട്ടികള്‍ കണ്ടെന്ന് ഉറപ്പുവരുത്തിയാണ് ആശ്രാമം മൈതാനത്ത് എത്തിയത്. ഈ സമയം മകളും കൂടെ ഉണ്ടായിരുന്നു. പിന്നീടാണ് സ്ഥലത്ത് നിന്നും മാറിയത്.

കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായ ഒരു ഘടകം ശബ്ദശകലങ്ങളാണ്. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. വീട്ടില്‍ വച്ചിരുന്നു. പാരിപ്പള്ളി ഹൈവേയില്‍ വച്ചാണ് ഇവര്‍ കാറിന്റെ നമ്ബര്‍ പ്ലേറ്റ് മാറ്റിയത്. ശേഷമാണ് വീട്ടിലെത്തിയത്.