ഫ്രൈഡ് ചിക്കൻ വൈകി; തൃക്കരിപ്പൂരിൽ ഹോട്ടൽ തല്ലിത്തകർത്ത് യുവാക്കൾ
കാസർകോട്: ഓർഡർ ചെയ്ത ഫ്രൈഡ് ചിക്കൻ ലഭിക്കാൻ വൈകിയെന്നാരോപിച്ച് തൃക്കരിപ്പൂരിലെ ഹോട്ടലിന് നേരെ യുവാക്കളുടെ ആക്രമണം. ഇന്നലെ രാത്രി തൃക്കരിപ്പൂരിലെ 'പോഗോ' ഹോട്ടലിലാണ് സംഭവം. പയ്യന്നൂർ സ്വദേശികളായ യുവാക്കളുടെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് ഹോട്ടൽ ഉടമ പരാതിപ്പെട്ടു.
ഹോട്ടലിലെത്തിയ യുവാക്കൾ ഫ്രൈഡ് ചിക്കൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് തയ്യാറാക്കാൻ അല്പം സമയം എടുക്കുമെന്നും 20 മിനിറ്റ് കാത്തിരിക്കണമെന്നും ജീവനക്കാർ അറിയിച്ചു. എന്നാൽ 15 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും യുവാക്കൾ അക്ഷമരാവുകയും ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.
വാക്കുതർക്കം രൂക്ഷമായതോടെ ഹോട്ടലുടമ പൊലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. എന്നാൽ സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം യുവാക്കൾ വീണ്ടും ഹോട്ടലിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ഹോട്ടലിലെ ഉപകരണങ്ങളും ഫർണിച്ചറുകളും സംഘം തല്ലിത്തകർത്തു. സംഭവത്തിൽ ചന്തേര പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും വലിയ വാർത്തയായിരുന്നു. ഇടപ്പള്ളിയിലെ പ്രമുഖ ഫുഡ് ഔട്ട്‌ലെറ്റായ 'ചിക്കിംഗിൽ' സാൻഡ്‌വിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ മാനേജർ കത്തിയുമായി പാഞ്ഞടുത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സിബിഎസ്ഇ മീറ്റിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികളോടാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മാനേജർ മോശമായി പെരുമാറിയത്. വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയ. തുടര്‍ന്ന് കുട്ടികള്‍ സഹോദരന്‍മാരെ വിളിച്ചുവരുത്തിയതോടെ തര്‍ക്കം രൂക്ഷമായി. ഇതിനിടെ മാനേജർ അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന് ആക്രമിക്കാൻ ശ്രമിച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു. വിദ്യാര്‍ഥികളുടെയും മാനേജരുടെയും പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സംഭവത്തില്‍ കേസ് എടുത്തിരുന്നു.