തെരുവുഗായകന്‍; കവിത,ഡോ. ജേക്കബ്‌ സാംസണ്‍

തെരുവുഗായകന്‍; കവിത,ഡോ. ജേക്കബ്‌ സാംസണ്‍

ഞാനീ തെരുവിന്റെ പാട്ടുകാരന്‍
ഉച്ച വെയിലിന്റെ കൂട്ടുകാരന്‍

ഒരു മുളന്തണ്ടെന്റെ കയ്യിലുണ്ട്‌
ഒരു മുളംകാടെന്റെ നെഞ്ചിലുണ്ട്‌

ഈ തെരുവോരത്തുറങ്ങുന്നു ഞാന്‍
ഈ തെരുവോരത്തുണരുന്നു ഞാന്‍

കാലം നടന്ന വഴിത്താരയില്‍
കാല്‍പ്പെരുമാറ്റങ്ങള്‍ കേള്‍ക്കുന്നു

നടവഴിയിടവഴിയാകുന്നു
ഇടവഴിപെരുവഴിയാകുന്നു

കാടും മരങ്ങളും മാറുന്നു
ഗ്രാമങ്ങള്‍ പട്ടണമാകുന്നു

കരിയും പുകയും പൊടിയുമായി
ജീവിതം എങ്ങോട്ടോ പായുന്നു

ചെറിയൊരു മര്‍മ്മരം കേള്‍ക്കുന്നു
ഒരു കൊടുങ്കാറ്റിന്റെയായിരിക്കാം

കൂട്ടമായ്‌ പക്ഷികളെത്തുന്നു
പിന്നാലെ കാര്‍മുകിലെത്തുന്നു
ഒരു പെരുമഴയുടെ ആരവങ്ങള്‍
ദൂരത്തു നിന്നു വരികയാകാം

എരിയുന്ന പകലിന്റെ ഗദ്‌ഗദങ്ങള്‍
ഞെരിയുന്ന രാവിന്റെ തേങ്ങലുകള്‍

ഉഴലുന്ന കാറ്റിന്റെ മൂളലാണോ
കരിയില കൂടുന്ന താളമാണോ

നീളുന്ന നിഴലിന്റെ ശബ്ദമാണോ
വളരുന്ന ഇരുളിന്റെ നാദമാണോ

തെരുവിന്റെ സ്‌പന്ദനം എത്രവേഗം
ഹൃദയത്തിനുള്ളിലെ താളമായി

വലിയ ലോകത്തിന്റെ മുന്നിലെന്റെ
ചെറിയ പാട്ടിന്നു ഞാന്‍ പാടിക്കോട്ടേ

തെരുവിന്റെ ദുഃഖങ്ങളെല്ലാമെന്റെ
മുരളിയിലൂടെ ഞാന്‍ പാടിക്കോട്ടേ

ഒരു കൊടുങ്കാറ്റിന്‍ തുടക്കമെന്നും
ചെറിയൊരു മര്‍മ്മരമായിരിക്കും

രാവിനെ പാടിയുറക്കുവാനും
പൂവിനെ തട്ടിയുണര്‍ത്തുവാനും

ഈ തെരുവീഥിയിലൊന്നു കൂടി
ഉള്ളു തുറന്നു ഞാന്‍ പാടിക്കോട്ടേ

ഇറ്റിറ്റു വീഴും മനസ്സിന്റെ കണ്ണുനീര്‍
മാറ്റുവാന്‍ മറ്റൊന്നുമില്ലെനിക്ക്‌