നിസ്സി- സൗഹൃദത്തിന്റെ ദൂതൻ; സപ്ന അനു ബി ജോർജ്

ഇന്ന് എനിക്ക് വളരെ സങ്കടകരമായ ദിവസമാണ്, റെനി കോയിപ്പറം എഴുതിയ മെസ്സേജ് ഫെയിസ്ബുക്കിൽ വായിച്ചപ്പോഴാണ്,എന്റെ സൌഹൃദത്തിന്റെ ഓർമ്മകൾ എഴുതിച്ചേർക്കാം എന്ന ചിന്ത വന്നത്!
”ഓർമ്മകൾ സൂക്ഷിക്കുക,റെന്നി, ഒരു പ്രിയ സുഹൃത്തിനെ നഷ്ടപ്പെടുന്നത് വേദനാജനകമാണ്, പക്ഷേ അവൻ തീർച്ചയായും സന്തോഷകരമായ ഒരു സ്ഥലത്താണ്” എന്ന സുഹൃത്തിന്റെ ഉത്തരം സമാധാനത്തിന്റെ കണികകൾ എല്ലാവർക്കും നൽകി എന്ന് തോന്നി.”
ഞങ്ങളുടെ പ്രിയ സുഹൃത്ത് ജോൺ ഐ നിസ്സി എറണാകുളത്ത് കല്ലൂരിലുള്ള വീട്ടിൽ വെച്ച് ഇന്ന് രാവിലെ ഉറക്കത്തിൽ സമാധാനത്തോടെ അന്തരിച്ചു. ”കാൻസർ പരിചരണത്തിനു പേരുകേട്ട ലോകത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ യുഎസിലെ ആൻഡേഴ്സൺ കാൻസർ സെന്റെറിൽ കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
സൌഹൃദം എന്നതിന് ഒരു യഥാർത്ഥ ദൂതനായിരുന്നു നിസ്സി ജോൺ.സ്കൂളും എഞ്ചിനീയറിംഗിനുമായി തിരുവനന്തപുരത്ത് ജീവിച്ച നിസ്സി അറിയപ്പെട്ടിരുന്നത് ആ കാലത്തെ നല്ലൊരു ഷട്ടിൽ ബാറ്റ്മിന്റൻ കളിക്കാരനായിട്ടാണ്.സൌഹൃദങ്ങൾ അവിടെയും ധാരാളം നിസ്സിക്കൊപ്പം എത്തി.എഫ്എസിടി സ്കൂളിൽ ബാഡ്മിന്റൻ കളിക്കാൻ തുടങ്ങിയ അദ്ദേഹം സംസ്ഥാനതല ബാഡ്മിന്റെൻ കളിക്കാരനായി.അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ വ്യക്തിത്വവും, പുഞ്ചിരിയും, അശ്രദ്ധമായ മനോഭാവവും നിസ്സിയെ എല്ലാവർക്കും പ്രിയങ്കരനാക്കി.സ്കൂൾ തലം മുതൽ വളരെ ആത്മവിശ്വാസത്തോടെയാണ് ഈ കളിയെ അവൻ കണ്ടിരുന്നത്.കോളേജ് നാഷണൽ ലെവൽ കളിവരെ നിസ്സി എത്തിയിരുന്നു.അവിടെയും സൌഹൃദത്തിനു മുൻഗണന കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും സഹോദരൻ ഡോ.ചാക്കോ ഐ. നിബുവും,സംസ്ഥാന ബാഡ്മിന്റൻ കളിക്കാരൻ കൂടിയായിരുന്നു. ബാഡ്മിന്റനിൽ ഡെന്മാർക്കിനെ പ്രതിനിധീകരിച്ച ഭാര്യ ലെനിനെയും രണ്ട് മക്കളായ ജോഷ്വ, ജോയൽ എന്നിവരുണ്ടായിരുന്നു. മൂത്ത മകൻ ജോഷ്വ ഇത്തവണത്തെ ഒളിമ്പിക് ഗെയിംസിൽ ഡെന്മാർക്കിനെ പ്രതിനിധീകരിക്കുന്ന ഒരു കളിക്കാരനെ പരിശീലിപ്പിച്ചിരുന്നു.
വീണ്ടും റെനിയുടെ വാക്കുകളിലേക്ക് നമുക്ക് ചെല്ലാം,”ഞാനും മേരുവും ജൂലൈ 2ന് എറണാകുളത്തെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി.അവന്റെ ക്ഷീണാവസ്ഥയിലും ഞങ്ങളെ കണ്ട് സന്തോഷിച്ചു,സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിലും അവൻ ധാരാളം സംസാരിച്ചു. പക്ഷെ അവന്റെ ഈ വാക്കുകൾ ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒരു മുന്നറിയിപ്പ് പോലെ ”തന്റെ യാത്ര അതിന്റെ അവസാനത്തോട് അടുക്കുന്നു എന്ന കാര്യം പൂർണ്ണബോധത്തോടെ ഞങ്ങളോട് പറയാൻ അവൻ തീരുമാനിച്ചു എന്ന് തോന്നിപ്പോയി.
നിസ്സി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു, വർഷങ്ങളിലുടനീളം അവൻ ശക്തമായി നിലനിർത്തിയ സുഹൃത്ത്ബന്ധങ്ങൾ ധാരാളം ആയിരുന്നു. പോകുന്നിടത്തെല്ലാം ആഹ്ലാദവും വാത്സല്യവും പരത്തിക്കൊണ്ട് അവൻ എപ്പോഴും നിറഞ്ഞുനിന്നു.ഓർമ്മകൾ സൂക്ഷിക്കുന്നതിന്റെ യഥാർത്ഥ സാരഥിയായിരുന്നു നിസ്സി,ആ ഒരു സ്നേഹത്തിലേക്ക് ഇക്കാലത്തെ ഒരു ചവിട്ടുപടിയായിരുന്നു നിസ്സിയുടെ സെൽഫി പ്രേമം!ജീവിതം പൂർണ്ണമായി ആസ്വദിക്കുന്നതിൽ വിശ്വസിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്ത ഒരാളായിരുന്നു നിസ്സി.
ഞങ്ങളുടെ CET കാലത്ത്, അവൻ ഹോസ്റ്റലിൽ ആയിരുന്നു താമസിച്ചിരുന്നതെങ്കിലും, അവൻ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു, മുഴുവൻ കുടുംബവുമായും അടുത്തു എന്ന് റെനി എടുത്തു പറയുന്നു.എന്റെ വീട്ടിലേക്ക് ഓടിച്ചിരുന്ന അവന്റെ BSA ബോണ്ട്,ഒരു സ്‌ക്രാംബ്ലർ ബൈക്ക് പോലെയുള്ള ഒരു മോപ്പഡിന്റെ ശബ്ദം ഞാൻ ഇന്നും മറന്നിട്ടില്ല.ജഗതിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെപ്പോലും തനിക്ക് കേൾക്കാമായിരുന്നെങ്കിലും,അവൻ ശരിക്കും എത്താൻ 10 മിനിറ്റ് കൂടി എടുക്കുമെങ്കിൽ കൂടി ആ ബൈക്കിന്റെ ശബ്ദം നേരത്തെ കാലത്തെ ഇങ്ങെത്തുമായിരിന്നു.
കൂടെ പഠിച്ചവർ പലർക്കും നിസ്സിയുടെ ഓർമ്മകൾ ഹൃദ്യമാണ്.ജസീല ഷെറീഫിന്റെ വാക്കുകൾ “ഒരു തത്തയെപ്പോലെ പ്രസന്നവദനനായ നിസ്സി തന്റെ ചുറ്റുമുള്ള എല്ലാവരും സന്തുഷ്ടരാണെന്ന് എപ്പോഴും ഉറപ്പാക്കിയിരുന്നു. സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും കൂട്ടായ്മയിൽ ഓരോ നിമിഷവും എങ്ങനെ ആസ്വദിക്കാമെന്ന് അദ്ദേഹം കാണിച്ചുതന്നു. അവൻ വഹിക്കുന്ന അനുകരണീയമായ പുഞ്ചിരി എപ്പോഴും നമ്മോടുള്ള കരുതലും വാത്സല്യവും പ്രതിഫലിപ്പിക്കുന്നു. അങ്ങനെയാണ് ഞങ്ങൾ പ്രിയ സുഹൃത്തിനെ ഓർക്കാൻ ആഗ്രഹിക്കുന്നത്. നിബു ഇങ്ങനെ ഓർക്കുന്നു, ഞാൻ കണ്ടിട്ടുള്ളതിൽ എന്നും സന്തോഷം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു നിസ്സി. വളരെ ദയയും മൃദുവായ സംസാരവുമുള്ള ഒരു വ്യക്തി എപ്പോഴും ചിരിയിൽ നിറഞ്ഞുനിന്നിരുന്നു. മറ്റൊരാൾക്കും തോന്നുന്ന പല അവസരങ്ങളിലും അദ്ദേഹം കോപിക്കുന്നത് കണ്ടിട്ടില്ല. ജീവിതത്തിൽ എപ്പോഴും പാർട്ടിയും വിനോദവും ഇഷ്ടപ്പെടുന്ന ഒരു മനുഷ്യൻ. ഒരു ബിരുദമോ റാങ്കോ നേടുക മാത്രമല്ല ജീവിതവിജയത്തിന്റെ പരിഹാരം എന്ന് സ്വയം തെളിയിച്ച ഒരാൾ.
നിസ്സിയുടെ മൂത്ത സഹോദരി,ഒരു സംസ്ഥാന ബാഡ്മിന്റെൻ കളിക്കാരികൂടിയായ സുനി,നിസ്സിക്ക് ഒരു അനുഗ്രഹം പോലെ, ഈ ഭയാനകമായ അസുഖം കൺഫേം ചെയ്ത നിമിഷം മുതൽ അവനൊപ്പം ഉണ്ടായിരുന്നു എന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്.നിസ്സിയുടെ ആത്മാവ് നിത്യശാന്തിയിൽ വിശ്രമിക്കട്ടെ, സർവ്വശക്തൻ അവന്റെ കുടുംബത്തിന് ആ ദുഃഖത്തിൽ നിന്ന് കരകയറാൻ ശക്തി നൽകട്ടെ.
ഒരു അടിക്കുറിപ്പ്:- സീഇറ്റി അലുമിനികളിൽ വെച്ച് പരിചയപ്പെട്ട നിസ്സി,പിന്നീടങ്ങോട്ട് ബിജുവിനൊപ്പം എന്നോടുള്ള സൌഹൃദവും നിലനിർത്തി.സ്വന്തമായി ചേരുന്നതിലും,പുതുതായി ഉണ്ടാക്കിയ ഗൂപ്പുകളിലും എന്നെ ചേർക്കാൻ മറക്കാറില്ല.ആര്,എന്തു പ്രായം,എവിടെനിന്ന് എന്നൊന്നും ആരോടും ഉള്ള സൌഹൃദങ്ങളിൽ ഒരു കാരണമോ തടസ്സമോ ആയിരുന്നില്ല. ഹൃദയത്തിൽ നിന്നുള്ള ഒരു പുഞ്ചിരി എന്നും സുഹൃത്തുക്കൾക്ക് വേണ്ടി കാത്തുസൂക്ഷിച്ചിരുന്നു.ഇന്നും എന്നും സ്വർഗ്ഗത്തിൽ നിന്ന് നമ്മൾക്കായി പുഞ്ചിരിയും സ്നേഹവും നിസ്സി കരുതിവെച്ചിരിക്കും എന്ന കാര്യം,തീർച്ചയാണ്. സ്വർഗ്ഗരാജ്യത്തിന്റെ തീരങ്ങളിൽ സ്നേഹത്തിന്റെ തീരങ്ങളിൽ സന്തോഷത്തോടെ നിസ്സി കൈനീട്ടി വേവ് ചെയ്യുന്നത്,എനിക്ക് വ്യക്തമായി കാണാം.