ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ വിലക്കുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്

ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ വിലക്കുമെന്ന് ഫിഫയുടെ മുന്നറിയിപ്പ്

റിയോ ഡി ജനീറോ: 2024-ല്‍ അമേരിക്കയില്‍ ആരംഭിക്കുന്ന കോപ അമേരിക്ക ടൂര്‍ണമെൻ്റില്‍ ബ്രസീലിന് കളിക്കാനാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍.

ബ്രസീല്‍ ഫുട്ബോള്‍ ടീമിനെയും രാജ്യത്തെ ക്ലബുകളെയും വിലക്കുമെന്ന താക്കീത് നല്‍കിയിരിക്കുയാണ് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷൻ. ഫിഫയുടെ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് മേല്‍ ബ്രസീല്‍ സര്‍ക്കാരും കോടതിയും കടന്നുകയറ്റം നടത്തുന്നത് ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്.

സംഘടനാ തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ തുടര്‍ന്ന് ബ്രസീല്‍ ഫുട്ബാള്‍ കോണ്‍ഫെഡറേഷൻ അധ്യക്ഷനായിരുന്ന എഡ്നാള്‍ഡോ റോഡ്രിഗസിനെ കോടതി പുറത്താക്കിയിരുന്നു. റിയോ ഡി ജനീറോയിലെ കീഴ്ക്കോടതി ഉത്തരവ് മേല്‍ക്കോടതി ശരിവെക്കുകയും ചെയ്തു.

സര്‍ക്കാറിന്റെയും കോടതിയുടെയും ഇടപെടല്‍ ഫിഫ നിയമങ്ങള്‍ മറികടന്നാണെന്നും റോഡ്രിഗസിനെ വീണ്ടും അധ്യക്ഷനാക്കണമെന്നുമാണ് ഫിഫയുടെ ആവശ്യം. റോഡ്രിഗസിനെ തിരിച്ചെടുത്തില്ലെങ്കില്‍ വിലക്ക് നേരിടേണ്ടി വരുമെന്നാണ് ബ്രസീലിയൻ ഫുട്ബോള്‍ ഫെഡറേഷന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫിഫ അംഗ രാജ്യങ്ങളുടെ ഫുട്‌ബോള്‍ ബോഡിയില്‍ സര്‍ക്കാരിന്റെയോ മറ്റ് അധികാര കേന്ദ്രങ്ങളുടെയോ ഇടപെടല്‍ പാടില്ലെന്നാണ് ഫിഫ നിയമം. കോടതി ഉത്തരവ് പ്രകാരം പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ഫുട്ബോള്‍ ഫെഡറേഷന് ഫിഫ കത്തയച്ചിട്ടുണ്ട്.