ആടുജീവിതത്തിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി

ആടുജീവിതത്തിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി

പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതത്തതിന് ബഹ്‌റൈനില്‍ പ്രദർശനാനുമതി. ഏപ്രില്‍ മൂന്ന് മുതലാണ് സിനിമ ബഹ്‌റൈനില്‍ പ്രദർശിപ്പിക്കുക.

നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎഇയില്‍ മാത്രമായിരുന്നു സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചിരുന്നത്. ആടുജീവിതം ബഹ്‌റൈനിലെ തിയേറ്ററുകളിലുമെത്തുന്നു എന്ന വാർത്തയെ പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആടുജീവിതത്തിന്റെ ആദ്യ ഷോയ്ക്ക് എല്ലാ തിയേറ്ററുകളിലും വലിയ തോതില്‍ ഓണ്‍ലൈൻ ബുക്കിങ് ലഭിച്ചിട്ടുണ്ട്.

അതേസമയം ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സെൻസറിങ് മാർച്ച്‌ 31 ന് നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. മലയാള സിനിമയുടെ കളക്ഷനില്‍ വലിയ പങ്ക് ജിസിസി രാജ്യങ്ങള്‍ വഹിക്കുന്നുണ്ട്. കൂടുതല്‍ ജിസിസി രാജ്യങ്ങളില്‍ പ്രദർശനം തുടങ്ങുന്നതോടെ സിനിമയുടെ കളക്ഷനിലും അത് ഗുണം ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

നിലവില്‍ രണ്ടുദിവസം കൊണ്ട് സിനിമ ആഗോളതലത്തില്‍ 30 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രമായി ഇന്നലെ സിനിമ 6.5 കോടി നേടിയെന്നാണ് സൂചന. ഇന്നലെ 75.09 ശതമാനം ഒക്യുപൻസിയാണ് സിനിമയ്ക്ക് ലഭിച്ചത്.