വ്രണിതമീ  മാതൃഹൃദയം: കവിത, അഡ്വ. സുബൈദ ലത്തീഫ്

വ്രണിതമീ  മാതൃഹൃദയം: കവിത,  അഡ്വ. സുബൈദ ലത്തീഫ്

 

അതിരറ്റൊരുമോഹം

അവളിൽനാമ്പിട്ട് നാളെറേയായി...

കാലം കടന്നു പോയ്

ഏറ്റവും ശ്രേഷ്ഠമാം വൈദ്യസഹായത്താൽ......

കതിരിട്ടവൾ തൻ സ്വപ്നം!!

മകൾ പിറന്നു..,

എതിരേറ്റാൾ മകളെ വാത്സല്യത്തൊട്ടിലിൽ .

അളവറ്റ സ്നേഹാമൃതം ചുരത്തീ മകൾക്കായ്.......

 

 നീറ്റുന്നതിപ്പോൾ അവൾമനമങ്ങു....

വാക്ശരങ്ങളേറ്റ വ്രണങ്ങൾ കണക്കേ 

 എന്നുമാ മകൾ വീറോടെവാദിക്കും...

മാതൃസ്നേഹം എന്നതമ്മയ്ക്കില്ലയത്രേ!

ഈറ്റില്ലത്തിൽകിടന്നായമ്മ കരഞ്ഞില്ലപോലും.

പേറ്റുനോവൊട്ടും അറിഞ്ഞില്ലമ്മയെന്നും!!

പിന്നെ എങ്ങനെയറിയുമമ്മ  

ഖിന്നത തിങ്ങുമവളുടെ നൊമ്പരങ്ങൾ....

മകൾ ചോദിക്കുന്നു!

മറ്റുള്ളഅമ്മമാരെ പോലെയമ്മയവളെ 

പെറ്റത് പത്തുമാസംചുമന്നിട്ടാണോ .

എന്ത് വാത്സല്യംഎന്ത് സ്നേഹം 

നൊന്തു പ്രസവിച്ചിതാണോയെന്നെ..

ചോദിക്കുന്നു.

മകൾവീറോടെയെന്നും 

വാദിക്കുന്നു മാതൃസ്നേഹമില്ലയത്രേ!!!  

സത്യമാണ്, ഒരുവേള അവൾചൊന്നതെല്ലാം....

നിത്യവും കേൾക്കുന്നീ പല്ലവികൾ.

ആ അമ്മതൻശ്വാസനിശ്വാസങ്ങളിൽ  

ആ ഉത്തമി തന്നൂണിലുറക്കത്തിലും 

ഒന്നേ കൊതിച്ചുള്ളവൾ ഉൾനീറ്റലാൽ 

"ഒരുജീവന്റെതുടിപ്പ്'

അടിവയറ്റിലായ്..

 

നേർച്ചകൾനേർന്നു.. നോമ്പുനോറ്റു 

തകർച്ചകൾ മാത്രമാവർത്തനം.

 

കാലംകടന്നു... കണ്ണീർപ്രാർത്ഥനയിൽ...

കാലാന്തരത്തിൽകനിഞ്ഞുദൈവം!

അനങ്ങല്ലേ തിരിയല്ലെ അലസുമെന്നായി

അനങ്ങാതെ ശയ്യാവലമ്പയായി പിന്നെ.

അനക്കമുണ്ടോകുഞ്ഞിനെ ന്നറിയുവാനായ്

അടിവയറ്റിലെപ്പോഴും കൈകൾതാങ്ങായ്‌.

 

മാസങ്ങളേഴു കടന്നപാടെ

ആസ്പത്രീല് ചെന്നത് പേറിനായി..

പ്രമേഹം കൂടി വന്നതിനാൽ

പ്രസവശസ്ത്രക്രിയ നടത്തി മകൾ ജനിച്ചു..

 

മഞ്ഞനിറത്തിൽ പിറന്നതിനാൽ കുഞ്ഞ് 

അഞ്ചുദിവസം അനുകൂലോഷ്മാവിനായ്

ഇങ്ക്യുബേറ്ററിലായ്...

 

പേറ്റുനോവമ്മയറിഞ്ഞില്ല യെന്നും

നൊന്തു പ്രസവിച്ചില്ലയെന്നും

പത്തുമാസംചുമന്നില്ലയെന്നും

 അഞ്ചു ദിനങ്ങളൊറ്റയ്ക്കിട്ടില്ലേയെന്നും

മകൾ പറയുന്നതതുകൊണ്ടാവാം.

 

ഒരു കുഞ്ഞിക്കാല് കാണുവാനായ് മാസങ്ങളോളം

  പരീക്ഷണശാലയായി ദേഹം .

മകളെ നീ അറിയുകയെന്നുമെന്നും'

മാതൃസ്നേഹം അളക്കാനാവാതല്ല.......

 

വ്രണിതമെങ്കിലും മാതൃഹൃദയമെന്നും 

പരിപൂർണ്ണ സ്നേഹത്തിൻ

പാനപാത്രം.