പ്രതീക്ഷകൾ: കവിത, ശ്രീനി നിലമ്പൂർ

Jun 25, 2022 - 13:57
Mar 9, 2023 - 12:23
 0  102
  പ്രതീക്ഷകൾ:  കവിത,  ശ്രീനി നിലമ്പൂർ

 

ഭഗ്ന സ്വപ്നങ്ങളേ നിങ്ങൾക്കു മുമ്പു ഞാൻ
അഗ്നി താണ്ടി,
ക്കടക്കട്ടെ കാടകം.

ജീവിതക്കടും തിക്തം രുചിച്ച ഞാൻ കവിത 
നോവിൻ കാന്താരദുഗ്ധം ത്യജിക്കട്ടെ.

ദുഃഖ ബാഷ്പം കടഞ്ഞ കണ്ണിൽ,ക്കനൽ
കെട്ടുപോകില്ല,തു ദീർഘദർശിയാം.

സപ്ത സിന്ധുക്കളേ നിങ്ങൾ തൻ നൈർമ്മല്യം
ദീപ്തസന്ധ്യയ്ക്കു തീർത്ഥം തളിയ്ക്കട്ടെ.

മുഗ്ധഹാസം പൊഴിക്കും പ്രതീക്ഷകൾ
ചക്രവാളം ജ്വലിപ്പിച്ചുണരുന്നു.

ദുഃഖ സാഗരം നീന്തിക്കടന്നെത്തും
മർത്യനല്ലോ വിജയിപ്പു ജീവിതം.