രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രേവന്ത് റെഡ്ഡി തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു. തെലങ്കാനയുടെ ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും സംസ്ഥാനത്ത് മുഖ്യമന്ത്രി പദവി അലങ്കരിക്കുന്ന രണ്ടാമത്തെ വ്യക്തിയുമാണ് രേവന്ത് റെഡ്ഡി.

അധികാരമേല്‍ക്കുന്ന വേളയില്‍ തന്നെ ഹൈദരാബാദില്‍ പൊളിച്ചെഴുത്ത് തുടങ്ങി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് പ്രഗതി ഭവന്‍ എന്നത് മാറ്റി പ്രജാ ഭവന്‍ എന്നാക്കി. മാത്രമല്ല, മുഖ്യമന്ത്രിയുടെ വസതിക്ക് മുമ്ബിലുണ്ടായിരുന്ന ബാരിക്കേഡുകള്‍ പൊളിച്ചുമാറ്റുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങളായിരുന്നു ഇതെല്ലാം. മാറ്റത്തിന്റെ കാറ്റ് തുടങ്ങിയെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

ഹൈദരാബാദിലെ എല്‍ബി സ്‌റ്റേഡിയില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് 54കാരനായ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചൊല്ലിയത്. 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ മന്ത്രിമാരായി സത്യവാചകം ചൊല്ലി. മല്ലു ഭാട്ടി വിക്രമര്‍ക്ക ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ എന്നിവരെല്ലാം സന്നിഹിതരായിരുന്നു