രശ്മിക- വിജയി വിവാഹനിശ്ചയം കഴിഞ്ഞു

Oct 4, 2025 - 15:06
 0  5
രശ്മിക- വിജയി വിവാഹനിശ്ചയം കഴിഞ്ഞു

യുവതാര ജോഡികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും ദാമ്പത്യ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം വെള്ളിയാഴ്ച തീര്‍ത്തും രഹസ്യമായി നടന്നു. വൃത്തങ്ങളെ ഉദ്ധരിച്ച് ഫില്‍മിബീറ്റ് തെലുഗു ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വിവാഹ നിശ്ചയം. രശ്മികയുടേയും വിജയിയുടേയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങ് അതീവരഹസ്യമായിരുന്നു. വിവാഹ നിശ്ചയം സംബന്ധിച്ച് വിവരം ഔദ്യോഗികമായി ഇരുതാരങ്ങളും പുറത്തുവിട്ടിട്ടില്ല. അതേസമയം ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തില്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തി എന്നും 2026 ഫെബ്രുവരിയിലേക്കാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കുടുംബാംഗങ്ങള്‍ക്ക് പുറമെ സിനിമാമേഖലയിലെ ഏറ്റവും അടുത്ത ആളുകളും നിശ്ചയ ചടങ്ങില്‍ പങ്കെടുത്തു എന്നാണ് വിവരം. കുറച്ചുനാളായി അടുപ്പത്തിലായിരുന്ന ഇരുവരും വിവാഹ നിശ്ചയത്തോടെ തങ്ങളുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള കിംവദന്തികള്‍ക്ക് വിരാമമിട്ടിരിക്കുകയാണ്.