പുതിയ 14 ഇന നിർദേശങ്ങൾ കൈമാറി ഇറാൻ; അതിരുകടന്നാൽ ശക്തമായി ആക്രമിക്കുമെന്ന് ട്രംപ്
യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം അവസാനിപ്പിക്കാനുളള സമാധാന ചര്‍ച്ചയ്ക്കായി പുതിയ 14 നിര്‍ദേശങ്ങള്‍ കൈമാറി ഇറാന്‍. എല്ലാ മേഖലയിലെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം. മുപ്പത് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്നും 14 ഇന നിര്‍ദേശത്തില്‍ പറയുന്നുണ്ട്.
അമേരിക്ക നിര്‍ദേശിച്ചത് രണ്ട് മാസത്തെ വെടിനിര്‍ത്തലായിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് 30 ദിവസത്തിനുളളില്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ ആവശ്യം.
ഭാവിയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറപ്പ് നൽകണം, ഇറാന്റെ അതിര്‍ത്തിയില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിക്കണം, നാവിക ഉപരോധം അവസാനിപ്പിക്കണം, മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ മോചിപ്പിക്കണം, നഷ്ടപരിഹാരം നല്‍കണം, ഉപരോധങ്ങള്‍ പിന്‍വലിക്കണം, ലെബനനിലെ ആക്രമണം അവസാനിപ്പിക്കണം, ഹോര്‍മുസ് കടലിടുക്ക് നിയന്ത്രിക്കുന്ന പുതിയ സംവിധാനം ഏർപ്പെടുത്തണൺ എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങള്‍.