രാഷ്ട്രപതിയുടെ മാളികപ്പുറം ക്ഷേത്ര ദർശന ചിത്ര വിവാദം; ചിത്രം എക്സിൽനിന്ന് നീക്കി രാഷ്ട്രപതിഭവൻ

Oct 22, 2025 - 20:33
 0  4
രാഷ്ട്രപതിയുടെ മാളികപ്പുറം ക്ഷേത്ര ദർശന ചിത്ര വിവാദം; ചിത്രം എക്സിൽനിന്ന് നീക്കി രാഷ്ട്രപതിഭവൻ

പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശനത്തിനിടെ മാളികപ്പുറം ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന ചിത്രം വിവാദമായതിനെ തുടർന്ന് രാഷ്ട്രപതിഭവന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമാകുകയായിരുന്നു. ക്ഷേത്രത്തിലെ അകത്തെ ദൃശ്യം പൊതുവിൽ പങ്കുവെച്ചതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായ വിമർശനമുയർന്നു.

വിമർശനങ്ങൾ ശക്തമായതിനെ തുടർന്ന് ചിത്രം പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ശബരിമല ദർശനം പൂർത്തിയാക്കിയ രാഷ്ട്രപതി വൈകിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തി. ഗവർണർ രാഷ്ട്രപതിയുടെ ബഹുമാനാർത്ഥം ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്തു. നാലുദിവസത്തെ കേരള സന്ദർശനത്തിനാണ് രാഷ്ട്രപതി എത്തിയിരിക്കുന്നത്.

അതേസമയം, രാഷ്ട്രപതിയുടെ യാത്രാ സംഘത്തിനായി ഒരുക്കിയ ഹെലികോപ്റ്റർ നിലത്തിറക്കുന്നതിനിടെ കോൺക്രീറ്റിട്ട ഭാഗത്ത് അല്പം താഴ്ന്നെങ്കിലും ജീവനക്കാരുടെ സഹായത്തോടെ അത് സുരക്ഷിതമായി മാറ്റുകയായിരുന്നു. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു.

നാളെ രാവിലെ 10.30ന് രാജ്ഭവനിൽ മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാഛാദനം രാഷ്ട്രപതി നിർവഹിക്കും. ഉച്ചയ്ക്ക് ശിവഗിരിയിൽ ശ്രീനാരായണ ഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നടത്തും. തുടർന്ന് പാലാ സെന്റ് തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി സമാപന ചടങ്ങിലും കുമരകത്ത് താമസത്തിലും പങ്കെടുക്കും. ഒക്ടോബർ 24ന് കൊച്ചി സെന്റ് തെരേസാസ് കോളേജിലെ ശതാബ്ദി ആഘോഷ പരിപാടിയിൽ പങ്കെടുത്ത് വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങും.