സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍; വിവാദം

സ്‌കൂളുകളില്‍ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാന്‍; വിവാദം

ജയ്പൂര്‍: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് സൂര്യ നമസ്‌കാരം നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍ രാജസ്ഥാനില്‍ പ്രതിഷേധം.

നിരവധി മുസ്ലീം സംഘടനകള്‍ ഈ നീക്കത്തിനെതിരെ പ്രതിഷേധിച്ചു. സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്ലീം സംഘടകള്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. തങ്ങളുടെ കുട്ടികളെ സൂര്യനമസ്‌കാരം ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം. രാജസ്ഥാന്‍ ഹൈക്കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും.

ഫെബ്രുവരി 15 മുതലാണ് രാജസ്ഥാനിലെ സ്‌കൂളുകളില്‍ സുര്യനമസ്‌കാരം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. ഭജന്‍ലാല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ഉത്തരവില്‍ ഇത് പാലിക്കാത്തവര്‍ നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകളുടെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. സൂര്യനമസ്‌രം പരിപാടി ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സമൂഹത്തോട് ആഹ്വാനം ചെയ്യുന്നതിനായി ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്‌സിക്യൂട്ടീവ് തിങ്കളാഴ്ച ജയ്പൂരില്‍ ഒത്തുകൂടി.

മന്ത്രങ്ങള്‍ ജപിക്കുന്നതോടൊപ്പം സൂര്യനെ ആരാധിക്കുന്ന നിരവധി യോഗാസനങ്ങള്‍ സൂര്യ നമസ്‌കാരത്തില്‍ ഉള്‍പ്പെടുന്നു. സൂര്യനമസ്‌കാരം ചെയ്യുന്നത് തങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്നും സൂര്യനെ ദൈവമായി അംഗീകരിക്കുകയാണ് സൂര്യനമസ്‌കാരത്തിലൂടെ ചെയ്യുന്നതെന്നും മുസ്ലീം സംഘടനകള്‍ വാദിക്കുന്നു. സൂര്യനമസ്‌കാരത്തില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം സംഘടനകള്‍ സ്വന്തം സമുദായത്തിലെ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അടിച്ചേല്‍പ്പിക്കുന്നത് മതകാര്യങ്ങളില്‍ അനാവശ്യമായ ഇടപെടലാണെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും അവര്‍ പറഞ്ഞു.