വിഴിഞ്ഞം: സംഘർഷം സമാധാനത്തിലേക്ക് വഴിമാറുമ്പോൾ

വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ സമരം വൈകിയെങ്കിലും ഒത്തുതീർപ്പിലെത്തിക്കാൻ കഴിഞ്ഞതിൽ സർക്കാരിനും സമരസമിതിക്കും ആശ്വസിക്കാം. പദ്ധതി തടസപ്പെടുത്തുന്ന സമരരീതി ഉപേക്ഷിക്കാൻ സമരസമിതി തീരുമാനിച്ചത് എന്തുകൊണ്ടും ഉചിതമായി.
വികസനപദ്ധതികളിൽ ഉപേക്ഷിക്കപ്പെടുന്നവരുടെ സംഖ്യ വർധിക്കുകയാണ്, അവരുടെ നിലവിളിയും അലച്ചിലും തുടർന്നുകൊണ്ടേയിരിക്കുന്നു. എങ്കിലും പദ്ധതി ഇരകളുടെ അതിജീവനസമരവും അതിനെതിരായുള്ള സർക്കാരിന്റെ നീക്കങ്ങളും പ്രദേശത്ത് സംഘർഷാവസ്ഥയ്‌ക്ക് പോലും ഇടയാക്കുന്ന സാഹചര്യമുണ്ടായത് അന്വേഷിക്കപ്പെടേണ്ടത് തന്നെയാണ് .
വിഴിഞ്ഞം പോലുള്ള വൻകിട വികസന പദ്ധതികൾ നാടിൻറെ വളർച്ചയ്ക്ക് ആവശ്യം തന്നെയാണ് , . പക്ഷേ ഏത് സാഹചര്യത്തിലും അക്രമ സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടുക തന്നെ വേണം, സമര സമിതി ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നു .
ഇത്തരം വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ സാധാരണ ജനങ്ങളുടെ നിസഹായാവസ്ഥയെ അധികാരത്തിലിരിക്കുന്നവർ കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ജീവിതങ്ങളെ വഴിയാധാരമാക്കിയും പ്രതിഷേധിക്കുമ്പോൾ തീവ്രവാദികളായും വികാരജീവികളായും വിദേശത്തുനിന്നു പണം കൈപ്പറ്റുന്നവരായുമൊക്കെ ചിത്രീകരിച്ചുമല്ല പദ്ധതികൾ നടപ്പാക്കേണ്ടത് .
വിഴിഞ്ഞം ജനതയുടെ അതിജീവന സമരം അവരുടെ ആശങ്കകളിൽനിന്ന് സംഭവിച്ചതാണ് . പദ്ധതി മുടക്കാൻ വിദേശത്തുനിന്ന് വലിയ തുക സംഭാവന വാങ്ങിയാണ് മത്സ്യത്തൊഴിലാളികളും അവരുടെ നേതാക്കളും സമരം നടത്തുന്നതെന്ന് ആക്ഷേപമുന്നയിക്കുന്നവർ സത്യാവസ്ഥ അറിയാൻ അത് അന്വേഷിക്കണം. പ്രളയ കാലത്ത് രക്ഷക്കെത്തിയ കടലിന്റെ മക്കളെ കേരളത്തിന്റെ സൈന്യമെന്നു വിളിച്ചവർ തന്നെ തള്ളിപ്പറഞ്ഞ സാഹചര്യമാണുണ്ടായത് .
വീടും സ്ഥലവും നഷ്ടപ്പെട്ട് ഗോഡൗണുകളിലും ക്യാമ്പുകളിലും കഴിയുന്നവരടക്കമുള്ളവരുടെ പ്രശ്നങ്ങളുടെ ഗൗരവ സ്ഥിതി സർക്കാരിന് മുമ്പിൽ ചൂണ്ടിക്കാട്ടാൻ സാധിച്ചത് സമരത്തിന്റെ വിജയം തന്നെയാണ് . കിടപ്പാടം നഷ്ടപ്പെട്ട് ക്യാമ്പിലോ ബന്ധുവീടുകളിലോ കഴിയുന്ന 284 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിൽ വന്ന കാലതാമസമാണ് പ്രശ്നം ഇത്ര വഷളാകാൻ കാരണമായത്. വീടും സ്ഥലവും ലഭ്യമാക്കാൻ നടപടിയെടുക്കുന്നതുവരെ 5500 രൂപയ്ക്കുപകരം 8000 രൂപ വാടകയിനത്തിൽ നൽകണമെന്ന ഇവരുടെ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണ് .
തീരദേശ ജനത പങ്കുവെച്ചത് തൊഴിലാളികൾ അവരുടെ ജീവിതപ്രശ്നങ്ങളും ആശങ്കയുമാണ് . പദ്ധതി തീരശോഷണമുണ്ടാക്കില്ലെന്നും അവരുടെ ഉപജീവനമാർഗത്തിന് വിഘാതമുണ്ടാക്കില്ലെന്നും വ്യക്തമാവുകയാണെങ്കിൽ ആശങ്ക ഇല്ലാതാവും. പക്ഷേ പദ്ധതിയിൽ തീരശോഷണം യാഥാർഥ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രശ്നം ശത്രുതാപരമായ നീക്കങ്ങളിലേക്ക് പോവാതെ നോക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്, എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പ്രസ്താവനകളും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ് .