600 രൂപ! സിക്കിള്‍ സെല്‍ അനീമിയയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്ന് നിര്‍മ്മിച്ച്‌ ഇന്ത്യ

600 രൂപ! സിക്കിള്‍ സെല്‍ അനീമിയയ്ക്ക് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ മരുന്ന് നിര്‍മ്മിച്ച്‌ ഇന്ത്യ

സിക്കിള്‍സെല്‍ അനീമിയയ്ക്കുള്ള (അരിവാള്‍ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ച്‌ ഇന്ത്യ. സിക്കിള്‍സെല്‍ അനീമിയയെ എന്നെന്നേക്കുമായി തുടച്ചു നീക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പദ്ധതിയുടെ ഭാഗമായി ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അകംസ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കല്‍സ് ആണ് വില കുറച്ച മരുന്ന് ഇന്ത്യൻ വിപണികളില്‍ എത്തിക്കുന്നത്.

സിക്കിള്‍സെല്‍ അനീമിയ ബാധിതർക്കുള്ള മരുന്നുകള്‍ക്ക് ആഗോള തലത്തില്‍ 77,000 രൂപ വരെ വിലയുള്ള സമയത്താണ് 100 മില്ലി ഹൈഡ്രോക്സീയൂറിയ (Hydroxyurea) 600 രൂപ നിരക്കില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് തയ്യാറെടുക്കുന്നത്.

ഇന്ത്യക്കാർക്കിടയില്‍ പ്രത്യേകിച്ചും ആദിവാസി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന സിക്കിള്‍സെല്‍ അനീമിയ പാരമ്ബര്യമായി ഉണ്ടാകുന്ന രക്ത സംബന്ധമായ രോഗമാണ്. രക്തത്തിലെ ചുവന്ന രക്താണുക്കള്‍ അരിവാളിന്റെ ആകൃതിയിലാകുകയും ശരീരത്തിന് ആവശ്യമായ ഓക്സിജൻ വഹിക്കാൻ ഇവയ്ക്ക് കഴിയാതെ വരികയും ചെയ്യുന്നു. സമീപ വർഷങ്ങളില്‍ സിക്കിള്‍സെല്‍ അനീമിയ ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ടായിരുന്നു. ചില തരം രക്താർബുദങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള കീമോതറാപ്പിയ്ക്കുള്ള പ്രധാന മരുന്നാണ് ഹൈഡ്രോക്സീയൂറിയ, എങ്കിലും സിക്കിള്‍സെല്‍ അനീമിയ ബാധിതരിലും ഇത് ഫലപ്രദമാണ്. ചുവന്ന രക്‌താണുക്കളെ വൃത്താകൃതിയില്‍ നില നിർത്തുക വഴി അവയെ ഓക്സിജൻ വഹിക്കാൻ പ്രാപ്തമാക്കാൻ ഹൈഡ്രോക്സീയൂറിയയ്ക്ക് സാധിക്കുന്നു.