ആറാം ലോകകപ്പ് കിരീടവുമായി ഓസ്ട്രേലിയ

അഹമ്മദാബാദ്: ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പിച്ച് ആറാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ . ഇത് ആറാം തവണയാണ് ഏകദിന ലോകകപ്പ് കിരീടം ഓസീസ് നേടുന്നത്.
തകര്‍പ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണര്‍ ട്രാവിസ് ഹെഡാണ് (137) നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യൻ ആരാധകരുടെ കണ്ണീര്‍ വീഴ്ത്തിയത്. കൂട്ടിന് അര്‍ധ സെഞ്ച്വറിയുമായി (58*) ഓസീസ് മധ്യനിര ബാറ്റര്‍ ലബൂഷെയ്നും . ഇന്ത്യ ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 43 ഓവറില്‍ നാല് വിക്കറ്റ് നഷ്ത്തില്‍ ലക്ഷ്യം കണ്ടു. 47 റണ്‍സിന് മൂന്ന് വിക്കറ്റെന്ന് പരാജയ മുഖത്ത് നിന്നാണ് ട്രാവിസ് ഹെഡും മാര്‍നസ് ലബൂഷെയ്നും ചേര്‍ന്ന് ഓസീസിനെ വിജയത്തിലെത്തിച്ചത്.
അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തെ നിശബ്ദമാക്കിയാണ് 241 വിജയലക്ഷ്യം ഓസ്ട്രേലിയ മറികടന്നത്.
ട്രാവിസ് ഹെഡ് 4സിക്സറുകളും 15 ഫോറുകളും സഹിതം 120 പന്തുകളില്‍ നിന്ന് 137 റണ്‍സ് നേടി. മാര്‍നസ് ലബുഷെയ്ൻ 110 പന്തുകളില്‍ 58 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. വിജയം ഉറപ്പിച്ചശേഷം 43ാം ഓവറിലാണ് ട്രാവിസ് ഹെഡ് പുറത്തായത്. സിറാജിനെ സിക്സടിക്കാനുള്ള ശ്രമം ഗില്ലിന്റെ കൈകളില്‍ അവസാനിച്ചു.
241 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. രണ്ടാം ഓവറില്‍ 7 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമി എറിഞ്ഞ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ വിരാട് കോഹ്ലിക്ക് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ പുറത്തായത്. പിന്നാലെ എത്തിയ മിച്ചല്‍ മാര്‍ഷിനെ അഞ്ചാം ഓവറില്‍ ബുംറ പുറത്താക്കി. 15 റണ്‍സ് നേടിയ മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിക്കുകയായിരുന്നു. 4 റണ്‍സെടുത്ത് സ്റ്റീവ് സ്മിത്തിനെ ഏഴാം ഓവറില്‍ ബുംറ പുറത്താക്കി.
എന്നാല്‍ നാലാം വിക്കറ്റില്‍ ഹെഡ്ഡും ലബുഷെയ്നും ചേര്‍ന്ന് ഇന്ത്യൻ പ്രതീക്ഷകളെ തല്ലിക്കൊഴിച്ചു. സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് പിന്നാലെ ഇരുവരും ചേര്‍ന്ന് 28ാം ഓവറില്‍ ടീം സ്കോര്‍ 150 കടത്തി. 95 പന്തില്‍ ഹെഡ്ഡ് സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലും വിരാട് കോഹ്ലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിയുകയും ഫീല്‍ഡര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കയും ചെയ്തതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിഷമിച്ചു. ഈ ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ ഓള്‍ ഔട്ടാകുന്നത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടല്‍ കൂടിയാണിത്.