24.75 കോടി: സ്റ്റാര്‍ക്കിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

24.75 കോടി: സ്റ്റാര്‍ക്കിനെ സ്വന്തമാക്കി കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ദുബായ്: ഇന്ത്യൻ പ്രീമിയര്‍ ലീഗ് താരലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയൻ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.
ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 24.75 കോടി രൂപയ്ക്ക് സ്റ്റാര്‍ക്കിനെ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഗുജറാത്ത് ടൈറ്റൻസുമായുള്ള വാശിയേറിയ മത്സരത്തിനൊടുവിലാണു സ്റ്റാര്‍ക്കിനെ കെകെആര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചത്.

ഐപിഎല്ലിലെ വിലയേറിയ താരമെന്ന റിക്കാര്‍ഡ് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്വന്തമാക്കി ഏകദേശം ഒരു മണിക്കൂറിനുശേഷമാണ് ഈ റിക്കാര്‍ഡ് മറ്റൊരു ഓസ്ട്രേലിയൻതാരമായ മിച്ചല്‍ സ്റ്റാര്‍ക്ക് തകര്‍ത്തത്. 20.5 കോടി രൂപയ്ക്കാണ് കമ്മിൻസിനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ഐപിഎല്‍ ചരിത്രത്തിലെതന്നെ ഏറ്റവും വിലയേറിയ കളിക്കാരായിരിക്കുകയാണ് ഈ ഓസ്ട്രേലിയക്കാര്‍. ഐപിഎല്‍ ലേലചരിത്രത്തില്‍ 20 കോടി രൂപ കടന്ന ആദ്യ കളിക്കാരായിരിക്കുകയാണ് സ്റ്റാര്‍ക്കും കമ്മിൻസും. 2015ലാണ് സ്റ്റാര്‍ക്ക് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. 2018ല്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഭാഗമായിരുന്നെങ്കിലും പരിക്കിനെത്തുടര്‍ന്ന് ഒരു മത്സരം പോലും കളിക്കാതെ മടങ്ങുകയായിരുന്നു.