ചുവപ്പ് സ്കൂട്ടർ : റോയി പഞ്ഞിക്കാരൻ

ഇരുചക്ര വാഹനത്തോട് പ്രണയം തോന്നുന്ന പ്രായം . കാളവണ്ടിയാണേലും പിടിവണ്ടി ആണേലും സൈക്കിൾ ആണേലും ഒന്ന് തൊട്ടു നോക്കാൻ തോന്നുന്ന പ്രായം . ആ സമയത്താണ് ഉറ്റ സുഹൃത്തിനു സ്വന്തമായി ഒരു ചുവപ്പ് സ്കൂട്ടർ ലഭിക്കുന്നത് . നഗരത്തിലെ ഏക ചുവപ്പു സ്കൂട്ടർ . രാജ പാതയിലും
ഇടവഴികളിലും കൂടി അത് പാഞ്ഞു . പുറകിലത്തെ സീറ്റിൽ ഞാനും മിക്കവാറും ഉണ്ടാവും . എന്തായിരുന്നു ഗമ . ആരെങ്കിലും ഒന്ന് കണ്ടാൽ മതിയായിരുന്നു.
അങ്ങനെ സന്തോഷത്തിന്റെ ഏതോ ഒരു ദിനത്തിൽ ഈ ചുവപ്പു സ്കൂട്ടർ ഒരു കടയുടെ മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നു . കത്തുന്ന വെയിലിൽ , ഇതിൽ കയറി വീട്ടിൽ പോകാല്ലോ എന്ന് ഞാൻ കരുതി . സ്കൂട്ടറിന്റെ അടുത്ത് ചെന്ന് നിന്ന് സുഹൃത്തിനെയും പ്രതീക്ഷിച്ചു നിന്നു . ഉടൻ വരുമായിരിക്കും . പുറകിലെ സീറ്റിൽ ഞാൻ കൈവെച്ചു .
അയ്യോ എന്തൊരു ചൂട് !. ഞാൻ അതിൽ ഇരിക്കേണ്ടതല്ലേ എന്ന് കരുതി അതിന്റെ മുകളിൽ കൈയിലുണ്ടായിരുന്ന തൂവാല വിരിച്ചിട്ടു . ഇതിന്റെ പുറകിലിരുന്നു വീട്ടിൽ ചെനിറങ്ങുന്നതു ചുട്ടുപൊള്ളുന്ന വെയിലിൽ നിന്ന് കൊണ്ട് കിനാവ് കണ്ടു .
പൊടുന്നനെ ഒരു അട്ടഹാസം
' ആരാടാ ഈ തൂവാല ഇതിന്റെ മുകളിൽ ഇട്ടിരിക്കുന്നത് '
ഞാൻ ഞെട്ടിയില്ല .
'ഇതെന്റെ സുഹൃത്തിന്റെ വണ്ടിയാണ് . ആൾ ഇപ്പോൾ വരും' .
പക്ഷെ അതൊന്നും ആ മനുഷ്യൻ കേട്ടില്ല . തൂവാല വലിച്ചെറിഞ്ഞിട്ടു എന്നോട് പറഞ്ഞു ' താനങ്ങോട്ടു മാറി നിക്ക് ഇതെന്റെ വണ്ടിയാണ് '.
എന്നും പറഞ്ഞ് ഒരു ഒറ്റ കിക്കിന് വണ്ടി സ്റ്റാർട്ട് ആക്കി പൊടുന്നനെ തിരക്ക് പിടിച്ച വഴിയിലെങ്ങോട്ടോ മറഞ്ഞു .
ഇതുപോലെ മറ്റൊരു ചുവപ്പു സ്കൂട്ടർ നഗരത്തിൽ എത്തിയിരിക്കുന്നു . സുഹൃത്തിന്റെ വണ്ടിയുടെ നമ്പർ ഇന്നും അറിയില്ല .
ഒന്നു മനസ്സിലായി , മനുഷ്യനായാലും വാഹനമായാലും നിറത്തിലല്ല കാര്യം എന്ന് .