'കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച'; മുഖ്യമന്ത്രിക്കെതിരെ കെകെ രമ
വടകര: ടിപി ചന്ദ്രശേഖരന്റെ ചരമവാർഷിക ദിനത്തിൽ ഫേസ്ബുക് പോസ്റ്റുമായി കെകെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു എന്നാണ് കെകെ രമ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിനു പിന്നാലെയാണ് കെകെ രമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കുലം കുത്തി പ്രയോഗത്തിനെതിരെയാണ് പരോക്ഷമായി ആർഎംപി നേതാവിന്റെ പോസ്റ്റ്.
ടി.പിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് കെകെ രമയുടെ കുറിപ്പ്.
അതേസമയം, വടകരയിൽ നിന്നും ജനവിധി തേടിയ കെകെ രമ 70117 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ തന്നെ കെകെ രമ വ്യക്തമായ ആധിപത്യം പുലർത്തുന്നുണ്ട്. വടകര നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ അവർക്ക് വലിയ മുന്നേറ്റം ലഭിച്ചിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥിയായ അഡ്വ. പ്രമോദ് പി.പി. ആണ് കെകെ രമയ്ക്ക് തൊട്ടുപിന്നിലുള്ളത്.