സംഗമം: കവിത, ഹേമാ വിശ്വനാഥ്

സംഗമം: കവിത, ഹേമാ വിശ്വനാഥ്

 

ഹേമാ വിശ്വനാഥ്  

 

രാഗേന്ദു നീലക്കടലിന്റെ വിരിമാറിൽ

പ്രേമാർദ്രയായി പടർന്നു

ചുടുചുംബനങ്ങളും പരിരംഭണങ്ങളും

തമ്മിൽ പകർന്നു കിടന്നു

കാറ്റുചെന്നവളുടെ വെൺമുകിലുടയാട

മെല്ലെയഴിച്ചു പറന്നു

നഗ്നയാമവളുടെ ഉടലിൽ ഒരായിരം ലജ്ജ

പുഷ്‌പ്പങ്ങൾ വിടർന്നു

നാണത്താൽ കൂമ്പിയ മിഴികൾ തലോടിയാ

കാമുകൻ ശ്രുതി താഴ്ത്തിച്ചൊല്ലി,

മന്വന്തരങ്ങളായ് ഓമലേ നമ്മളീ

സംഗമത്തിന്നു കൊതിച്ചു.

താരമനോഹര നിശയിൽ വാനിൽ നീ

പൂർണ്ണേന്ദുവായി ചിരിക്കെ,

എന്റെ ഹൃദയത്തടാകത്തിൽ അനുരാഗ

പനിനീർ മുകുളങ്ങൾ വിടരും

പിന്നെ നീയംബരേ യെങ്ങോ മറയുമ്പോൾ

ഏകാകിയായി ഞാൻ തേങ്ങും

ഉള്ളിന്റെയുള്ളിലെ നിലയ്ക്കാത്ത

മോഹങ്ങൾ

തീരത്തു തല തല്ലിക്കരയും.

ഈ രാത്രി ഒടുങ്ങാതിരുന്നെങ്കിൽ

പുലരിത്തേരുരുളാൻ മറന്നെങ്കിൽ,

ഇന്നു ഞാൻ ധന്യനായി പ്രിയതേ

എൻ ജീവിതം പൂർണ്ണമായി.