ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; കേന്ദ്ര സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമിട്ട് മോദി

ഒരു കോടി കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി; കേന്ദ്ര സൗരോര്‍ജ്ജ പദ്ധതിക്ക് തുടക്കമിട്ട് മോദി

ന്യൂഡല്‍ഹി: ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്ന പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയ്ക്ക് (PM Surya Ghar: Muft Bijli Yojana) തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതിക്ക് 75000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സുസ്ഥിര വികസനവും ജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി വിഭാവനം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡി നേരിട്ട് നല്‍കുന്ന പദ്ധതിയാണിത്. കുറഞ്ഞ പലിശനിരക്കില്‍ ബാങ്ക് വായ്പയാണ് മറ്റൊരു ആകര്‍ഷണം. ജനങ്ങള്‍ക്ക് സാമ്ബത്തിക ബാധ്യതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മോദി പറഞ്ഞു.

താഴെത്തട്ടിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്, നഗരസഭകളെയും പഞ്ചായത്തുകളെയും പ്രോത്സാഹിപ്പിക്കും. കൂടാതെ, വരുമാനം വര്‍ദ്ധിപ്പിക്കാനും വൈദ്യുതി ബില്ലുകള്‍ കുറയ്ക്കാനും ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നതായും മോദി പറഞ്ഞു. പദ്ധതി ശക്തിപ്പെടുത്തുന്നതിന് യുവാക്കളുടെയും ഉപയോക്താക്കളുടെയും സഹകരണം മോദി തേടി. പദ്ധതിയില്‍ ചേരാന്‍ https://pmsuryaghar.gov.in ല്‍ അപേക്ഷിക്കാന്‍ മോദി എക്‌സില്‍ കുറിച്ചു.pmsuryaghar.gov.inല്‍ കയറി Apply for rooftop solarല്‍ ക്ലിക്ക് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

മൊബൈല്‍ നമ്ബര്‍, ഇ-മെയില്‍, കണ്‍സ്യൂമര്‍ നമ്ബര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കണ്‍സ്യൂമര്‍ നമ്ബറും മൊബൈല്‍ നമ്ബറും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്ത് വേണം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്.