വാക്കുകൾ: കവിത, മിനി സുരേഷ്

വ്രണിതമാക്കരുതപരന്റെ മനം
മുന വച്ച വാക്കുകൾ കൊണ്ട്
ഹൃദയതന്ത്രികൾ കീറിമുറിക്കരുത്
അധിനിവേശത്തിന്റെ ,അഹന്തയുടെ
തനിയാവർത്തനങ്ങൾ കോരിച്ചൊരിയരുത്
ആഞ്ഞടിക്കും തിരമാലകൾ
തീരം തല്ലി അകലുമ്പോൾ
തിരയുടെ രൗദ്രഭാവങ്ങളിൽ
ഉള്ളു പൊള്ളിയടരും തീരത്തിൻ വേദന.
കൂരമ്പേറ്റ് പിടയും കിളിയുടെ
നെഞ്ചിൻ രോദനം.
നിസ്സഹായതയുടെ ബാക്കിപത്രങ്ങൾ
മറന്നു പോകരുതൊരിക്കലും.
കൊടും വേനലിലുണങ്ങും
തരുവുമൊരുനാൾ തളിർത്തിടും
വാക്കെന്ന വക്രഗമാഞ്ഞു കൊത്തും
മുറിവുകളുണങ്ങില്ലൊരു നാളും
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും
മടങ്ങി വരില്ലൊരിക്കലും
നിണമുതിരും നോവുകൾ
നിശ്ശബ്ദതയിൽ നീറി നീറിതപിച്ച്
തിരിച്ചു വരുമെന്നറിക.
കാലമൊരു നാൾ
കണക്കു പറഞ്ഞുത്തരം തരുമെന്നുമറിക.