വി എസ് ; എന്നും സമരവഴികളിലെ ആവേശം

Jul 21, 2025 - 14:23
 0  9
വി എസ് ; എന്നും സമരവഴികളിലെ ആവേശം

കണ്ണേ കരളേ വി എസേ’... പൊതുവേദികളിലേക്ക്  വി എസ് കടന്നു വരുമ്പോള്‍  ജനം ആവേശം കൊണ്ട് വിളിക്കാറുണ്ട്.. കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന അണികള്‍ക്കപ്പുറം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വിഎസ് എന്ന രണ്ടക്ഷരം  ഉയര്‍ത്തിയ ആവേശം മറ്റൊരു നേതാവിന് എത്തിപ്പിടിക്കാന്‍ കഴിയാത്തതിലും അപ്പുറമാണ്..

കേരളത്തിന്റെ സമരനായകന്‍ വിടവാങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ജനപ്രിയ നേതാവ് വിടവാങ്ങുകയാണ്. പാര്‍ട്ടിയ്ക്കപ്പുറം   ജനമനസുകളില്‍ ഇടം നേടിയ നേതാക്കളുടെ പട്ടികയിലെ അവസാനപേരുകാരനാണ് വി എസ്‌ അച്യുതാനന്ദൻ . 

കനൽവഴികളിലൂടെയുള്ള ദീർഘയാത്രയാണ് വി എസ് അച്യുതാന്ദൻ എന്ന സമര നായകനെ ഔന്നത്യങ്ങളിൽ എത്തിച്ചത്. ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തി​ന്റെ പോരാട്ട വീര്യം. ആലപ്പുഴയിൽ കയർത്തൊഴിലാളിയായിരിക്കുന്ന സമയത്ത് വി.എസിലെ സമരാ​ഗ്നി കണ്ടെത്തിയത് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ സഖാവ് പി. കൃഷ്ണപിള്ളയാണ്. ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാർഢ്യവും അദ്ദേഹത്തിൽ കണ്ട കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന് വിഎസിനെ നിയോഗിക്കുകയായിരുന്നു. 

കർഷകത്തൊഴിലാളികൾക്ക് അന്തസ്സാർന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാൻ കൃഷ്ണപിള്ളയുടെ നിർദേശം ശിരസ്സാവഹിക്കുകയാണ് വി.എസ്. ചെയ്തത്. ജോലിസമയം ക്ലിപ്തപ്പെടുത്താനും കൂലിവർധിപ്പിക്കാനും കടുത്തപോരാട്ടങ്ങൾക്കൊടുവിൽ സാധ്യമായി. കേരളത്തിലെ കർഷകത്തൊഴിലാളികളുടെ സമരോത്സുകമായ മുന്നേറ്റത്തിന് അത് വഴിവെക്കുകയും ചെയ്തു.

അവിടെനിന്നു ലഭിച്ച അനുഭവങ്ങളും പാഠങ്ങളും പിന്നിട്ട 80 വർഷക്കാലം വി.എസിനെ നിലയ്ക്കാത്ത പോരാട്ടവീര്യത്തിന്റെ നിത്യയൗവനമാക്കി. മുഖ്യമന്ത്രി എന്നനിലയിൽ, പ്രതിപക്ഷനേതാവ് എന്നനിലയിൽ അതുല്യമായ ഒരുപാട് സവിശേഷതകൾ അദ്ദേഹം ജനമനസ്സുകളിൽ അടയാളപ്പെടുത്തി.