റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു

റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു

റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു. ഇത് സംബന്ധിച്ച്‌ കഴിഞ്ഞ ആഴ്ച ലണ്ടനില്‍ കരാര്‍ ഒപ്പുവച്ചുവെന്നാണ് റിപ്പോര്‍ട്ട്.

കരാര്‍ പ്രകാരം റിലയൻസിന്‍റെ ജിയോ സിനിമയും ഡിസ്നിയുടെ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറും തമ്മില്‍ ലയിക്കും. 2024 ഫെബ്രുവരിയില്‍ കരാര്‍ പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്. കരാര്‍ പ്രകാരം ഇരു കമ്ബനികളും ലയിക്കുമ്ബോള്‍ റിലയന്‍സ് 51 ശതമാനം ഷെയറും ഡിസ്നി 49 ശതമാനം ഷെയറും കമ്ബനിയില്‍ നിലനിര്‍ത്തും.

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഫെബ്രുവരിയിലേക്ക് നീട്ടാതെ ജനുവരിയില്‍ തന്നെ ലയനത്തിന് അന്തിമരൂപം നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പക്ഷേ ഈ കരാര്‍ സംബന്ധിച്ച്‌ നിരവധി വിശദാംശങ്ങള്‍ പരിഹരിക്കാനുണ്ട്. അംബാനിയുടെ അടുത്ത സഹായിയായ മനോജ് മോദിയും ഡിസ്നിയുടെ മുൻ എക്സിക്യൂട്ടീവായ കെവിൻ മേയറും തമ്മില്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് നോണ്‍-ബൈൻഡിംഗ് കാരാര്‍ ഒപ്പിട്ടത്.

സ്റ്റോക്ക് സ്വാപ്പിലൂടെ സ്റ്റാര്‍ ഇന്ത്യയെ ഏറ്റെടുത്ത് റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വയകോം 18ന്‍റെ ഒരു അനുബന്ധ സ്ഥാപനം സൃഷ്ടിക്കുക എന്നതാണ് ലയനത്തിന്റെ പ്രധാന ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ട് .

റിലയൻസ്-ഡിസ്‌നി ലയനം ഇന്ത്യയിലെ ഒടിടി വിപണിയെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രിക്കറ്റിന്‍റെ ഓണ്‍ലൈന്‍ പ്രക്ഷേപണത്തിലും മാറ്റം ഉണ്ടാക്കും.ക്രിക്കറ്റ് സ്ട്രീമിംഗ് അവകാശത്തെച്ചൊല്ലി അവരും റിലയൻസും തമ്മിലുള്ള ലേല യുദ്ധം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഡിസ്നി സ്റ്റാര്‍ ഈ ഇടപാടില്‍ അതീവ താല്‍പര്യം പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലയനത്തോടെ റിലയൻസ് പ്രധാന ഷെയര്‍ ഉടമകളായി മാറും.