ബലാത്സം​ഗ കേസ്; റാപ്പർ വേടൻ ഒളിവിൽ

Aug 2, 2025 - 09:46
 0  3
ബലാത്സം​ഗ കേസ്; റാപ്പർ വേടൻ ഒളിവിൽ
എറണാകുളം: ബലാത്സം​ഗ കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺ ദാസ് മുരളിയെന്ന് റാപ്പർ വേടൻ ഒളിവിൽ. വേടനുവേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. ഇതുവരെയും പൊലീസിന് വേടനെ കണ്ടെത്താൻ കഴിഞ്ഞില്ല.
കേസിന് പിന്നാലെ വേടൻ ഒളിവിൽ പോയെന്നാണ് വിവരം. വേടന് വേണ്ടി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവില്‍ അറസ്റ്റിന് പോലീസിന് നിയമപ്രശ്‌നങ്ങളില്ല. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹര്‍ജിയില്‍ പറയുന്നു.
വനിതാ ഡോക്ടറാണ് കേസിൽ പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31കാരി നൽകിയ പരാതിയിൽ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി.