ഒരു പ്രഭാതം കൂടി...: കവിത

ഒരു പ്രഭാതം കൂടി...: കവിത


ഷീബ വര്‍ഗീസ്‌



ഉദിച്ചു ഉയരുമ അരുണ കാന്തിയില്‍
തമസ്സിന്‍ പാശമഴിഞ്ഞൊഴിഞ്ഞു മെല്ലെ
പ്രഭ തന്‍ പൊന്‍ കിരണം ചൊരിഞ്ഞു
ഒരു പ്രഭാതം കൂടി നിനക്കായീ.....

ഇരുള്‍ തന്‍ ഊഴിയില്‍ ഉഴന്ന നിന്‍
കനവുകള്‍ ഒക്കെയും പുനര്‍ ജനിച്ചിന്നു
പകല്‍ തന്‍ പ്രഭ പൂരമതില്‍ തെളിയുവാന്‍
ഒരു പ്രഭാതം കൂടി നിനക്കായീ .......

നിശ്ചലമാം ഇന്നലയെ വിസ്‌മൃതിയില്‍
തള്ളി, ഇന്നിന്‌ പ്രതീക്ഷയേ
നെഞ്ചിലേറ്റിടുവാന്‍ ഇതാ
ഒരു പ്രഭാതം കൂടി നിനക്കായീ...

പോയ കാലത്തിന്‍ ഓര്‍മയില്‍ ഉഴലാതെ
ഉത്തമം അത്‌ ഇന്നിന്‍ ചെയ്‌തികള്‍ എന്നറിഞ്ഞു
നല്ലൊരു നാളേക്കായീ ഇതാ
ഒരു പ്രഭാതം കൂടി നിനക്കായീ...

പുത്തന്‍ ഉണര്‍വുമായീ പുതിയൊരു രാഗവുമായീ
പൂങ്കുയില്‍ പാടി തിമിര്‍ക്കുന്നിതാ

പൂത്തുലഞ്ഞ മാമര ചില്ലകള്‍ ചാഞ്ചാടി
തെന്നലില്‍ തലോടലേറ്റ്‌

കുഞ്ഞിളം പുല്ലിലെ മഞ്ഞിന്‍ കണവും
മിന്നി സൂര്യ കിരണമേറ്റു

പാതി വിരിഞ്ഞ പനിനീര്‍ പൂക്കള്‍
പരത്തി സൗരഭ്യം പാരിലെങ്ങും

ചൊല്ലീ സര്‍വ്വചരാചരവും
ഒരു പ്രഭാതം കൂടി നിനക്കായീ...