വീണ്ടും ബസിൽ വച്ച് ലൈം​ഗികാതിക്രമം; അന്ന് പൂമാലയിട്ട് സ്വീകരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

Jun 21, 2025 - 10:18
 0  5
വീണ്ടും ബസിൽ വച്ച് ലൈം​ഗികാതിക്രമം; അന്ന് പൂമാലയിട്ട് സ്വീകരിച്ച സവാദ് വീണ്ടും അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ വടകര സ്വദേശി സവാദ് വീണ്ടും അറസ്റ്റിൽ. ഇത്തവണ തൃശൂരിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂരിൽനിന്നു മലപ്പുറത്തേക്കു പോയ കെഎസ്ആർടിസി ബസിൽ ഒരാഴ്ചയ്ക്ക് മുമ്പാണ് സംഭവം. ബസിൽ വച്ച് പെൺകുട്ടിക്ക് നേരം ലൈഗികാതിക്രമം നടത്തുകയായിരുന്നു കോഴിക്കോട് കായക്കൊടി കാവിൽ 29കാരനായ സവാദ്. സംഭവത്തിൽ പെൺകുട്ടി പ്രതികരിച്ചതോടെ ഇയാൾ പേരാമംഗലത്ത് വച്ച് ബസിൽ നിന്ന് ഇറങ്ങി ഓടി.

പിന്നീട് പെൺകുട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് സവാദ് തമിഴ്നാട്ടിലേക്ക് കടന്നു. ഒടുവിൽ തൃശൂർ ഈസ്റ്റ് പൊലീസ് തമിഴ്നാട്ടിൽ നിന്നും സവാദിനെ പിടികൂടുകയായിരുന്നു. കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനും നഗ്നതാ പ്രദർശനം നടത്തിയതിനുമാണ് സവാദിനെതിരെയുള്ള കേസ്. തമിഴ്നാട്ടിൽനിന്നും തിരികെ തൃശൂരിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

2023ൽ നെടുമ്പാശേരി ഭാഗത്തു കെഎസ്ആർടിസി ബസിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിനു രണ്ടു വർഷം മുൻപ് സവാദ് അറസ്റ്റിലായിരുന്നു. നടിയും മഡലുമായ നന്ദിത എന്ന യുവതിയുടെ പരാതിയിലായിരുന്നു അന്ന് സവാദിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിനെ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടന ജയിലിന്റെ കവാടത്തിൽ പൂമാലയിട്ടു സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തതു വലിയ വിവാദമായിരുന്നു.