മുന്നറിയിപ്പില്ലാതെ കൂട്ടഅവധിയെടുത്ത് ജീവനക്കാര്‍; എയര്‍ഇന്ത്യ എക്‌സ്പ്രസ് 70ലധികം സര്‍വീസുകള്‍ റദ്ദാക്കി

മുന്നറിയിപ്പില്ലാതെ കൂട്ടഅവധിയെടുത്ത് ജീവനക്കാര്‍; എയര്‍ഇന്ത്യ എക്‌സ്പ്രസ്  70ലധികം സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെ എയർഇന്ത്യ എക്സ്പ്രസിന്റെ 70-ലധികം സർവീസുകള്‍ റദ്ദാക്കി.

300-ലധികം മുതിർന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പുംകൂടാതെ അസുഖഅവധിയെടുത്തത്. ഇതേത്തുടർന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകള്‍ റദ്ദാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.

ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. കൂട്ടഅവധിയെടുത്ത ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഓഫാക്കിയ നിലയിലാണ്. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയർഇന്ത്യ എക്സ്പ്രസ് വൃത്തങ്ങള്‍ പറയുന്നു.

ചൊവ്വാഴ്ച രാത്രി മുതലാണ് ജീവനക്കാർ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത്. ഇതോടെ വിമാനങ്ങള്‍ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും യാത്രക്കാർക്ക് നേരിടേണ്ടിവരുന്ന അസൗകര്യങ്ങള്‍ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എയർഇന്ത്യ വക്താവ് പറഞ്ഞു.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും കമ്ബനി വ്യക്തമാക്കിയിട്ടുണ്ട്.