'വീണു കിട്ടിയ ഒരു വിനോദയാത്ര '; Mary Alex (മണിയ)

Jul 10, 2025 - 16:00
Jul 10, 2025 - 16:02
 0  6
'വീണു കിട്ടിയ ഒരു വിനോദയാത്ര '; Mary Alex (മണിയ)
       ന്ധ്യയോടെ ആ വിളി വന്നു. രാവിലെ ആറു മണിക്ക് വണ്ടിയെത്തും റെഡിയായിരിക്കുക. ഇത്ര പെട്ടെന്ന് ഇങ്ങനെ തീരുമാനമാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. രാവിലെ ഒരു ആണ്ടു കുർബാനയിൽ സംബന്ധി ക്കാൻ കോതനെല്ലൂർ കന്തീശങ്ങ ളുടെ പള്ളിയിൽ പോയതാണ്.
 മക്കൾ എല്ലാവരും വന്ന് കുടുംബക്കാർ,നാട്ടുകാർ,കൂട്ടുകാരേയും ക്ഷണിച്ച് നടത്തിയ ആണ്ടു കുർബാന. തലേ വർഷം ഇതേ ദിവസം അടക്കിനു ഞങ്ങളും പോയിരുന്നു.എങ്കിലും അന്ന് എല്ലാവരെയും കാണാനോ ക്ഷേമം തിരക്കാനോ ഉള്ള അവസരം ആയിരുന്നില്ലല്ലോ.  
       സെമിത്തേരിയിലെ പ്രാർത്ഥനയും ഹാളിലെ കാപ്പിയും  കഴിഞ്ഞ് യാത്ര പറയാൻ ചെന്നപ്പോൾ അവിടെ ഫോട്ടോ യെടുപ്പ്. പാലക്കാട്ടു കാരനോട്‌ യാത്ര പറയാൻ ചെല്ലുമ്പോൾ അവിടെ ഒരു കൂടിയാലോചന നടക്കുന്നു. ഒരു പാലക്കാട്‌ ട്രിപ്പ്‌ പ്ലാൻ ചെയ്താലോ എന്ന്.
'പപ്പാ ഒറ്റയ്ക്കല്ലേ മക്കൾ ഒപ്പം ഉണ്ടെങ്കിൽ ധൈര്യം താനെ ഉണ്ടാകും പോരാഞ്ഞ് പ്രീയപ്പെട്ട കൂട്ടുകാരൻ അലക്സും വൈഫും വരും.അവർക്കും ഒരു ചാൻസ് ആകും, ചെയ്ഞ്ചും.' ഞങ്ങളും അതാഗ്രഹിച്ചിരുന്നു.
മകൻ മറുപടി പറഞ്ഞു,'പപ്പായെ പറഞ്ഞു സമ്മതിപ്പിച്ചാൽ ഞങ്ങൾ റെഡി.' ആൾ എല്ലാവരെക്കാൾ പ്രായം കൂടിയതും വടിയുടെ സഹായം കൊണ്ടു മാത്രം നടക്കുന്ന ആളും.
        ഇവിടെ ആൾ ആരെന്നും ഞങ്ങൾക്ക് ആ ആളോടുള്ള ബന്ധം എന്തെന്നും നിങ്ങളെ അറിയിക്കാതെ മുന്നോട്ടു പോകുന്നതു ശരിയല്ലല്ലോ . ഏതാണ്ട് അറുപത്തഞ്ചു വർഷം പഴക്കമുള്ള ഒരു സുഹൃത്ത് ബന്ധം. അന്ന് ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന് പഠിച്ചിരുന്ന മൂന്നു സഹപാഠികൾ. ഒരാൾ കോതനെല്ലൂർക്കാരൻ തയ്യിൽ ജേക്കബ്,മറ്റെയാൾ അയർക്കുന്നത്തുനിന്നുള്ള തെക്കേടത്ത് ചാക്കോ, മൂന്നാമൻ തിരുവഞ്ചൂർ പുളിക്കപ്പറമ്പിൽ അലക്സാണ്ടർ.കുഞ്ഞ് എന്നു വീട്ടിൽ വിളിക്കുന്ന ജേക്കബിനെയും  ജോയി എന്നു വിളിപ്പേരുള്ള എന്റെ ഭർത്താവ് അലക്സാണ്ടറേയും കണ്ടാൽ ഒരമ്മ പെറ്റ സഹോദരങ്ങളാ ണെന്നു തോന്നും.മറ്റെയാൾ അവരുടെ ബന്ധത്തിൽ പെട്ട ആരെങ്കിലുമായും .ആ രീതിയിൽ ആയിരുന്നു അവരുടെ നിറവും ശരീരഘടനകളും,മൂവരുടെയും പരസ്പരമുള്ള പെരുമാറ്റങ്ങളും.
       ആ ത്രിമൂർത്തികളുടെ മഹത്തായ സൗഹൃദത്തിന്റെ ചുരുൾ പല പ്രാവശ്യമായി എന്നെ നിവർത്തി കാണിച്ചിട്ടുള്ളത് ഞാനോർക്കുന്നു. കമ്പയ്ൻ സ്റ്റഡിയായും,സിനിമകാഴ്ചയായുംസഹോദരങ്ങളുടെ വിവാഹമായും ഓരോരുത്തരുടെ  വീടുകളിൽ ഒത്തു കൂടാറുള്ളതും അവിടെ മറ്റു രണ്ടു പേർക്കുമുള്ളസ്വാതന്ത്ര്യവും അവകാശവും,മാതാപിതാക്കൾക്ക് അവരോടും അവർക്ക് ആ മാതാപിതാക്കളോടും ഉള്ള സ്നേഹവാത്സല്യങ്ങളും തികച്ചും കോരിത്തരിപ്പിക്കുന്ന ഓരോ അനുഭവങ്ങളായിരുന്നു.ആ കൂട്ടുകാർ തമ്മിലുള്ള അടുപ്പം അയർക്കുന്നത്തുകാരൻ ചാക്കോയുടെ സഹോദരിയെ കോതനെല്ലൂർക്കാരന്റെ  സഹോദരനുമായുള്ള വിവാഹത്തിൽ വരെ എത്തിച്ചു.
ടി ടി സി പാസ്സായ മൂവർക്കും ഒരേ പ്രൈവറ്റ് സ്കൂളിൽ താത്കാലിക
നിയമനം ലഭിച്ച് അവർ മൂവരും ഊന്നുകല്ലിൽ താമസവും ആക്കി 
       .കാലം പിന്നിട്ടു. എല്ലാവരും  ടീച്ചർ പോസ്റ്റിനായി പി എസ് സി ടെസ്റ്റ്‌ എഴുതിയിരുന്നു. ഇതിനിടയിൽ കോതനെല്ലൂർ ക്കാരൻ ഒപ്പം പഠിച്ച മോളി എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. എല്ലാവർക്കും ഗവണ്മെന്റ സ്കൂളിൽ ജോലി കിട്ടി.ഒരാൾക്ക് കുട്ടമ്പുഴയിലും പിന്നീട് വൈക്കത്തും, അടുത്ത ആൾക്ക് ഏറ്റുമാനൂരും. അദ്ദേഹം ഭാര്യക്കും അവിടെത്തന്നെ ജോലി തരപ്പെടുത്തി ഏറ്റുമാനൂർ തന്നെ താമസവുമാക്കി.വൈക്കംകാരൻമാതാപിതാക്കളുടെ സംരക്ഷണം മുൻ നിർത്തി വീട്ടിനടുത്തുള്ള കുട്ടികളുടെ ജയിലായ ബാലമന്ദിരം എന്നറിയപ്പെട്ടിരുന്ന ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിലേക്ക് ട്രാൻസ്ഫർ വാങ്ങി.
ചാക്കോച്ചൻ എന്നു സ്നേഹപൂർവ്വം വിളിക്കുന്ന ചാക്കോ ഹൈസ്കൂളിൽ ഒപ്പം പഠിച്ച ഏതോ സാഹപാഠികൾ മാടി വിളിച്ച് പാലക്കാട്‌ ഡിസ്ട്രിക്റ്റിലേക്ക് ചേക്കേറി. അവിടെ ഗവണ്മെന്റ് എയ്ഡഡ്  സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു.
        മൂവർക്കും ഒരിക്കൽ കൂടി ഒരുമിച്ചു പഠിക്കണമെന്നൊരു തോന്നൽ.സി എം എസ് കോളേജിൽ അന്ന് ഡിഗ്രിക്ക് ഈവനിംഗ് ക്ലാസ് ഉണ്ട്. രണ്ടു പേർ അവിടെ ചേർന്നു.പാലക്കാട്ടു കാരൻ അവിടെ തന്നെ ഡിസ്റ്റന്റ് എഡ്യൂക്കേഷനിലും. അലക്സാണ്ടർ എന്ന ആൾ ഡിഗ്രിക്കു പഠിച്ചു കൊണ്ടിരുന്നപ്പോൾ വിവാഹം. അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യയായി ഞാനും പിന്നാലെ ചക്കോച്ചന്റെ ഭാര്യയായി മാർത്താണ്ഡംകാരി സോഫിയും ആ സൗഹൃദക്കൂട്ടായ്മയിലേക്ക് ചേർക്കപ്പെട്ടു.ചാക്കോച്ചൻ പഠനം ഒരു സപര്യയായി സ്വീകരിച്ച് മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി എഡും പഴയ പടി ഡിസ്റ്റന്റ് എഡ്യൂക്കേഷനിലൂടെ എം എ യും കരസ്ഥമാക്കി സ്കൂളിന്റെ ഹെഡ്മാസ്റ്ററും ഒരു കോളേജിൽ ഗസ്റ്റ് ലെക്ചററും ആയി ജീവിതം ഭദ്രമാക്കി.
അലക്സാണ്ടറും മൈസൂറിൽ ബി എഡ് കോഴ്സിനു ചേർന്ന് പഠനം പൂർത്തിയാക്കിയെങ്കിലും കുടുംബ ഭദ്രത കണക്കിലെടുത്ത് അത് റെക്കോർഡിൽ ആക്കിയില്ല. ഡിഗ്രിയുള്ളവർക്ക് പ്രൊമോഷൻ മൂലം ട്രാൻസ്ഫർ ഉണ്ടാകും.
 .   ഓരോ വീട്ടിലെയും പ്രത്യേക അവസരങ്ങളിൽ മൂവരും ഒത്തു കൂടിക്കൊണ്ടു തന്നെ കാലം മുന്നോട്ടു നീക്കി. സ്ഥലങ്ങൾ തമ്മിൽ കൂടുതൽ അടുപ്പം തിരുവഞ്ചൂരും ഏറ്റുമാനൂരും ആയതിനാൽ അവർ തമ്മിൽ മിക്കവാറും കൂടിക്കാഴ്ചകളും വിശേഷങ്ങൾ പങ്കു വയ്ക്കലും മുറയ്ക്ക് നടന്നു. പാലക്കാട്‌ ദൂരം ഏറെ  ആയതിനാൽ അവിടേക്ക്  പോക്ക് വളരെ വിരളം. എന്നാൽ  സ്വന്തം വീട് അയർക്കുന്നത്തായ തിനാൽ  വീട്ടു വിശേഷങ്ങൾക്കും, ബന്ധുത കണക്കിലെടുത്ത് കോതനെല്ലൂർക്കും ആ ആളുടെ ഇങ്ങോട്ടുള്ള വരവായിരുന്നു കൂടുതൽ. വരുമ്പോഴേല്ലാം അങ്ങോട്ടു ക്ഷണവും ഉണ്ടാവും. അവരുടെ സ്ഥലത്തെ പറ്റിയുള്ള വിവരണത്തോടെ.മനസ്സിൽ അന്നു മുതലുള്ള ആഗ്രഹമാണ് നെല്ലിയാമ്പതി ഒന്നു പോയി കാണണമെന്ന്.
       കാലം മുന്നോട്ടു പൊയ് ക്കൊണ്ടിരുന്നു.ആദ്യം വിവാഹം കഴിച്ച ആൾക്കും, ഞങ്ങൾക്കും മുമ്മൂന്നു കുട്ടികൾ, രണ്ടാണും ഒരു പെണ്ണും. മൂന്നാമത്തെ ആൾക്ക് ഒരു പെണ്ണും ഒരാണും.
എല്ലാവരുടെയും മക്കൾ വളർന്ന് വിദേശങ്ങളിലും അല്ലാതെയും ജോലിയിൽ കയറി,വിവാഹിതരും അവർക്ക് മക്കളും ആയി.മൂന്നു സുഹൃത്തുക്കളും  ഭാര്യമാരും ജോലിയിൽ നിന്നും വിരമിച്ചു. ഞങ്ങൾക്ക് രണ്ടാമൻ വീടു വച്ചു തന്ന് പുതിയ വീട്ടിലേക്ക് താമസിപ്പിച്ച് അവർ യു കെ ക്ക് തിരികെ പോയി.ജേക്കബ് സാർ ഏറ്റുമാനൂർ നിന്ന് കോതനെല്ലൂർ തന്നെ പുതിയ വീടു വച്ച് അങ്ങോട്ടു മാറി . പാലക്കാട്ടുകാരൻ നെന്മാറയിൽ നാലേക്കർ സ്ഥലം വാങ്ങി പുതിയ വീടു വച്ച് ഇരുപതു വർഷത്തോളം താമസിച്ച  നെല്ലിയാമ്പതി പാടിഗിരിയിലെ പഴയ വീട് പുതുക്കി ഒരു റിസോർട്ടാക്കി.
മെറി ലാൻഡ് റിസോർട്ട്. നെല്ലിയാമ്പതി കാണാൻ പോകുന്ന ആർക്കും ഈ റിസോർട്ട് ഒരനുഗ്രഹമായിരിക്കും.
        ഇടയ്ക്കെപ്പോഴോ മോളിക്ക് സ്ട്രോക്ക് വന്ന് ചികിത്സയും ആശുപത്രി വാസവുമായി ആ ദമ്പതികൾ വല്ലാതെ വലഞ്ഞു. മക്കൾ ലീവെടുത്തും അല്ലാതെയും  നാട്ടിൽ വന്നു നിന്ന് അമ്മയെ ശുശ്രൂഷിച്ചു പൊയ്ക്കൊണ്ടിരുന്നു .നീണ്ട 24 വർഷങ്ങൾ അദ്ദേഹം ഒരു ഹോം നഴ്സിനെ പോലും വയ്ക്കാതെ പൊന്നു പോലെ ആ പാവത്തിനെ നോക്കി ശുശ്രുഷിച്ചു എന്നത് പറയാതെ വയ്യ.2023 നവംബർ പതിനാലിനു  ആ സ്നേഹധന അദ്ദേഹത്തെയും കുട്ടികളെയും കുടുംബത്തെയും കൂട്ടുകാരെയും വിട്ടു യാത്രയായി.
        
                                         തുടരും