ലോക്സഭ സുരക്ഷാ വീഴ്ച: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി; പരിചയപ്പെട്ടത് ഫേസ്‍ബുക്ക് വഴി

ലോക്സഭ സുരക്ഷാ വീഴ്ച: പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തി; പരിചയപ്പെട്ടത് ഫേസ്‍ബുക്ക് വഴി

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ചയില്‍ യു.എ.പി.എ പ്രകാരം കേസെടുത്തെന്ന് ഡല്‍ഹി പൊലീസ്. പ്രതികള്‍ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴിയാണെന്ന് സൂചനയുണ്ട്. പിടിയിലായ അഞ്ച് പേരെയും വിശദമായി ചോദ്യം ചെയ്യും. തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷകപ്രശ്നം, മണിപ്പൂര്‍ വിഷയങ്ങളിലുള്ള പ്രതിഷേധമാണുണ്ടായതെന്നാണ് പ്രതികളുടെ മൊഴി. ഇതിനായി, മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുണ്ടായെന്നാണ് വിലയിരുത്തല്‍. വിവിധ ട്രെയിനുകളിലൂടെയാണ് ഇവര്‍ ഡല്‍ഹിയിലെത്തുന്നത്.ജനുവരി മാസത്തിലാണ് ഇവര്‍ ഗൂഢാലോചന തുടങ്ങിയത്. അതിനിടെ പ്രതികളിലൊരാള്‍ പാര്‍ലമെന്റിലെത്തുകയു സ്ഥിതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പാര്‍ലമെന്‍റിനകത്ത് വെച്ച്‌ പ്രതിഷേധിച്ച ഉത്തര്‍പ്രദേശ് സ്വദേശി സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശിയും എൻജിനിയറിങ് വിദ്യാര്‍ഥിയുമായ മനോരഞ്ജൻ,പാര്‍ലമെന്‍റിന് പുറത്ത് വെച്ച്‌ പ്രതിഷേധിച്ച അമോല്‍ ഷിൻഡെ,നീലം എന്നിവരെ ഇന്നലെത്തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാത്രിയോടെയാണ് ഇവരുടെ കൂടെയുണ്ടായിരുന്ന ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ഝായെ പൊലീസ് പിടികൂടുന്നത്. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികള്‍ ഒന്നിച്ച്‌ താമസിച്ചതെന്നും പൊലീസ് പറയുന്നു. ബംഗാള്‍ സ്വദേശി വിക്കി എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് ആക്രമണത്തിന്റെ 22 മത്തെ വാര്‍ഷികത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് രണ്ടുപേര്‍ സന്ദര്‍ശക ഗാലറിയില്‍ നിന്നും മുദ്രാവാക്യം മുഴക്കിക്കൊണ്ട് എംപിമാരുടെ ഇടയിലേക്ക് ചാടി ഇറങ്ങിയത്. ബുധനാഴ്ച ഉച്ചയ്ക്ക് സഭ പിരിയുന്നതിനു മുൻപായി ഒരു മണിക്ക് ശൂന്യവേള നടക്കുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ സംഭവം . ഷൂസില്‍ ഒളിപ്പിച്ചു വച്ച സ്‌മോക് സ്‌പ്രേ ലോക്‌സഭയില്‍ ഉയര്‍ത്തി വിടുകയും ചെയ്തു.