ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല, ‘കേരള സ്റ്റോറി 2’ ന്റെ ടീസർ പിൻവലിക്കണമെന്ന് ഹൈക്കോടതി: സിനിമ നാളെ ഹൈക്കോടതി കാണും

Feb 24, 2026 - 15:33
 0  5
ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ല, ‘കേരള സ്റ്റോറി 2’ ന്റെ ടീസർ പിൻവലിക്കണമെന്ന് ഹൈക്കോടതി:  സിനിമ നാളെ ഹൈക്കോടതി കാണും

വിവാദ ചലച്ചിത്രം 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനാനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ കേരള ഹൈക്കോടതി നിർണ്ണായക ഇടപെടൽ. സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെ, ചിത്രം നേരിട്ട് കണ്ട് വിലയിരുത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.

സിനിമയുടെ ഉള്ളടക്കം കേരളത്തിലെ മതേതര സ്വഭാവത്തെയും സാമൂഹിക അന്തരീക്ഷത്തെയും എങ്ങനെ ബാധിക്കുമെന്ന് നേരിട്ട് ബോധ്യപ്പെടാനാണ് കോടതിയുടെ ഈ നീക്കം. ഇതിനായി കൊച്ചിയിൽ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കാൻ നിർമ്മാതാക്കൾക്ക് കോടതി കർശന നിർദേശം നൽകി. അതോടൊപ്പം സിനിമയുടെ ടീസര്‍ പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ തള്ളിക്കളയാനാവില്ലെന്ന് നിരീക്ഷിച്ച കോടതി, ആവിഷ്കാര സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് സമൂഹത്തിന്റെ സമാധാനത്തെ തകർക്കുന്ന രീതിയിലാകരുത് എന്ന് ഓർമ്മിപ്പിച്ചു. മതേതരത്വത്തിന് മാതൃകയായ കേരളത്തിൽ മതസൗഹാർദ്ദം തകർക്കുന്ന പരാമർശങ്ങളോ രംഗങ്ങളോ സിനിമയിലുണ്ടോ എന്ന് കോടതി പരിശോധിക്കും. സിനിമയുടെ ടീസറിൽ കേരളത്തെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളുണ്ടെന്ന പരാതിയെത്തുടർന്ന്, അത് ഉടനടി പിൻവലിക്കാൻ ഹൈക്കോടതി നിർദേശിച്ചു. 

കോടതിയുടെ ഇടപെടലിനെത്തുടർന്ന് ടീസർ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന നിർമ്മാതാക്കളുടെ വാദം വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.

ലവ് ജിഹാദിന്റെ ഇരകൾ എന്ന പേരിൽ സിനിമയിൽ അവതരിപ്പിക്കപ്പെട്ട യുവതികളിൽ ഒരാൾ പോലും കേരളത്തിൽ നിന്നുള്ളവരല്ലെന്നും, എന്നിട്ടും സിനിമയ്ക്ക് 'കേരള സ്റ്റോറി' എന്ന പേര് നൽകിയത് ദുരുദ്ദേശപരമാണെന്നുമാണ് ഹർജിക്കാരുടെ പ്രധാന വാദം. ഇത് കേരളത്തെ ലോകത്തിന് മുന്നിൽ മോശമായി ചിത്രീകരിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അവർ ആരോപിച്ചു.

സിനിമ ഒരു കലാരൂപമെന്ന നിലയിൽ സംരക്ഷിക്കപ്പെടേണ്ടതാണെങ്കിലും, വിദ്വേഷ പ്രചാരണത്തിനുള്ള ഉപകരണമായി മാറാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹാലിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്ത അതേ മാനദണ്ഡങ്ങൾ ഈ സിനിമയ്ക്കും ബാധകമായിരിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.