കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി

Jul 17, 2025 - 13:37
 0  3
കാരണവര്‍ വധക്കേസ്  പ്രതി ഷെറിന്‍ ജയില്‍ മോചിതയായി
തിരുവനന്തപുരം:ചെങ്ങന്നൂര്‍ ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി നടപടികള്‍ തീര്‍ത്തു.വൈകുന്നേരം 4 മണിയോടെയാണ് ഷെറിൻ മോചിതയായത്. കൊച്ചിയിൽ നിന്നെത്തിയ ബന്ധുക്കൾ ആണ് കൂട്ടി കൊണ്ടുപോകാൻ എത്തിയതെന്നാണ് സൂചന.
ഷെറിന്‍ അടക്കം 11 പേർക്ക് സംസ്ഥാനത്ത്‌ ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന്‌ മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്‌ ജയിൽമോചനം. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മന്ത്രിസഭാ തീരുമാനം അംഗീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. 2009-ലാണ് ഭർതൃപിതാവായ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയിലെ ഭാസ്കരകാരണവരെ ഷെറിനും മറ്റു മൂന്നുപ്രതികളും ചേർന്ന് വീടിനുള്ളിൽവെച്ച് കൊലപ്പെടുത്തിയത്.
ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു ഇവര്‍ക്ക് അടിക്കടി പരോള്‍ കിട്ടിയതും ജയിലില്‍ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായ സംഭവം പുറത്തുവന്നതും. സര്‍ക്കാര്‍ ശുപാര്‍ശയ്ക്കുശേഷവും ജയിലില്‍ പ്രശ്നം സൃഷ്ടിച്ചതും വലിയ ചര്‍ച്ചയായിരുന്നു.ശിക്ഷായിളവുചെയ്ത് വിട്ടയക്കാനുള്ള ശ്രമം നീണ്ടതോടെ ഷെറിന് സര്‍ക്കാര്‍ പരോളനുവദിച്ചിരുന്നു.സര്‍ക്കാരിലെ ഉന്നതതല ഇടപെടലിലൂടെയാണ് പരോൾ ലഭിച്ചതെന്ന് ആക്ഷേപം ഉയരുകയുണ്ടായി.