യുവതി ജീവനൊടുക്കിയ സംഭവം; കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആൺസുഹൃത്ത്

കണ്ണൂർ: കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആൺസുഹൃത്ത് റഹീസ്. മൂന്നര വർഷം മുൻപ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകൾ ഒന്നും നടന്നിട്ടില്ലെന്നും യുവാവ് പൊലീസിന് മൊഴി നൽകി. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് തലശ്ശേരി എസിപിക്ക് കുടുംബം കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ആൺ സുഹൃത്തിനെക്കുറിച്ചും യുവതിക്ക് ഇയാളുമായുള്ള ബന്ധത്തെക്കുറിച്ചും അന്വേഷിക്കണമന്നായിരുന്നു കുടുംബം പരാതിയിൽ ഉന്നയിച്ചിരുന്ന ആവശ്യം.
യുവതിയുടെ ആൺസുഹൃത്തിനെ നേരത്തെ എസ്ഡിപിഐ ഓഫീസിൽ വെച്ച് വിചാരണ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഒരുകൂട്ടം ആളുകൾ കൂടിയിരുന്ന് യുവാവിനെ ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. യുവതിക്ക് മനോവിഷമമുണ്ടെന്ന് യുവാവ് മറുപടി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ സംഭവത്തിൽ യുവാവിന് മർദ്ദനമേറ്റിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ രണ്ട് പേരുടെയും കുടുംബങ്ങളെ വിളിച്ച് ചർച്ച നടത്തുകയായിരുന്നുവെന്നാണ് എസ്ഡിപിഐ പ്രവർത്തകർ നൽകുന്ന വിശദീകരണം. എന്നാൽ പ്രതികൾ എസ്ഡിപിഐ ഓഫീസിൽ ആൺസുഹൃത്തിനെ എത്തിച്ച് അഞ്ച് മണിക്കൂർ ചോദ്യം ചെയ്തെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു.
യുവതിയോട് സംസാരിച്ചതിന്റെ വിരോധം മൂലമാണ് റഹീസിനെ സംഘം മർദിച്ചത്.
ആൾക്കൂട്ട വിചാരണയ്ക്ക് പിന്നാലെ ചൊവ്വാഴ്ചയാണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആൺസുഹൃത്ത് റഹീസിന്റെ പരാതിയിലാണ് മുബഷീർ, ഫൈസൽ, റഫ്നാസ്, സുനീർ, സഖറിയ എന്നിവരെ പ്രതി ചേർത്ത് പോലീസ് കേസെടുത്തത്. യുവതിയുമായി കാറിൽ സംസാരിച്ചിരിക്കേ സംഘം ചേർന്നെത്തിയവർ യുവാവിനെ പിടിച്ചിറക്കി മർദിച്ചെന്നാണ് എഫ്ഐആർ.
ഇതേസമയം റസീനയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കാളച്ചേരി സ്വദേശി റഹീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ മാതാവ് രംഗത്തെത്തിയിരുന്നു . വിവാഹ വാഗ്ദാനം നൽകി റസീനയെ പലതവണ പീഡിപ്പിച്ചു, നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു, ആഭരണങ്ങള്‍ മോഷ്ടിച്ചു, പണം വാങ്ങി എന്നിവയുള്‍പ്പെടെയുള്ള പരാതികളാണ് റഹീസിനെതിരെ മാതാവ് ഉയര്‍ത്തിയത്. ആത്മഹത്യക്ക് കാരണം ആണ്‍സുഹൃത്തെന്ന് പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. റസീനയുടെ പണവും സ്വര്‍ണവും ആണ്‍സുഹൃത്ത് തട്ടിയെടുത്തെന്നും പൊലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണെന്നും സദാചാര പോലീസിങ് നടന്നിട്ടില്ലെന്നും റസീനയുടെ ഉമ്മ പറഞ്ഞു.
റഹീസ് നിലവില്‍ ഒളിവിലാണ്. ഇദ്ദേഹം കേസില്‍ പ്രതിയെല്ലെന്ന് പോലീസ് പറഞ്ഞു. റഹീസിനെ ചോദ്യം ചെയ്യും. ഇപ്പോഴത്തെ സാഹചര്യങ്ങള്‍ കാരണമാണ് വിട്ടുനില്‍ക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്.