യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും; എൽഡിഎഫ് തീരെ മോശം ആകില്ലെന്ന് പിസി ജോർജ്

May 3, 2026 - 14:49
 0  1
യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും; എൽഡിഎഫ് തീരെ മോശം ആകില്ലെന്ന് പിസി ജോർജ്

കോട്ടയം: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ജയപ്രതീക്ഷ പങ്കുവെച്ച് എൻഡിഎ സ്ഥാനാർഥി പിസി ജോർജ് . മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പിസി ജോർജ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൻ്റെ തലേദിവസമാണ് പിസി ജോർജിൻ്റെ പ്രതികരണം.

പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുവുകയെന്നും പിസി ജോർജ് പ്രവചിച്ചു.

യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 11 സീറ്റിൽ എൻഡിഎ ജയിക്കും. കേരളത്തിന്‌ പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പിസി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.